ചെന്നൈ: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസിൽ നിന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യമാണ് നിലവിൽ. സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ഒപ്പം സാം കറനേയും നൽകിയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഡീലിൽ വ്യക്തിപരമായ തന്റെ ഡിമാൻഡുകൾ രവീന്ദ്ര ജഡേജ രാജസ്ഥാനു മുന്നിൽ വച്ചതായുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നു.
ചെന്നൈ തന്നെ വിട്ടുകൊടുക്കുന്നതിൽ പ്രശ്നമില്ലെന്നു ജഡേജ വ്യക്തമാക്കിയതോടെയാണ് കൈമാറ്റം സാധ്യമാകുന്ന നിലയിലേക്ക് വന്നത്. അതിനിടെയാണ് ജഡേജ വ്യക്തിപരമായ ചില ഡിമാൻഡുകൾ ടീമിനോടു ആവശ്യപ്പെട്ടത്. രാജസ്ഥാൻ റോയൽസിന്റെ അടുത്ത സീസണിലെ ക്യാപ്റ്റനായി തന്നെ നിയോഗിക്കണമെന്ന ആവശ്യമാണ് ജഡേജ മുന്നോട്ടു വച്ചത് എന്നാണ് റിപ്പോർട്ടുകൾ.
രാജസ്ഥാൻ റോയൽസിന്റെ നായക സ്ഥാനത്തു നിന്നാണ് സഞ്ജു ടീം മാറുന്നത്. 10 വർഷത്തിൽ കൂടുതലായി സഞ്ജു രാജസ്ഥാൻ പളയത്തിലുണ്ട്. നിലവിൽ 18 കോടി പ്രതിഫലമുള്ള താരങ്ങളാണ് സഞ്ജുവും ജഡേജയും.
രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു 11 സീസണുകള്‍ കളിച്ച ശേഷമാണ് സഞ്ജു ടീം വിടുന്നത്. സഞ്ജു 67 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. 33 ജയങ്ങളും 33 തോല്‍വികളുമാണ് സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാനുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് സഞ്ജു. 2025ലെ സീസണ്‍ അവസാനിച്ചതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിനോടു തന്നെ റിലീസ് ചെയ്യണമെന്നു സഞ്ജു നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.
2008ല്‍ പ്രഥമ ഐപിഎല്‍ കിരീടം രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുമ്പോള്‍ യുവ താരമായിരുന്ന ജഡേജയുടെ പങ്ക് നിര്‍ണായകമായിരുന്നു. ഐപിഎല്ലിലെ മികവിന്റെ ബലത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയ ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണായക താരമായി പിന്നീട് മാറുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്.
2008, 09 സീസണുകളില്‍ രാജസ്ഥാന്‍ താരമായിരുന്ന ജഡേജ പിന്നീട് 2010ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. എന്നാല്‍ താരം കരാര്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ ടീം ബിസിസിഐയെ സമീപിച്ചു. താരത്തിനു ഒരു വര്‍ഷം ഐപിഎല്‍ വിലക്കും കിട്ടി. 2011ല്‍ ജഡേജ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്കായി ഒരു സീസണ്‍ കളിച്ചു.
2012ലാണ് താരം ചെന്നൈ ടീമിലെത്തുന്നത്. സിഎസ്‌കെയുടെ അഞ്ച് ഐപിഎല്‍ കിരീട നേട്ടങ്ങളില്‍ മൂന്നിലും ഭാഗമായി. ചെന്നൈ ടീം വിലക്ക് നേരിട്ട 2016, 17 സീസണുകളില്‍ താരം ഗുജറാത്ത് ലയണ്‍സിനായി കളത്തിലെത്തി. 2022ല്‍ താരം ചെന്നൈ ടീം ക്യാപ്റ്റനായി. എന്നാല്‍ മോശം പ്രകടനമായിരുന്നു ടീമിന്റേത്. പിന്നാലെ നായക സ്ഥാനം ഒഴിഞ്ഞു. 2023ലെ ചെന്നൈയുടെ ഐപിഎല്‍ കിരീട നേട്ടത്തില്‍ ജഡേജ നിര്‍ണായകമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates