Vaibhav Sooryavanshi, Sanju Samson 
Sports

ഓപ്പണ്‍ ചെയ്യാന്‍ സഞ്ജുവോ വൈഭവോ? പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, കിവികള്‍ക്ക് നിലനില്‍പ്പിന്റെ പോരാട്ടം

ഉത്തരവാദിത്തം ഏറ്റെടുത്ത് കളിച്ച താരങ്ങളുടെ ബാറ്റിങ് മികവാണ് ഇന്ത്യയുടെ വിജയ രഹസ്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരെയുള്ള മൂന്നാം ടി20 പോരാട്ടത്തിന് കളമൊരുങ്ങുമ്പോള്‍, ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് വെല്ലിങ്ടനിലെ ഹെന്റി സ്റ്റേഡിയത്തിലേക്കാണ്. പരമ്പരയില്‍ ഇതിനകം 2-0 ന് മുന്നിലെത്തിയ ഇന്ത്യ, ഈ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള പോരാട്ടത്തിനൊരുങ്ങുമ്പോള്‍, തങ്ങളുടെ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജീവനുവേണ്ടി പൊരുതുകയാണ് കിവീസ് പട. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം ആരംഭിക്കുന്നത്.

ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും സമാനതകളില്ലാത്ത ത്രില്ലര്‍ വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ട് കളികളിലും വമ്പന്‍ ലക്ഷ്യങ്ങള്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ ബാറ്റിങ് നിര, അവസാന ഓവറുകളിലെ കരുത്തുറ്റ പ്രകടനത്തിലൂടെ 4 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. സഞ്ജു സാംസണ്‍, തിലക് വര്‍മ, നമന്‍ ധീര്‍, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങി ഓരോ മത്സരത്തിലും ഉത്തരവാദിത്തം ഏറ്റെടുത്ത് കളിച്ച താരങ്ങളുടെ ബാറ്റിങ് മികവാണ് ഇന്ത്യയുടെ വിജയ രഹസ്യം.

മറുവശത്ത്, ന്യൂസിലന്‍ഡിന്റെ അവസ്ഥ അത്രകണ്ട് സുഖകരമല്ല. ഗ്ലെന്‍ ഫിലിപ്‌സും ബെവോന്‍ ജേക്കബ്സും അടക്കമുള്ള ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, ഡെത്ത് ഓവറുകളിലെ പാളിച്ചകള്‍ കിവീസിനെ നിരന്തരം വേട്ടയാടുന്നു. പരിക്കുകളുടെ വലിയ തിരിച്ചടിയും ആതിഥേയരെ ഉലയ്ക്കുന്നുണ്ട്. പ്രധാന പേസര്‍ മാറ്റ് ഹെന്റിക്ക് പരമ്പര മുഴുവന്‍ നഷ്ടമായി, ലോക്കി ഫെര്‍ഗൂസനാകട്ടെ നിര്‍ണായക മത്സരത്തില്‍ നിന്നും പുറത്താണ്. നായകന്‍ മിച്ചല്‍ സാന്റ്‌നറും സംഘവും പരമ്പരയില്‍ ജീവശ്വാസം നിലനിര്‍ത്തണമെങ്കില്‍ ഇന്ന് അത്ഭുതങ്ങള്‍ കാണിക്കേണ്ടിവരും.

വെല്ലിങ്ടനിലെ കാറ്റും വ്യത്യസ്തമായ പിച്ച് സ്വഭാവവും ഇരു ടീമുകളുടെയും പേസര്‍മാര്‍ക്കും മുന്‍നിര ബാറ്റര്‍മാര്‍ക്കും കടുത്ത പരീക്ഷണമാകും സമ്മാനിക്കുക. ടോസ് നേടുന്ന നായകന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പരമ്പര തൂത്തുവാരി ചരിത്രമെഴുതാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍, അഭിമാനം കാക്കാനുള്ള മരണപോരാട്ടത്തിലാണ് കിവീസ്. ക്രിക്കറ്റ് പ്രേമികള്‍ക്ക് മറ്റൊരു ആവേശരാത്രി കൂടി സമ്മാനിക്കാന്‍ കളിക്കളമൊരുങ്ങി കഴിഞ്ഞു.

ഇഷാന്‍ ഇന്നുമില്ല

പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഇന്നത്തെ മത്സരത്തിലും കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. യുവതാരം വൈഭവ് സൂര്യവംശിയെ വീണ്ടും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ വൈഭവിനെ മൂന്നാം നമ്പരില്‍ കളിപ്പിച്ചതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. താരത്തെ ഓപ്പണിങ് സ്‌പോട്ടില്‍ ഇറക്കണമെന്നും പരിചയ സമ്പന്നനായ സഞ്ജു സാംസണിനെ മൂന്നാം നമ്പരില്‍ കളിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ താരങ്ങളുള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. ടീം മാനേജ്‌മെന്റിന്റെ അന്തിമ തീരുമാനമറിയാന്‍ ടോസ് വരെ കാത്തിരിക്കണം.

NZ vs IND 3rd T20I Preview: India Aim for Series Sweep as Injured New Zealand Fight for Survival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹാരി കെയ്ന് കരിയറിലെ ആദ്യ ബാലണ്‍ ഡി ഓര്‍; പ്യുട്ടയാസിന് മൂന്നാം കിരീടം; ലാമിന്‍ യമാലിന് ഹാട്രിക് നേട്ടം

സിഗ്നൽ അറ്റകുറ്റപ്പണി: വന്ദേഭാരത് തൃശൂർ വരെ, ചില ട്രെയിനുകൾ റദ്ദാക്കി; ക്രമീകരണം ഇങ്ങനെ

തേയിലത്തുരുത്തുകളിൽ വിസ്മയക്കാഴ്ചകൾ ഒരുക്കി പെരിയകനാൽ: കോടമഞ്ഞും കുളിർമഴയും നിറഞ്ഞ മൂന്നാറിലെ മാന്ത്രിക ഗ്രാമം

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം : ഇന്ന് മലയോര ഹർത്താൽ

തേനിയില്‍ 17 തടവുകാര്‍ ജയില്‍ചാടി, കേരളത്തിലേക്ക് കടക്കാന്‍ സാധ്യത, ഒരാളെ പിടികൂടി