ഹരാരെ: ത്രിരാഷ്ട്ര ടി20 പരമ്പരയുടെ ഫൈനലിൽ അവിശ്വസനീയ തോൽവി വഴങ്ങി ദക്ഷിണാഫ്രിക്ക. പടിക്കൽ കലടമുടയ്ക്കുന്ന ശീലം തങ്ങളെ വിട്ടു പോയിട്ടില്ലെന്നു തെളിയിക്കുന്ന പ്രകടനമായിരുന്നു ന്യൂസിലൻഡിനെതിരെ പ്രോട്ടീസ് പുറത്തെടുത്തത്. അവസാന ഓവറിൽ 7 റൺസ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്. കൈയിൽ ആറ് വിക്കറ്റുകളും ശേഷിച്ചിരുന്നു.
എന്നാൽ മാറ്റ് ഹെൻറി എറിഞ്ഞ അവസാന ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 3 റൺസ് മാത്രമാണ് ബോർഡിൽ ചേർക്കാനായത്. കിവികൾക്ക് 3 റൺസിന്റെ ത്രില്ലർ ജയം. ഒപ്പം കിരീടവും. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. പ്രോട്ടീസിന്റെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തിൽ 177 റൺസിൽ അവസാനിച്ചു. സിംബാബ്‍വെയായിരുന്നു ടൂർണമെന്റിലെ മറ്റൊരു ടീം.
അവസാന ഓവർ എറിയാൻ ഹെൻറി എത്തുമ്പോൾ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തിരുന്നു. ക്രീസിൽ 14 പന്തിൽ 31 റൺസോടെ ഡെവാൾഡ് ബ്രവിസ്. മറുഭാഗത്ത് 10 റൺസുമായി ജോർജ് ലിൻഡെ. കൂറ്റനടിക്കാരനായ ബ്രവിസ് ഓവർ തീരും മുൻപ് കളി തീർക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആദ്യ പന്ത് ഷോട്ട് പിച്ചായി വന്നു. അതിൽ താരത്തിനു റൺസ് നേടാനായില്ല. രണ്ടാം പന്തിൽ ബ്രവിസിനെ മടക്കി ഹെൻറി ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. മൈക്കൽ ബ്രെയ്സ്‍വെലിന് ക്യാച്ച് നൽകിയാണ് ബ്രവിസ് മടങ്ങിയത്.
പിന്നീട് ക്രീസിലെത്തിയത് യുവ താരങ്ങളിൽ ശ്രദ്ധേയനായ കോർബിൻ ബോഷ്. മൂന്നാം പന്തിൽ ബ്രെയ്സ്‍വെൽ ക്യാച്ച് മിസാക്കിയതോടെ 2 റൺസ് ഓടിയെടുത്തു. അടുത്ത 3 പന്തിൽ 5 റൺസായി ലക്ഷ്യം. നാലാം പന്തിൽ ബോഷിന്റെ സിംഗിൾ. 2 പന്തിൽ ജയം 4 റൺസ് അകലെ. അഞ്ചാം പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച് ലിൻഡെ പുറത്ത്. ലോങ് ഓണിൽ ഡാരിൽ മിച്ചലിന്റെ കിടിലൻ ക്യാച്ച്. അവസാന പന്തിൽ 4 റൺസായി പ്രോട്ടീസിന്റെ ലക്ഷ്യം. എട്ടാമനായി എത്തിയ സെനുരൻ മുത്തുസാമിക്ക് പക്ഷേ റൺസെടുക്കാനായില്ല. കിവികളുടെ 3 റൺസിന്റെ അമ്പരപ്പിക്കുന്ന ജയം.
നേരത്തെ ലോന്‍ഡ്രെ പ്രിട്ടോറിയസിന്റെ അര്‍ധ സെഞ്ച്വറി (51) ബലത്തിലാണ് ദക്ഷിണാഫ്രിക്ക മുന്നോട്ടു പോയത്. റീസ ഹെന്‍ഡ്രിക്‌സുമായി ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടില്‍ 92 റണ്‍സ് ചേര്‍ത്താണ് പ്രിട്ടോറിയസിന്റെ മടക്കം. അപ്പോഴേക്കും പ്രോട്ടീസ് വിജയത്തിനുള്ള അടിത്തറിയിട്ടിരുന്നു. ഹെന്‍ഡ്രിക്‌സ് 37 റണ്‍സുമായി മടങ്ങി.
പിന്നീടാണ് ബ്രവിസ് ഒരറ്റം കാത്ത് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തത്. എന്നാല്‍ അവസാന ഓവറില്‍ താരം മടങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത അടിയായി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനായി ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര എന്നിവര്‍ 47 വീതം റണ്‍സെടുത്തു. ഓപ്പണര്‍ ടിം സീഫെര്‍ട് 30 റണ്‍സും കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates