ഗ്ലാസ്കോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്യാംപിനെ ഉലച്ച് മറ്റൊരു ജൂഡോ താരത്തിനും വിലക്ക്. ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന വനിതാ ജൂഡോ താരം ഒളിംപ്യൻ തൂലിക മന്നിനാണ് വിലക്ക് കിട്ടിയത്. 78 കിലോ വിഭാഗത്തിൽ മത്സരിക്കാനിരുന്ന താരത്തെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) താത്കാലികമായി വിലക്കി. ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതിനാണ് നടപടി. ഇതേത്തുടർന്ന് താരത്തെ ടീമിൽ നിന്നു ഒഴിവാക്കാൻ നാഡ നിർദ്ദേശം നൽകി. 2022 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ താരമാണ് തൂലിക.
മത്സരങ്ങൾ ഇല്ലാത്ത സമയങ്ങളിലും താരങ്ങൾ തങ്ങൾ എവിടെയാണുള്ളത് എന്ന വിവരം നാഡയെ മുൻകൂട്ടി കൃത്യമായി അറിയിക്കണമെന്ന നിർബന്ധിത ചട്ടമുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ മൂന്ന് തവണയാണ് തൂലിക ഈ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയത്. ഇതേത്തുടർന്നാണ് നാഡ താരത്തിന് നോട്ടീസ് അയക്കുകയും താത്കാലിക വിലക്കേർപ്പെടുത്തുകയും ചെയ്തത്.
തൂലിക മന്നിന് പുറമെ മറ്റൊരു ജൂഡോ താരമായ അരുൺ കുമാറിനെയും നാഡ വിലക്കിയിരുന്നു. മത്സരത്തിന് പുറത്തുള്ള ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പുരുഷ വിഭാഗം 73 കിലോ ഗ്രാം വിഭാഗത്തിലെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന അരുൺ കുമാറിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്.
ഈ മാസം 31നാണ് കോമൺവെൽത്ത് ഗെയിംസിൽ ജൂഡോ മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂലൈ 27ന് ഇന്ത്യൻ ടീം ഗ്ലാസ്‌കോയിലേക്ക് തിരിക്കാനിരിക്കെയാണ് രണ്ട് മുൻനിര താരങ്ങൾ വിലക്കുമായി പുറത്തു പോകുന്നത്. ഇന്ത്യയുടെ മെഡൽ മോഹങ്ങൾക്ക് കനത്ത ആഘാതമാണ് ഉറച്ച മെഡൽ പ്രതീക്ഷയുള്ള താരങ്ങളുടെ പുറത്താകൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates