Niroshan Dickwella and Sonal Dinusha x
Sports

ഇന്ത്യയെ പരീക്ഷിച്ച് ദിനുഷ- ഡിക്ക്‌വെല്ല സഖ്യം; ലങ്ക തിരിച്ചടിക്കുന്നു

സോനല്‍ ദിനുഷയ്ക്കും നിരോഷന്‍ ഡിക്ക്‌വെല്ലയ്ക്കും അര്‍ധ സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഗാലെ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ശ്രീലങ്ക തുടക്കത്തിലെ തകര്‍ച്ച മറികടന്ന് പൊരുതുന്നു. ആറാം വിക്കറ്റില്‍ ഒന്നിച്ച് സോനല്‍ ദിനുഷ- നിരോഷന്‍ ഡിക്ക്‌വെല്ല സഖ്യം ക്രീസില്‍ ഉറച്ചു നിന്ന് പൊരുതുന്നു. ഇരുവരും അര്‍ധ സെഞ്ച്വറി പിന്നിട്ടു.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ലങ്ക 5 വിക്കറ്റ് നഷ്ടത്തില്‍ 200 കടന്നു. ഡിക്ക്‌വെല്ല 66 റണ്‍സുമായും ദിനുഷ 62 റണ്‍സുമായും ക്രീസില്‍.

പതറിയാണ് ലങ്ക തുടങ്ങിയത്. ആദ്യ സെഷനില്‍ വീണ അഞ്ചില്‍ നാല് വിക്കറ്റുകളും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ സ്വന്തമാക്കി. ഇന്ത്യ സ്പിന്‍ കെണി മുറുക്കിയാണ് ലഞ്ചിനു പിരിഞ്ഞത്. ഇന്ത്യയെ 462ല്‍ പുറത്താക്കിയാണ് ശ്രീലങ്ക ബാറ്റിങ് തുടങ്ങിയത്. ഇന്ത്യക്കായി മാനവ് സുതര്‍ 2 വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ലങ്ക തുടക്കം തന്നെ ഞെട്ടി. ഇന്നിങ്‌സ് തുടങ്ങി രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ നിഷാന്‍ മധുഷ്‌കയുടെ വിക്കറ്റ് ആതിഥേയര്‍ക്ക് നഷ്ടമായി. മുഹമ്മദ് സിറാജിന്റെ പന്തില്‍ ദേവ്ദത്ത് പടിക്കല്‍ ക്യാച്ചെടുത്ത് താരം പുറത്തായി. 2 പന്തില്‍ 0 റണ്‍സെടുത്താണ് മടക്കം. ഇന്ത്യ ആശിച്ച തുടക്കമാണ് സിറാജിലൂടെ ലഭിച്ചത്.

പിന്നീട് മത്സരത്തിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലായിരുന്നു ലങ്ക. സ്പിന്നര്‍മാര്‍ പന്തെടുത്തതോടെ പക്ഷേ അവരുടെ കണക്കുകൂട്ടല്‍ തെറ്റി. സ്‌കോര്‍ 27ല്‍ നില്‍ക്കെ വെറ്ററന്‍ താരം ദിനേശ് ചാന്‍ഡിമലിനെ (4) വീഴ്ത്തി മാനവ് സുതര്‍ ലങ്കയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി.

മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ലഹിരു ഉദാരയ്ക്ക് കൂട്ടായി കാമിന്ദു മെന്‍ഡിസ് വന്നു. ഇരുവരും ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കുമെന്നു തോന്നിച്ചു. എന്നാല്‍ മാനവ് സുതര്‍ അടുത്ത പ്രഹരവുമായി വീണ്ടും പന്തെടുത്തു. താരം ഉദാരയെ യശസ്വി ജയ്‌സ്വാളിന്റെ കൈയില്‍ എത്തിച്ചു. 44 പന്തില്‍ 6 ഫോറുകള്‍ സഹിതം 27 റണ്‍സെടുത്ത് ഉദാര പുറത്ത്.

കാമിന്ദു മെന്‍ഡിസും ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വയും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നതിനിടെ കാമിന്ദു മെന്‍ഡിസിനെ പുറത്താക്കി കുല്‍ദീപ് ലങ്കയെ വീണ്ടും കുടുക്കി. താരം 14 റണ്‍സുമായി മടങ്ങി. ലങ്കയ്ക്ക് 59 റണ്‍സിനിടെ 4 വിക്കറ്റുകള്‍ നഷ്ടം.

അഞ്ചാം വിക്കറ്റില്‍ ധനഞ്ജയ സോനല്‍ ദിനുഷയെ കൂട്ടുപിടിച്ച് ഇന്നിങ്‌സിനെ നയിച്ചു. സഖ്യം പതിയെ പതിയെ മുന്നേറുന്നതിനിടെ നായകനും വീണു. പന്തെടുത്ത രവീന്ദ്ര ജഡേജ ധനഞ്ജയയെ കെഎല്‍ രാഹുലിന്റെ കൈയില്‍ വിശ്രമിക്കാന്‍ വിട്ടു. ലങ്കന്‍ ക്യാപ്റ്റന്‍ 41 പന്തില്‍ 21 റണ്‍സെടുത്തു മടങ്ങി.

മൂന്നാം ദിനം 9 വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 2 റണ്‍സ് കൂടിയെ ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചുള്ളു. അസിത ഫെര്‍ണാണ്ടോ പ്രസിദ്ധ് കൃഷ്ണയെ പുറത്താക്കിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു തിരശ്ശീലയിട്ടത്. കളി അവസാനിക്കുമ്പോള്‍ 13 റണ്‍സുമായി കുല്‍ദീപ് യാദവ് പുറത്താകാതെ നിന്നു. പ്രസിദ്ധ് 2 റണ്‍സുമായാണ് മടങ്ങിയത്.

നേരത്തെ ദേവ്ദത്ത് പടിക്കല്‍ നേടിയ ഉജ്ജ്വല സെഞ്ച്വറിയുടേയും കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറിയാണ് ദേവ്ദത്ത് ഗാലെയില്‍ ഉയര്‍ത്തിയത്.

മഴയെ തുടര്‍ന്നു വൈകിയാണ് രണ്ടാം ദിനത്തിലെ പോരാട്ടം തുടങ്ങിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. സ്‌കോര്‍ 307ല്‍ നില്‍ക്കെ ഋഷഭ് പന്ത് പുറത്തായി. താരം 62 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 39 റണ്‍സെടുത്തു.

പിന്നാലെ ഒന്നാം ദിനത്തില്‍ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ കെഎല്‍ രാഹുല്‍ തിരിച്ചെത്തി ബാറ്റിങ് പുനരാരംഭിച്ചു. എന്നാല്‍ താരം സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിനിടെ വീണു. സ്‌കോര്‍ 319ല്‍ നില്‍ക്കുമ്പോഴാണ് രാഹുലിന്റെ മടക്കം. താരം 175 പന്തില്‍ 10 ഫോറും ഒരു സിക്സും സഹിതം 82 റണ്‍സെടുത്തു പുറത്തായി.

സ്‌കോര്‍ 357 റണ്‍സിലെത്തിയപ്പോഴാണ് ദേവ്ദത്തിന്റെ മടക്കം. പ്രഭാത് ജയസൂര്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെല്ല താരത്തെ സ്റ്റംപ് ചെയ്തു മടക്കുകയായിരുന്നു. ശ്രീലങ്ക രണ്ട് ദിവസമായി മിനക്കെടുന്ന വിക്കറ്റാണ് അവര്‍ സ്വന്തമാക്കിയത്. മൂന്നാമനായി ക്രീസിലെത്തിയ താരം 134 പന്തിലാണ് തന്റെ കന്നി ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയത്. 230 പന്തില്‍ 15 ഫോറും ഒരു സിക്സും സഹിതം 167 റണ്‍സെടുത്തു നില്‍ക്കെയാണ് മിന്നും ഇന്നിങ്സിനു തിരശ്ശീല വീണത്.

പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജയ്ക്ക് അധികം ആയുസുണ്ടായില്ല. താരം 13 റണ്‍സുമായി പുറത്തായി. പിന്നീട് ധ്രുവ് ജുറേലിനൊപ്പം ക്രീസില്‍ ഒന്നിച്ച മാനവ് സുതര്‍ സ്‌കോര്‍ 400 കടത്താന്‍ സഹായിച്ചു. അതിനിടെ ധ്രുവ് ജുറേല്‍ അര്‍ധ സെഞ്ച്വറി നേടി. താരം 68 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 51 റണ്‍സ് കണ്ടെത്തിയാണ് മടങ്ങിയത്. സ്‌കോര്‍ 447ല്‍ നില്‍ക്കെ മാനവ് സുതര്‍ (24), മുഹമ്മദ് സിറാജ് (11) എന്നിവര്‍ തുടരെ പുറത്തായി.

ശ്രീലങ്കക്കായി പ്രതീക്ഷിച്ച പോലെ തന്നെ പ്രഭാത് ജയസൂര്യ തന്നെയാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നിന്നത്. താരം 4 ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി. ദേവ്ദത്ത് പടിക്കലിനെ ഉള്‍പ്പെടെ മടക്കി ടീമിനു നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കിയതും ജയസൂര്യ തന്നെ. കേശര നുവന്ത 3 വിക്കറ്റും അസിത ഫെര്‍ണാണ്ടോ 2 വിക്കറ്റും വീഴ്ത്തി.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യക്കായി യശസ്വി ജയ്‌സ്വാളും കെഎല്‍ രാഹുലും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 37 പന്തില്‍ 32 റണ്‍സ് നേടിയ ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 77 റണ്‍സ് നേടിയ രാഹുല്‍, പരിക്കേറ്റതോടെ ബാറ്റിങ് തുടരാനാകാതെ ക്രീസ് വിട്ടു. നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ (16) വിക്കറ്റും ഇന്ത്യക്ക് ആദ്യ ദിനത്തില്‍ നഷ്ടമായി.

India remain firmly in control after reducing Sri Lanka to 53/5, but Niroshan Dickwella and Sonal Dinusha have offered valuable resistance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ കുടുങ്ങി? ; ജോലിയില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തി

പാവറട്ടിയിൽ ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

വാട്സ്ആപ്പിലെ തട്ടിപ്പുകാരെ പൂട്ടാന്‍ മെറ്റ; സ്‌കാം അലേര്‍ട്ട് ഫീച്ചര്‍ വരുന്നു

ബം​ഗ്ലാദേശ് 'ഷോക്ക്', നാണക്കേടിന്റെ റെക്കോർഡ്; ചാപ്പലിനൊപ്പം കമ്മിൻസും!

രണ്ടു മാസത്തിനിടെ 49 ലക്ഷത്തിന്റെ ഇടപാട്, പണം ബംഗളൂരുവിലെ റിയയുടെ അക്കൗണ്ടിലേക്ക്; കാസര്‍കോട് എംഡിഎംഎ കേസില്‍ നിര്‍ണായക കണ്ടെത്തൽ