മിച്ചൽ സാന്റ്നറുടെ പന്തിൽ പുറത്തായി മടങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പിടിഐ
Sports

പൊരുതാൻ പോലും മിനക്കെട്ടില്ല, ഇന്ത്യ തോറ്റു! ചരിത്രമെഴുതി ന്യൂസിലൻഡ്

ഇതാദ്യമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടി ന്യൂസിലന്‍ഡ്. 12 വര്‍ഷത്തിനു ശേഷം നാട്ടില്‍ ടെസ്റ്റ് പരമ്പര കൈവിട്ട് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

പുനെ: അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തോല്‍വി വഴങ്ങി ഇന്ത്യ ടെസ്റ്റ് പരമ്പര അടിയറ വച്ചു. ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പരയെന്ന നേട്ടം സ്വന്തമാക്കി. ഇന്ത്യ 12 വര്‍ഷത്തിനു ശേഷം സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര കൈവിട്ടു.

രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലന്‍ഡ് 2-0ത്തിനു ഉറപ്പിച്ചു.

359 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം 245 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 259 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ അവര്‍ 255 റണ്‍സും നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 156 റണ്‍സില്‍ അവസാനിച്ചിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ 7 വിക്കറ്റുകള്‍ വീഴ്ത്തിയ കിവി സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ രണ്ടാം ഇന്നിങ്‌സിലും മികവ് തുടര്‍ന്നു. താരം 6 വിക്കറ്റുകള്‍ നേടി. രണ്ടിന്നിങ്‌സിലുമായി താരം 13 വിക്കറ്റുകള്‍ കൊയ്തു.

മൂന്നാം ദിനം മികച്ച രീതിയില്‍ മുന്നോട്ടു പോയ ഇന്ത്യ പൊടുന്നനെയാണ് തകര്‍ന്നത്. 2 വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയില്‍ നിന്നു ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സിലേക്ക് വീണു. ഇന്ത്യക്കായി യശസ്വി ജയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. താരം 65 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം 77 റണ്‍സ് കണ്ടെത്തി.

രോഹിത് ശര്‍മ രണ്ടാം ഇന്നിങ്‌സിലും പരാജയമായി. ക്യാപ്റ്റന്‍ 8 റണ്‍സുമായി മടങ്ങി. ശുഭ്മാന്‍ ഗില്‍ (23), വിരാട് കോഹ്‌ലി (17), ഋഷഭ് പന്ത് (0), വാഷിങ്ടന്‍ സുന്ദര്‍ (21), സര്‍ഫറാസ് ഖാന്‍ (9), ആര്‍ അശ്വിന്‍ (18), ആകാശ് ദീപ് (1) എന്നിവരെല്ലാം അധികം ക്രീസില്‍ നില്‍ക്കാതെ മടങ്ങിയത് ഇന്ത്യക്ക് കനത്ത അടിയായി മാറി. രവീന്ദ്ര ജഡേജ 42 റണ്‍സുമായി ഒരറ്റത്ത് പൊരുതിയതിനാല്‍ സ്‌കോര്‍ 200 കടന്നു.

രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 255 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ടോം ലാതം ആണ് ടോപ്പ് സ്‌കോറര്‍. കിവി ക്യാപ്റ്റന്‍ 86 റണ്‍സ് കണ്ടെത്തി. ലാതം ഫോമിലേക്ക് മടങ്ങിയെത്തി ടീമിനെ മുന്നില്‍ നിന്നു നയിച്ചു. താരത്തിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി. ലാതം 86 റണ്‍സുമായി മടങ്ങി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണപ്പോഴും ഒരറ്റം കാത്ത് നിര്‍ണായക ബാറ്റിങുമായി ലാതം കളം വാണു. 133 പന്തുകള്‍ നേരിട്ട് താരം 10 ഫോറുകളും തൂക്കിയാണ് 86ല്‍ എത്തിയത്.

മൂന്നാം ദിവസം കളി തുടങ്ങിയപ്പോള്‍ തന്നെ ടോം ബ്ലന്‍ഡലിന്റെ വിക്കറ്റ് വീഴ്ത്തി രവീന്ദ്ര ജഡേജയാണ് വിക്കറ്റ് വീഴ്ത്തലിന് തുടക്കം കുറിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ന്യൂസിലന്‍ഡിന്റെ അഞ്ച് വിക്കറ്റുകളാണ് വീണത്. അതില്‍ മൂന്ന് വിക്കറ്റുകളും ജഡേജയ്ക്കായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 259 റണ്‍സിനു പുറത്തായ കിവികള്‍ ഇന്ത്യയെ 156 റണ്‍സില്‍ പുറത്താക്കി 103 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയത്.

ടോം ബ്ലന്‍ഡല്‍ (41) മിച്ചല്‍ സാന്റ്‌നര്‍ (4) അജാസ് പട്ടേല്‍ (1) റണ്‍സ് ഒന്നും എടുക്കാതെ സൗത്തിയും പുറത്തായി. വില്യം ഒറൂക്ക് റണ്‍ ഔട്ട് ആയി. ഗ്ലെന്‍ ഫിലിപ്‌സ് പുറത്താകാതെ 48 റണ്‍സ് നേടി. ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടന്‍ സുന്ദര്‍ തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍. നാല് വിക്കറ്റുകളാണ് സുന്ദര്‍ വീഴ്ത്തിയത്. രവീന്ദ്ര ജഡേജ മൂന്നും അശ്വിന്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി.

നേരത്തെ 33 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നര്‍ ആണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ അന്തകനായത്. 38 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 30 റണ്‍സ് വീതം എടുത്ത യശ്വസി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലുമാണ് ഭേദപ്പെട്ട പ്രകടനം പുറത്തടുത്ത മറ്റു രണ്ട് പേര്‍.

രണ്ടാം ദിനം ആദ്യം ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. 72 പന്തുകള്‍ നേരിട്ടാണ് ഗില്‍ 30 റണ്‍സ് എടുത്തത്. പിന്നീട് എത്തിയ വിരാട് കോഹ്ലിയും അതിവേഗം മടങ്ങി. ഒരു റണ്‍സ് മാത്രം നേടിയ വിരാടിനെ സാന്റ്‌നര്‍ തന്നെ മടക്കി. ഋഷഭ് പന്ത് (18) സര്‍ഫറാസ് ഖാന്‍ (11) അശ്വിന്‍ (4) രവീന്ദ്ര ജഡേജ (38) ആകാശ് ദീപ് (6) എന്നിവരെല്ലാം അധികം ക്രീസില്‍ നില്‍ക്കാതെ മടങ്ങി.

വാഷിങ്ടന്‍ സുന്ദര്‍ പുറത്താകാതെ 18 റണ്‍സ് നേടി. ന്യൂസിലന്‍ഡിനായി ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് വിക്കറ്റും സൗത്തി ഒരു വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 259 റണ്‍സിനു പുറത്തായിരുന്നു. വാഷിങ്ടന്‍ സുന്ദര്‍ ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

141 പന്തില്‍ 76 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. രചിന്‍ രവീന്ദ്രയും ന്യൂസിലന്‍ഡിനായി അര്‍ധ സെഞ്ച്വറി നേടി. 105 പന്തുകള്‍ നേരിട്ട താരം 65 റണ്‍സെടുത്തു പുറത്തായി. മിച്ചല്‍ സാന്റ്‌നര്‍ (33), വില്‍ യങ് (18), ഡാരില്‍ മിച്ചല്‍ (18), ടോം ലാതം (15) എന്നിവരാണ് ന്യൂസിലന്‍ഡിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT