അഹമ്മദാബാദ്: ഐപിഎല്ലിൽ ഒരു മോശം റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് താരം സായി സുദർശൻ. പ്ലേ ഓഫ് മത്സരങ്ങളിൽ രണ്ട് തവണ ഹിറ്റ് വിക്കറ്റായി പുറത്താകുന്ന താരമെന്ന മോശം റെക്കോർഡ് ആണ് സായിയുടെ പേരിലായത്. കഴിഞ്ഞ ദിവസം നടന്ന 'ക്വാളിഫയർ 2' മത്സരത്തിൽ രാജസ്ഥാനെതിരെയും 'ക്വാളിഫയർ 1'-ൽ ബംഗളുരുവിന് എതിരായ മത്സരത്തിലും താരം ഒരേ പോലെയാണ് പുറത്തായത്. ഇതോടെ വലിയ വിമർശനമാണ് സായി നേരിടുന്നത്.
രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗില്ലും സായ് സുദര്‍ശനും ചേർന്ന് മികച്ച രീതിയിലാണ് ബാറ്റിങ് ആരംഭിച്ചത്. 32 പന്തിൽ 52 റൺസ് നേടി മികച്ച ഫോമിലാണ് സായ് ബാറ്റ് വീശിയത്. എന്നാൽ ബ്രിജേഷ് ശര്‍മ എറിഞ്ഞ 12 ഓവറിന്റെ അഞ്ചാം പന്തിൽ സായിയ്ക്ക് പിഴച്ചു. പന്ത് ബൗണ്ടറിയിലേക്ക് പായിച്ചെങ്കിലും സായിയുടെ ബാറ്റ് കയ്യില്‍ നിന്ന് വഴുതി സ്റ്റംപില്‍ പതിച്ചു. സായി ഹിറ്റ് വിക്കറ്റ് ആകുന്നത് കണ്ട ഗില്‍ മുട്ടുകുത്തി ഗ്രൗണ്ടിലിരുന്നു പോയി.
സായിയുടെ പുറത്താകൽ കണ്ട മുൻ താരങ്ങളും തുറന്നടിച്ച് രംഗത്ത് എത്തി. 'ഇത് എങ്ങനെ സംഭവിച്ചു? എന്താണ് സായ് ഇപ്പോള്‍ ചെയ്തത്, എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഇനി മുതൽ കുറച്ച് പശ കയ്യില്‍ തേച്ചിട്ട് വേണം സായ് ഇനി ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടത്'' എന്ന് ഹര്‍ഷ ഭോഗ്ലെ പറഞ്ഞു. "രണ്ട് മത്സരങ്ങളിലും ഒരേ രീതിയിലാണ് സായ് പുറത്തായത്. സായിയുടെ കൈ ടേപ്പ് കൊണ്ട് ഒട്ടിച്ചുവെച്ച വിഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു. അടുത്ത മത്സരത്തിൽ ഞാനും അങ്ങനെ എന്തെങ്കിലും ചെയ്യേണ്ടി വരും," എന്നാണ് നായകൻ ഗിൽ പറഞ്ഞത്.
ഒന്നാം ക്വാളിഫയറില്‍ സായ് സുദര്‍ശന്‍ സമാന രീതിയിലാണ് പുറത്തായത്. മൂന്നാം ഓവറില്‍ ജേക്കബ് ഡഫിയെ ബൗണ്ടറിയടിക്കാൻ ശ്രമിക്കുന്നതിനിടെ ബാറ്റ് കയ്യില്‍ നിന്നും വഴുതി ലെഗ് സ്റ്റംപില്‍ പതിച്ചിരുന്നു. 2022ൽ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് സായ് സുദര്‍ശന്‍ ആദ്യമായി ഹിറ്റ് വിക്കറ്റായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates