കാബൂൾ: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര ടി20 ടൂർണമെന്റായ ഷ്പഗീസ ക്രിക്കറ്റ് ലീഗിൽ മത്സരത്തിനിടെ ആരാധകൻ മൈതാനത്തേക്ക് ഓടിക്കയറി അഫ്ഗാൻ താരം റഹ്മാനുല്ല ഗുർബാസിന്റെ തൊപ്പി തട്ടിയെടുത്ത് ഓടി. അപ്രതീക്ഷിതമായി നടന്ന സംഭവം കളിക്കിടെ രസകരമായ നിമിഷങ്ങൾ സമ്മാനിക്കുന്നതായി. വെള്ളിയാഴ്ച ബാൻഡ് ഇ അമീർ ഡ്രാഗൺസും മിസ് ഐനാക് നൈറ്റ്സും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം.
മിസ് ഐനാക് നൈറ്റ്സ് ടീമിനായി ആദ്യ ഇന്നിങ്സിൽ ഗുർബാസ് ഫീൽഡ് ചെയ്യുന്നതിനിടയിലാണ് സുരക്ഷാവേലി ഭേദിച്ച് ഒരാൾ മൈതാനത്തേക്ക് ഓടിക്കയറിയത്. അഫ്ഗാൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഗുർബാസിന്റെ അടുത്തേക്ക് ഓടിയെത്തിയ ഇയാൾ പെട്ടെന്ന് അദ്ദേഹത്തിന്റെ തലയിലെ തൊപ്പി തട്ടിയെടുത്ത് തിരികെ ഓടുകയായിരുന്നു. ഈ അപ്രതീക്ഷിത സംഭവം കളിക്കാരിലും കാണികളിലും ചിരി പടർത്തി. ഇതിന്റെ വിഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തൊപ്പി തട്ടിയെടുത്ത് വിജയിയെപ്പോലെ ആരാധകർ ഗ്രൗണ്ടിനു ചുറ്റും ഓടുന്നതും കാണികളെ നോക്കി കൈവീശുന്നതും ആഹ്ലാദം പ്രകടിപ്പിക്കുന്നതുമൊക്കെ വിഡിയോയിൽ ഉണ്ട്.
മത്സരത്തിൽ മിസ് ഐനാക് നൈറ്റ്സ് പൂർണ ആധിപത്യം പുലർത്തി. ടോസ് നേടിയ നൈറ്റ്സ് നായകൻ റഹ്മാനുല്ല ഗുർബാസ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളർമാർ പുറത്തെടുത്തത്. തുടക്കം മുതൽ ബാൻഡ് ഇ അമീർ ഡ്രാഗൺസിനെ അവർ കടുത്ത സമ്മർദ്ദത്തിലാക്കി.
ഹഷ്മത്തുല്ല ഷാഹിദി നയിച്ച ഡ്രാഗൺസിനെ 19.3 ഓവറിൽ വെറും 114 റൺസിന് പുറത്താക്കാൻ നൈറ്റ്സിന് കഴിഞ്ഞു. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ സിയാവുർ റഹ്മാനും മുജീബ് ഉർ റഹ്മാനുമാണ് ബൗളിങ്ങിൽ തിളങ്ങിയത്. ഖലീൽ ഗുർബാസും നൂരിസ്താനി ഒമർസായും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി പിന്തുണ നൽകി. 25 പന്തിൽ 30 റൺസ് എടുത്ത അസീസ് ഉല്ല മിയാഖിൽ മാത്രമാണ് ഡ്രാഗൺസ് നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മിസ് ഐനാക് നൈറ്റ്സ് 115 റൺസ് എന്ന വിജയലക്ഷ്യം വെറും 9.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് അവർ സ്വന്തമാക്കിയത്. ചേസിങ്ങിൽ റഹ്മാനുല്ല ഗുർബാസും ഖാലിദ് താനിവാളും അർധ സെഞ്ച്വറികൾ നേടി ടീമിന്റെ വിജയം അനായാസമാക്കി.
ഈ വൻ വിജയത്തോടെ, അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ രണ്ട് മത്സരങ്ങളിൽ നിന്ന് മികച്ച റൺറേറ്റോടെ മിസ് ഐനാക് നൈറ്റ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates