ആരാധകരുടെ ചോദ്യങ്ങൾക്കു രസകരമായ മറുപടികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് സച്ചിൻ ആരാധകരുടെ ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരങ്ങൾ നൽകി ആവേശം തീർത്തത്. ഇന്ത്യ ക്രിക്കറ്റ് എന്ന റെഡ്ഡിറ്റ് കമ്മ്യൂണിറ്റിയിൽ നടന്ന ചാറ്റ് സെഷൻ ശ്രദ്ധേയമായി മാറി. ആരാധകർ വൈവിധ്യമാർന്ന ചോദ്യങ്ങളുമായി കളം വാണു. അതിനിടെ ഒരു ആരാധകൻ ഉത്തരം പറയുന്നത് ശരിക്കും സച്ചിൻ തന്നെയാണോ എന്ന ചോദ്യവും ഉന്നയിച്ചു. അതിനു സച്ചിൻ നൽകിയ തമാശ കലർന്ന മറുപടിയാണ് ചാറ്റിനെ കൂടുതൽ രസകരമാക്കിയത്.
'നിങ്ങൾ ശരിക്കും സച്ചിൻ ടെണ്ടുൽക്കർ തന്നെയാണോ? തെളിയിക്കാൻ ഒരു വോയ്സ് നോട്ട് തരാമോ'- എന്നായിരുന്നു ആരാധകന്റെ ചോദ്യം.
ആരാധകന്റെ ചോദ്യം പ്രദർശിപ്പിച്ച സ്ക്രീൻ ചൂണ്ടി നിൽക്കുന്ന ചിത്രം പങ്കിട്ടാണ് മാസ്റ്റർ ബ്ലാസ്റ്റാർ അതിനെ നേരിട്ടത്. 'ഇനി ആധാർ കാർഡ് കാണിക്കണോ?'- എന്ന മറു ചോദ്യമായിരുന്നു ചിത്രത്തിനു ശേഷം അദ്ദേഹം തമാശയോടെ നൽകിയ മറുപടി.
കരിയറിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ, അനുഭവങ്ങൾ എല്ലാം സച്ചിൻ ആരാധകരുമായി പങ്കിട്ടു. എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം സംയമനത്തോടെ മറുപടി നൽകി.
'കോടിക്കണക്കിനു ജനങ്ങളുടെ പ്രതീക്ഷകൾ തീർക്കുന്ന സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്തു'- മറ്റൊരു ചോദ്യം.
'ആയിരങ്ങൾ നിങ്ങളുടെ പിന്നിൽ അണിനിരക്കുമ്പോൾ ആ കരുത്ത് നമ്മെ മുന്നോട്ടു നയിക്കും'- സച്ചിന്റെ മറുപടി.
'ഏറ്റവും പ്രിയപ്പെട്ട ടെന്നീസ് താരം അരാണ്'- മറ്റൊരു ആരാധകന് അറിയേണ്ടത് അതായിരുന്നു.
'റോജർ ഫെഡറർ വിരമിച്ച ശേഷം, ഇപ്പോൾ കാർലോസ് അൽക്കരാസാണ് പ്രിയ താരം'- സച്ചിൻ.
മുൻ അംപയർ സ്റ്റീവ് ബെക്ക്നറെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. ഈ ചോദ്യത്തിനു സച്ചിൻ പറഞ്ഞ മറുപടിയും സോഷ്യൽ ലോകത്ത് വൈറലാണ്. 'ഞാൻ ബാറ്റിങിനു എത്തിയാൽ വിരലുയർത്താൻ സാധിക്കാത്ത വിധം അദ്ദേഹത്തിന്റെ കൈയിൽ ബോക്സിങ് ഗ്ലൗ ഇട്ടുകൊടുക്കാൻ ആഗ്രഹിച്ചിരുന്നു.'
ജോ റൂട്ട് 13,000 ടെസ്റ്റ് റൺസുമായി സച്ചിന്റെ റെക്കോർഡിനരികിലേക്ക് എത്തുന്നതിനെക്കുറിച്ചും ചോദ്യം വന്നു.
'നാഗ്പുരിൽ ജോ റൂട്ടിന്റെ ആദ്യ ടെസ്റ്റ് മത്സരം കണ്ടപ്പോൾ തന്നെ ഞാൻ ടീമംഗങ്ങളോടു പറഞ്ഞിരുന്നു അവൻ ഭാവിയിൽ ഇംഗ്ലണ്ട് ക്യാപ്റ്റനാകുമെന്നു. അദ്ദേഹം വിക്കറ്റ് വിലയിരുത്തി അതിനനുസരിച്ച് ബാറ്റിങ് ശൈലി മാറ്റുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. 13,000 റൺസ് എന്നത് മഹത്തായ നേട്ടമാണ്. ജോ റൂട്ട് കരുത്തോടെ മുന്നേറുന്നുണ്ട്'- സച്ചിൻ വ്യക്തമാക്കി.
15,921 റൺസുമായി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന അനുപമ റെക്കോർഡ് സച്ചിന്റെ പേരിലാണ്. അടുത്തിടെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പോരാട്ടമായ ആൻഡേഴ്സൻ- ടെണ്ടുൽക്കർ ട്രോഫിയിലാണ് റൂട്ട് 13,000 ടെസ്റ്റ് റൺസ് പിന്നിട്ടത്. സച്ചിനു പിന്നിൽ നിലവിൽ റൂട്ടാണ് രണ്ടാമത് നിൽക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates