മുംബൈ: ഐപിഎല്‍ പോരാട്ടത്തിനിടെയാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് ഫോര്‍മാറ്റിലുള്ള ടീമിലും സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയെ പരിഗണിച്ചിരുന്നില്ല. ഐപിഎല്‍ പോരാട്ടത്തിനിടെ താരത്തിന് പരിക്കേറ്റതോടെയാണ് രോഹിതിനെ പരിഗണിക്കാതിരുന്നത്.
എന്നാല്‍ രോഹിതിന്റെ പരിക്ക് സംബന്ധിച്ച് പൂര്‍ണ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. അതിനിടെ താരം മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ്‌സില്‍ പരിശീലിക്കുന്നതിന്റെ വീഡിയോ കൂടി പുറത്ത് വന്നതോടെ സംഭവം വിവാദമായി. രോഹിതിന്റെ പരിക്ക് സംബന്ധിച്ച് കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തുകയും ചെയ്തതോടെ വിവാദം ചൂടുപിടിച്ചു.
ഇപ്പോഴിതാ രോഹിതിനെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി ബിസിസിഐ രംഗത്തെത്തി. തുടയിലെ ഞരമ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് രോഹിത് ഐപിഎല്ലില്‍ ഇപ്പോള്‍ കളിക്കാനിറങ്ങാത്തത്.
ഞായറാഴ്ച ബിസിസിഐയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം രോഹിതിന്റെ പരിക്ക് സംബന്ധിച്ച് വിശദ പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധനയ്ക്ക് ശേഷം പരിക്കിന്റെ സ്ഥിതി വിലയിരുത്തി രോഹിതിനെ ഓസ്‌ട്രേലിയക്കതിരായ ടീമില്‍ ഉള്‍പ്പെടുത്തണമോ എന്ന് തീരുമാനിക്കും. പരിക്ക് ഉടന്‍ ഭേദമാകുമോ അതോ അദ്ദേഹത്തിന് ഇനിയും വിശ്രമം ആവശ്യമുണ്ടോ എന്ന കാര്യങ്ങളൊക്കെ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 10ന് നടക്കുന്ന ഐപിഎല്‍ ഫൈനലിന് ശേഷം 12ന് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തും. ഈ സമയത്ത് രോഹിത് പരിക്കില്‍ നിന്ന് പൂര്‍ണനായി മുക്തനായിട്ടുണ്ടെങ്കില്‍ താരവും ടീമിനൊപ്പമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates