ലണ്ടൻ: പാകിസ്ഥാൻ ക്രിക്കറ്റിൽ സമീപകാലത്ത് നടക്കുന്ന നാടകങ്ങൾ തുടരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനു മുന്നോടിയായി പാക് ക്രിക്കറ്റ് ബോർഡ് താരങ്ങളുടെയെല്ലാം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ടീമിൽ കൂട്ടത്തോടെ മാറ്റങ്ങളും പുറത്താകലുകളും നടക്കുന്നതിനിടെയാണ് പിസിബിയുടെ നേതൃത്വത്തിലുള്ള പുതിയ നാടകം.
ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിലാണ് മൂന്നാം ടെസ്റ്റ് അരങ്ങേറാനിരിക്കുന്നത്. ഇതിനു മുന്നോടിയായാണ് മത്സരം തീരും വരെ താരങ്ങളുടെ മൊബൈൽ ഫോണുകൾ പിസിബി പിടിച്ചെടുത്തിരിക്കുന്നത്. ടെസ്റ്റ് പോരാട്ടം കഴിയും വരെ ഫോണുകൾ പാക് ബോർഡിന്റെ പക്കലിൽ തന്നെയിരിക്കുമെന്നാണ് വിവരം. ഏതെല്ലാം താരങ്ങളുടെ ഫോണുകളാണ് പിടിച്ചെടുത്തത് എന്നോ നടപടിക്ക് പിന്നിലെ കാരണങ്ങളെന്താണെന്നോ പാക് ബോർഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പാക് മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
മത്സരത്തിനിടെ താരങ്ങൾ മൊബൈൽ ഉപയോഗിക്കുന്നതിനു വിലക്കുണ്ട്. എന്നാൽ ഒരു ബോർഡ് ഇത്തരത്തിൽ താരങ്ങളുടെ ഫോണുകൾ പൂർണമായി പിടിച്ചെടുക്കുന്നത് അസാധാരണ നടപടിയാണ്. അന്താരാഷ്ട്ര മത്സര സമയത്ത് ഡ്രസിങ് റൂമിലടക്കം കളിക്കാരോ മറ്റ് സ്റ്റാഫ് അംഗങ്ങളോ ഫോൺ ഉപയോഗിക്കരുത് എന്നാണ് ഐസിസി ചട്ടം.
ഇന്റർനെറ്റ് ഉപയോഗിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഫോൺ, ലാപ് ടോപ്പ് അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഫോൺ വിളിക്കാനോ പുറത്തു നിന്നുള്ള കോളുകൾ സ്വീകരിക്കാനോ പാടില്ല. ലാൻഡ് ഫോൺ അടക്കമുള്ളവ ഉപയോഗിക്കരുത് എന്നും നിയമം പറയുന്നു. ഐസിസി ചട്ടങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പിസിബിയുടെ ഇത്തരത്തിലുള്ള നടപടി ഐസിസിയുടെ ചട്ടങ്ങളുമായി യോജിച്ചു പോകുന്നതല്ല എന്നാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates