പഞ്ചാബ്: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാന് ത്രസിപ്പിക്കുന്ന വിജയം. പഞ്ചാബ് ഉയർത്തിയ 223 റൺസ് നാല് പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാൻ മറി കടന്നു. ഡൊണോവൻ ഫെരേര,യശസ്വി ജയ്‌സ്വാൾ എന്നിവരുടെ തകർപ്പൻ അർധ സെഞ്ച്വറിയാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.
യുവതാരം വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും മികച്ച തുടക്കമാണ് ടീമിന് നൽകിയത്. വൈഭവ് 16 പന്തിൽ 43 റൺസും ജയ്‌സ്വാൾ 27 പന്തിൽ 51 റൺസും നേടി. തൊട്ടു പിന്നാലെ കളത്തിലെത്തിയ ധ്രുവ് ജുറേൽ വേണ്ട രീതിയിൽ തിളങ്ങാൻ ആയില്ല. 20 പന്തിൽ 16 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
നായകൻ റിയാൻ പരാഗ് 16 പന്തിൽ 29 റൺസും എടുത്ത് പുറത്തായതോടെ ടീം പ്രതിസന്ധിയിലായി. ഇരുവരുടെയും വിക്കറ്റ് യുസ്‌വേന്ദ്ര ചഹലാണ് സ്വന്തമാക്കിയത്.
അഞ്ചാം വിക്കറ്റിൽ ഒത്തുകൂടിയ ഡൊണോവൻ ഫെരേര - ശുഭം ദുബെ സംഖ്യം ശക്തമായി ക്രീസിൽ നിലയുറപ്പിച്ചതോടെ മത്സരം വീണ്ടും രാജസ്ഥാൻ തിരിച്ചു പിടിച്ചു. പഞ്ചാബ് ബൗളർമാരെ ഇരുവരും ചേർന്ന് തലങ്ങും വിലങ്ങും പായിച്ചു. ഫെരേര 26 പന്തിൽ 52 റൺസും ദുബെ 12 പന്തിൽ 31റൺസും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ, ടോസ് നേടിയ രാജസ്ഥാൻ പഞ്ചാബിനെ ബാറ്റിങിന് അയക്കുക ആയിരുന്നു. വിക്കറ്റ് കീപ്പർ പ്രഭ്സിമ്രാൻ സിങ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ തകർപ്പൻ അർധ സെഞ്ച്വറിയുടെ ബലത്തിൽ പഞ്ചാബ് 222 റൺസ് അടിച്ചെടുത്തിരുന്നു. രാജസ്ഥാന് വേണ്ടി യാഷ് രാജ് രണ്ട് വിക്കറ്റും ജോഫ്രാ ആർച്ചർ,നാന്ദ്രെ ബർഗർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates