ന്യൂഡൽഹി: ഐപിഎല്ലിൽ സർവകാല റെക്കോർഡ് സ്ഥാപിച്ച് 27 കോടിയ്ക്കു ലഖ്നൗ സൂപ്പർ ജയന്റ്സിലേക്ക് പോയ ഋഷഭ് പന്ത് മുൻ ടീമായ ഡൽഹി ക്യാപിറ്റൽസിലേക്ക് തന്നെ തിരിച്ചെത്തുന്നു. ഈ സീസണിലെ ഐപിഎൽ പോരാട്ടങ്ങൾ അവസാനിച്ച് ഒരു മാസം കഴിയുമ്പോൾ ആരംഭിച്ച താരക്കൈമാറ്റ വിൻഡോയിലൂടെയാണ് പന്ത് മടങ്ങിയെത്തുന്നത്. പകരമൊരു താരത്തേയും ബാക്കി പണവും നൽകിയാണ് ഡൽഹി ലഖ്നൗവുമായി കരാർ ഉറപ്പച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
ഐപിഎല്ലിലെ ഏറ്റവും വലിയ ട്രേഡുകളിലൊന്നിന് വഴി തുറന്നാണ് പന്ത് തിരിച്ചെത്തുന്നത്. സ്പിന്നർ കുൽദീപ് യാദവിനെ പകരമായി നൽകിക്കൊണ്ടുള്ള ഒരു വമ്പൻ 'പ്ലെയർ പ്ലസ് ക്യാഷ്' കരാറിലാണ് ഇരു ടീമുകളും എത്തിച്ചേർന്നിരിക്കുന്നത് എന്നാണ് വിവരം.
ലഖ്‌നൗ 27 കോടി രൂപയ്ക്കാണ് പന്തിനെ ലേലത്തിൽ സ്വന്തമാക്കിയത്. എന്നാൽ കുൽദീപിന്റെ ഐപിഎൽ കരാർ തുക 13.25 കോടി രൂപയാണ്. അതിനാൽ പന്തിനെ സ്വന്തമാക്കാനുള്ള കരാർ പൂർത്തിയാക്കാൻ കുൽദീപ് യാദവിനൊപ്പം 13.75 കോടി രൂപയും കൂടി ഡൽഹി ക്യാപിറ്റൽസ് ലഖ്‌നൗവിന് നൽകും.
ഡൽഹിയിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി പന്ത് തന്റെ പ്രതിഫലത്തിൽ വലിയ കുറവ് (27 കോടിയിൽ നിന്ന് ഏകദേശം 15 കോടി രൂപയിലേക്ക്) വരുത്താനും സമ്മതിച്ചിട്ടുണ്ട്. ഇതാണ് കൈമാറ്റം വേഗത്തിലാക്കിയത്.
ലഖ്നൗവിൽ ക്യാപ്റ്റനായിരുന്ന പന്ത്, ഡൽഹിയിലേക്ക് മടങ്ങിയെത്തുമ്പോൾ ടീമിന്റെ നായക സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ഡൽഹിയുടെ ക്യാപ്റ്റൻസി പദവിയിൽ നിന്നാണ് താരം ടീം വിട്ടതും ലഖ്നൗ ക്യാപ്റ്റനായതും. രണ്ടാം വരവിൽ പക്ഷേ താരം അങ്ങനെ ഒരാവശ്യം ഡൽഹിക്ക് മുന്നിൽ വച്ചിട്ടില്ല. നേരത്തെ നായക സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കൊണ്ടാണ് പന്ത് ഡൽഹി വിട്ടിരുന്നത്. എന്നാൽ ഇത്തവണ ഒരു സാധാരണ കളിക്കാരനായി ടീമിന് സംഭാവന നൽകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ഐപിഎൽ ലേലത്തിൽ റെക്കോർഡ് തുകയായ 27 കോടിക്ക് ലഖ്‌നൗ സ്വന്തമാക്കിയ പന്ത്, ഈ മാസം ആദ്യമാണ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാനും ടീം വിടാനും തീരുമാനിച്ചത്. വൻ പ്രതീക്ഷകളുമായി ലഖ്നൗവിൽ എത്തിയ പന്തിന് പക്ഷേ പ്രതീക്ഷിച്ച പ്രകടനം രണ്ട് സീസണിലും നടത്താൻ സാധിച്ചില്ല. താരത്തിന്റെ വരവ് ടീമിനും പന്തിന്റെ കരിയറിനും ഒരു പുരോഗതിയും ഉണ്ടാക്കിയില്ല.
ഡൽഹി ക്യാപിറ്റൽസ് ഉടമകളുമായുള്ള നല്ല ബന്ധമാണ് ഇപ്പോൾ തിരിച്ചു വരവിന് വഴിതുറന്നരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പന്തിനായി രംഗത്തുണ്ടായിരുന്നു.
ഡൽഹിയും ലഖ്‌നൗവും തമ്മിൽ തത്വത്തിൽ കരാറിലെത്തിയിട്ടുണ്ട്. ഇതിന് ഐപിഎൽ ഗവേണിങ് കൗൺസിലിന്റെ അന്തിമ അനുമതി ആവശ്യമാണ്. അടുത്ത ദിവസങ്ങളിൽ തന്നെ കൈമാറ്റം ഔദ്യോഗികമായി തന്നെ പൂർത്തിയാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates