അഹമ്മദാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ പഞ്ചാബ് കിങ്‌സിന് 34 റൺസിന്റെ ജയം. 180 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് 20 ഓവർ പൂർത്തിയായപ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട ബാംഗ്ലൂരു നിരയിൽ 35 റൺസെടുത്ത കോഹ് ലിയും 30 പന്തിൽ 31 റൺസെടുത്ത രജത് പാട്ടിദറും 13 പന്തിൽ 31 റൺസെടുത്ത ഹർഷൽ പട്ടേലും മാത്രമാണ് കുറച്ചുസമയമെങ്കിലും ക്രീസിൽ പിടിച്ചുനിന്നത്. 19 റൺസെടുക്കുന്നതിനിടയിലാണ് ഓപ്പണർ ദേവ്ദത്ത് പടിക്കലിനെ ആർസിബിക്ക് നഷ്ടമായത്. പിന്നീട് ഒന്നിച്ച വിരാട് കോലിയും രജത് പാട്ടിദറും ഇന്നിങ്‌സ് മുന്നോട്ടുനയിച്ചെങ്കിലും കാര്യമായ പ്രകടനം നൽകാനായില്ല. ഗ്ലെൻ മാക്‌സ്‌വെൽ (0) എബി ഡിവില്ലിയേഴ്‌സ് (3) ഷഹബാസ് അഹമ്മദ് (8) ഡാനിയൽ സാംസ് (3) തുടങ്ങിയവർ പഞ്ചാബ് ബോളർമാർക്ക് മുന്നിൽ അടിയറവു പറഞ്ഞു. 16 റൺസുമായി കെയ്ൽ ജമെയ്‌സണും ഒരു പന്ത് നേരിട്ട മുഹമ്മദ് സിറാജും പുറത്താകാതെ നിന്നു.
പഞ്ചാബ് ബോളർമാരിൽ നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഹർപ്രീത് ബ്രാർ ആണ് മികച്ച പ്രകടനം കാഴ്ചവച്ചത്. രവി ബിഷ്‌ണോയി രണ്ട് വിക്കറ്റ് വീഴ്ത്തി. റിലേ മെരെഡിത്തും ക്രിസ് ജോർദാനും മുഹമ്മദ് സിറാജും ഒരു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബ് ക്യാപ്റ്റൻ കെഎൽ രാഹുലിന്റെ വെടിക്കെട്ടിന്റെ മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ക്യാപ്റ്റൻ രാഹുൽ 57 പന്തുകൾ നേരിട്ട് അടിച്ചെടുത്തത് 91 റൺസ്. അഞ്ച് സിക്‌സും ഏഴ് ഫോറും സഹിതമാണ് രാഹുലിന്റെ സംഹാര താണ്ഡവം.
യൂനിവേഴ്‌സ് ബോസ് ക്രിസ് ഗെയ്ൽ 24 പന്തിൽ 46 റൺസെടുത്തു. ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് ഗെയ്‌ലിന്റെ വെടിക്കെട്ട്. ആർസിബിയുടെ ജാമിസൺ എറിഞ്ഞ ആറാം ഓവറിൽ ഗെയ്ൽ അടിച്ചത് അഞ്ച് ഫോറുകൾ. ആ ഓവറിൽ പിറന്നത് 20 റൺസ്. ഗെയ്‌ലിനെ ഡാനിയൽ സാംസ് മടക്കി. പിന്നീടെത്തിയ നിക്കോളാസ് പൂരൻ (പൂജ്യം), ദീപക് ഹൂഡ (അഞ്ച്), ഷാരൂഖ് ഖാൻ (പൂജ്യം) എന്നിവർ ക്ഷണത്തിൽ മടങ്ങിയതോടെ പഞ്ചാബ് കുറഞ്ഞ സ്‌കോറിൽ ഒതുങ്ങുമെന്ന് കരുതി. എന്നാൽ ഹർപ്രീത് 27 പന്തിൽ രണ്ട് സിക്‌സുകൾ സഹിതം 25 റൺസുമായി പുറത്താകാതെ നിന്നതോടെ പഞ്ചാബ് മികച്ച സ്‌കോറിലെത്തുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates