ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായ കായിക താരങ്ങളെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നേരന്ദ്ര മോദി. 13 സ്വർണമടക്കം 39 മെഡലുകൾ വാരി ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു. ഗെയിംസിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ഗ്ലാസ്ഗോയിലെ വിശേഷങ്ങളും താരങ്ങൾ മോദിയുമായി പങ്കിട്ടു. കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ, കായിക സഹമന്ത്രി രക്ഷാ ഖഡ്സനെ, ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ എന്നിവരും സന്നിഹിതരായിരുന്നു.
75 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ബോക്സിങ് താരം ലവ്‍ലിന ബോർഗോഹെയ്ൻ ഗ്ലാസ്ഗോയിലെ ഒരു റസ്റ്റോറന്റിൽ വച്ച നാപ്കിനിലെ ഇന്ത്യൻ ഭൂപടത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയത് വാർത്തയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി അവരോട് ചോദിച്ചു.
'താങ്കൾ റസ്റ്റോറന്റുകാരനുമായി വഴക്കിട്ടോ, എന്താണ് അവിടെ സംഭവിച്ചത്'- മോദിയുടെ ചോദ്യം.
'നമ്മുടെ പ്രകടനം മികച്ചതായിരുന്നു. അന്ന് ഗെയിംസിന്റെ അവസാന ദിവസമായിരുന്നു. ഞങ്ങൾ വിജയം ആഘോഷിക്കുന്നതിനിടെയാണ് അക്കാര്യം ഞാൻ ശ്രദ്ധിച്ചത്. തെറ്റായ രീതിയിലാണ് ചിത്രമുണ്ടായിരുന്നത്. അതെനിക്ക് ഇഷ്ടമായില്ല. ഞാൻ അവരോട് വളരെ മാന്യമായി തന്നെ കാര്യം പറഞ്ഞു. അവർ അതു തിരുത്താനുള്ള സന്നദ്ധതയും അറിയിച്ചു'- ലവ്‍ലിന വ്യക്തമാക്കി. ആഘോഷത്തിനിടെയിലും ഇത്തരമൊരു കാര്യം ശ്രദ്ധിച്ച താരത്തിന്റെ രാജ്യത്തോടുള്ള കരുതലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഗെയിംസ് റെക്കോർഡോടെ വനിതാ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരഭായ് ചാനു സ്വർണം നേടിയിരുന്നു. താരത്തിന്റെ ഹാട്രിക്ക് കോമൺവെൽത്ത് ഗെയിംസ് സ്വർണം കൂടിയായിരുന്നു ഇത്. സ്വർണ മെഡൽ സ്വീകരിക്കാനായി പോഡിയത്തിൽ കയറിയപ്പോൾ എന്തിനാണ് കരഞ്ഞതെന്ന് പ്രധാനമന്ത്രി അവരോടു ചോദിച്ചു.
'കഴിഞ്ഞ നാല് വർഷമായി ഞാൻ അങ്ങേയറ്റം ബുദ്ധിമുട്ടിലായിരുന്നു. പരിക്കുകളും കുടുംബത്തിലെ ചില പ്രശ്നങ്ങളുമൊക്കെ എനിക്ക് നേരിടേണ്ടി വന്നു. പാരിസ് ഒളിംപിക്സിൽ ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തിൽ മെഡൽ നഷ്ടപ്പെട്ടതും എന്നെ തളർത്തിയിരുന്നു. കോമൺവെൽത്ത് ഗെയിംസ് സ്വർണം അതുകൊണ്ടു തന്നെ എനിക്ക് അത്രയും വിലപ്പെട്ടതായിരുന്നു. വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. പോഡിയത്തിൽ കയറി സ്വർണം അണിഞ്ഞപ്പോൾ കഴിഞ്ഞ 4 വർഷമാണ് എന്റെ ഓർമയിൽ നിറഞ്ഞത്. അപ്പോൾ നമ്മുടെ ദേശീയ പതാക ഉയരുന്നതും ദേശീയ ഗാനം മുഴങ്ങിയതും എന്റെ വികാരങ്ങളുടെ കെട്ടുപൊട്ടിച്ചു'- മീര പറഞ്ഞു.
90 കിലോ വിഭാഗം ബോക്സിങിൽ സ്വർണം നേടിയ ബോക്സർ നരേന്ദർ ബെർവാൾ പറഞ്ഞത് മറ്റൊരു രസകരമായ സംഭവമായിരുന്നു. 2015ലെ മിലിട്ടറി വേൾഡ് ഗെയിംസിൽ ഒരു പാകിസ്ഥാൻ താരത്തോടു ഏറ്റുമുട്ടിയ ശേഷമുള്ള അനുഭവമാണ് നരേന്ദർ പങ്കിട്ടത്. മത്സര ശേഷം മെഡിക്കൽ റൂമിൽ വച്ച് പാകിസ്ഥാൻ താരം തന്നോടു പറഞ്ഞ കാര്യം പിന്നാലെ നരേന്ദർ വെളിപ്പെടുത്തി.
'ഭായ്ജാൻ നിങ്ങളുടെ പേര് നരേന്ദർ, നിങ്ങളുടെ കോച്ചിന്റെ പേര് നരേന്ദർ, നിങ്ങളുടെ പ്രധാനമന്ത്രിയുടെ പേര് നരേന്ദർ. എനിക്ക് ഇപ്പോൾ നരേന്ദർ എന്ന പേര് കേൾക്കുന്നത് വെറുപ്പായിരിക്കുകയാണ്'- താരം ഈ കഥ പറഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രിയും ഒപ്പമുള്ളവരും പൊട്ടിച്ചിരിച്ചു.
55 കിലോ വിഭാഗത്തിൽ മെഡൽ നേടിയ ബോക്സർ ജാദുമണി സിങിന്റെ രാജ്യ സ്നേഹത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. കാർഗിൽ വിജയ് ദിവസമായ ജൂലൈ 26നു ജാദുമണി പാകിസ്ഥാൻ താരത്തെ വീഴ്ത്തി മത്സരം ജയിച്ചിരുന്നു. പിന്നാലെ തന്റെ വിജയം ഇന്ത്യൻ സൈനികർക്കാണ് താരം സമർപ്പിച്ചത്. തോൽക്കേണ്ട ആളെ തന്നെ താങ്കൾ വീഴ്ത്തിയെന്നു മോദി താരത്തെ അഭിനന്ദിച്ചു വ്യക്തമാക്കി.
കഴിഞ്ഞ 12 വർഷമായി തന്റെ വസതിയിൽ സ്ഥിരമായി സന്ദർശിക്കുന്നവരിൽ ഏറ്റവും പ്രധാനപ്പെട്ടവർ കായിക താരങ്ങളാണെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനായി മെഡൽ നേടാൻ കഠിനാധ്വാനം ചെയ്യുന്നവരാണ് കായിക താരങ്ങൾ. ആ കഠിനാധ്വാനം ജനങ്ങൾക്കു നൽകുന്നത് വലിയ പ്രചോദനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates