കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സർഫറാസ് ഖാനെ ഉൾപ്പെടുത്തി. പരിക്കേറ്റ് പുറത്തായ സായ് സുദർശനു പകരമാണ് സർഫറാസ് വീണ്ടും ടീമിൽ ഇടം കണ്ടെത്തിയത്. ഇടവേളയ്ക്കു ശേഷമാണ് താരം തിരിച്ചെത്തുന്നത്. കാലിലെ പരിക്കിനെ തുടർന്ന് സായ്, ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയും പരിശീലനവുമായി തുടരുകയാണ്.
ആദ്യ ടെസ്റ്റിനു മുൻപ് താരം ഫിറ്റ്നസ് വീണ്ടെടുത്ത് കളിക്കുമെന്നായിരുന്നു മാനേജ്മെന്റിന്റെ പ്രതീക്ഷ. എന്നാൽ താരത്തിനു പരമ്പര പൂർണമായി നഷ്ടമാകുമെന്നു ഉറപ്പായിരുന്നു. പിന്നാലെയാണ് സർഫറാസിനെ ടീമിൽ ഉൾപ്പെടുത്തിയത്.
2024-25 കാലത്ത് ബോർഡർ- ഗാവസ്കർ ട്രോഫി കളിച്ച ശേഷം ഇതാദ്യമായാണ് താരം ടീമിൽ വീണ്ടും ഇടം പിടിക്കുന്നത്. ഇതുവരെയായി ഇന്ത്യക്കായി 6 ടെസ്റ്റുകൾ കളിച്ച താരം 37.10 റൺസ് ശരാശരിയിൽ 3 അർധ സെഞ്ച്വറികൾ ഉൾപ്പെടെ 317 റൺസ് നേടിയിട്ടുണ്ട്.
രഞ്ജി ട്രോഫിയിൽ കഴിഞ്ഞ കുറച്ചു സീസണുകളിലായി മികച്ച സ്ഥിരത പുലർത്തുന്ന താരമാണ് സർഫറാസ്. പലപ്പോഴും താരത്തിനു ഇന്ത്യൻ ടീമിൽ കാര്യമായ അവസരങ്ങൾ കിട്ടാറില്ല. മികവ് പുലർത്താനുള്ള, തിരിച്ചു വരവിനുള്ള സാധ്യതയാണ് താരത്തിനു മുന്നിൽ. 62 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നു 64.73 എന്ന മികച്ച ശരാശരിയുള്ള താരം കൂടിയാണ് സർഫറാസ്.
സായ് സുദർശനു പകരക്കാരനായി സർഫറാസ് ഖാൻ, ഷെയ്ക് റഷീദ് എന്നിവരെയാണ് ബിസിസിഐ പരിഗണിച്ചിരുന്നത്. ഫിറ്റ്നസ് പരിശോധനകൾക്കായി സർഫറാസ് സെന്റർ ഓഫ് എക്സലൻസിൽ ഒരാഴ്ചയായി തുടരുന്നുണ്ടായിരുന്നു.
സ്പിൻ ബൗളിങിനെ സമർഥമായി കളിക്കുന്നതിൽ മികച്ച റെക്കോർഡുള്ള താരമാണ് സർഫറാസ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടെസ്റ്റ് പോരാട്ടങ്ങളിൽ ഇന്ത്യയ്ക്കായി നേരത്തെ കളിച്ചതിന്റെ അനുഭവ സമ്പത്തുമാണ് സർഫറാസിനു ഗുണം ചെയ്തത്. താരത്തിനു എളുപ്പത്തിൽ ഇന്ത്യൻ ക്യാംപുമായി ഇണങ്ങാനും സാധിക്കും.
ഫിറ്റ്നസിന്റെ പേരിൽ നേരത്തെ വിമർശനങ്ങൾ നേരിട്ട സർഫാറാസ് ഈ വർഷം ശരീരഭാരം കുറച്ച് മികച്ച ഫിറ്റ്നസ് കൈവരിച്ചിരുന്നു. ഈ കഠിനാധ്വാനമാണ് താരത്തിനു വീണ്ടും ഇന്ത്യൻ ടീമിൽ ഇപ്പോൾ അവസരം ഒരുക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates