വെല്ലിങ്ടണ്‍: പേസര്‍മാരുടെ പറുദീസയായി മാറിയ, ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. മഴയെ തുടര്‍ന്ന് കളി പാതിവഴിയിൽ ഉപേക്ഷിച്ച മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ നാലു റണ്‍സിനാണ് ജയിച്ചത്. ന്യൂസിലന്‍ഡിനെ 134 റണ്‍സ് എന്ന ചുരുങ്ങിയ സ്‌കോറിന് എറിഞ്ഞിട്ട ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ 26 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് മഴ എത്തിയത്.
ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡ് പേസര്‍മാര്‍ 'തീ തുപ്പുന്ന' കാഴ്ചയാണ് കണ്ടത്. അനായാസം ജയിക്കാമെന്ന് കരുതി ബാറ്റിങ്ങിനായി ക്രീസില്‍ എത്തിയ ഇന്ത്യന്‍ ടീമിനെ ഞെട്ടിച്ച് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെയും കോഹ്ലിയെയും രോഹിത് ശര്‍മയെും കൂടാരം കയറ്റി. വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന് പൊരുതിയ കെ എല്‍ രാഹുലാണ് ടീമിന് രക്ഷയായത്. ഡഫിയുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് ഗില്‍ കൂടാരം കയറിയത്. കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കോഹ്ലിക്ക് ഇന്ന് ഫോമിലേക്ക് ഉയരാന്‍ സാധിച്ചില്ല. ഡഫി തന്നെയാണ് കോഹ്ലിയെ പുറത്താക്കി ന്യൂസിലന്‍ഡിന് പ്രതീക്ഷ നല്‍കിയത്.
പഴയ ഫോമിലേക്ക് തിരിച്ചുവന്നു എന്ന് തോന്നിപ്പിച്ച രോഹിത് ശര്‍മ്മ 28 പന്തില്‍ 23 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് ഔട്ടായത്. ഇന്നിങ്‌സില്‍ രണ്ടു സിക്‌സ് ഉള്‍പ്പെടുന്നു. തുടര്‍ന്ന് വന്ന ശ്രേയസ് അയ്യര്‍ 46 പന്തില്‍ 30 റണ്‍സ് നേടി ഇന്ത്യന്‍ ടീമിന് പ്രതീക്ഷ പകര്‍ന്നു. പിന്നീട് ക്രീസില്‍ ഉറച്ചുനിന്ന കെഎല്‍ രാഹുലാണ് ടീമിനെ നൂറ് കടത്തി മുന്നോട്ടുനയിച്ചത്. പേസർമാർക്ക് അനുകൂലമായ, ബാറ്റിങ്ങിന് ദുഷ്കരമായ പിച്ചിൽ രാഹുൽ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. 38 പന്തിൽ 26 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് 41 ഓവറില്‍ 134 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 30 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ നേടിയ ഗുര്‍ണൂര്‍ ബ്രാര്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. കിവീസിന് ഇന്നിങ്സ് തുടക്കത്തിലെ വിക്കറ്റ് വീണു. അക്വിബ് നബി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ന്യൂസിലന്‍ഡിന് ടിം സെയ്‌ഫെര്‍ട്ടിനെ നഷ്ടമായി. ഇന്നിങ്സിന്റെ ആറാമത്തെ ഓവറില്‍ ആറ് റണ്‍സെടുത്ത വില്‍ യങിനെയും നബി തന്നെ പുറത്താക്കി. 11 റണ്‍സെടുക്കുന്നതിനിടെ രണ്ട വിക്കറ്റുകള്‍ നഷ്ടമായതോടെ കിവീസ് സമ്മര്‍ദത്തിലായി.
സ്‌കോര്‍ 23 ല്‍ നില്‍ക്കെ അടുത്ത വിക്കറ്റും വീണു. ഇത്തവണ കംബോജിനായിരുന്നു വിക്കറ്റ്, 26 പന്തില്‍ 11 റണ്‍സെടുത്ത ഹെന്റി നിക്കോള്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് കംബോജ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 22 പന്തില്‍ നിന്ന് 7 റണ്‍സെടുത്ത ടോം ലാതത്തെ നമന്‍ ധിര്‍ പുറത്താക്കി. ആ ഓവറില്‍ തന്നെ ഗ്ലെന്‍ ഫില്പ്സ്(0) മടങ്ങിയതോടെ 20 ഓവറില്‍ 53 ന് 5 എന്ന നിലിലേക്ക് വീണു ന്യൂസിലന്‍ഡ്. മറുവശത്ത് 104 പന്തില്‍ നിന്ന് 55 റണ്‍സെടുത്ത് ചെറുത്ത് നില്‍പ് നടത്തിയ ഡാരില്‍ മിച്ചെലിനെ അക്ഷര്‍ പട്ടേലും പുറത്താക്കി. 112 ന് ആറ് എന്ന നിലയിലേക്ക് വീണ കിവീസിനായി വാലറ്റത്തിനും ചെറുത്ത് നില്‍ക്കാനായില്ല. 119ന് 7, 127 ന് 8, 132 ന് 9, 134 ന് 10 എന്നിങ്ങനെ വിക്കറ്റുകള്‍ വീണതോടെ കിവീസ് ഇന്നിങ്സിന്റെ ആയുസ് തീര്‍ന്നു.
ഇന്ത്യയ്ക്കായി പേസര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 10 ഓവര്‍ എറിഞ്ഞ് 30 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ നേടിയ ഗുര്‍ണൂര്‍ ബ്രാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അര്‍ഷദീപ് സിങ് -രണ്ട്, അക്വിബ് നബി -രണ്ട്, അക്ഷര്‍ പട്ടേല്‍ -രണ്ട്, എന്നിവര്‍ വിക്കറ്റുകള്‍ നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates