ശുഭ്മാന്‍ ഗില്ലിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സിക്കു പിന്നാലെയുള്ള ഏകദിന നായക പദവി ബിസിസിഐ പെട്ടെന്നെടുത്ത തീരുമാനമല്ല. മാസങ്ങള്‍ക്കു മുന്‍പ് തന്നെ ഇക്കാര്യത്തില്‍ ബോര്‍ഡിനുള്ളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഈ വര്‍ഷം ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായി ഗില്ലിനു കീഴില്‍ നടന്ന ഇംഗ്ലണ്ട് പരമ്പരയും ഇംഗ്ലീഷ് മണ്ണില്‍ ടീം കാഴ്ചവച്ച പ്രകടനവും ഏകദിന നായകനെന്ന പോസ്റ്റിലേക്കുള്ള അദ്ദേഹത്തിന്റെ വഴി കൂടുതല്‍ എളുപ്പമുള്ളതാക്കി.
ഇംഗ്ലീഷ് മണ്ണില്‍ മാരക ഫോമില്‍ ബാറ്റ് വീശി ടൂര്‍ണമെന്റില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായി ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ ആദ്യ പരമ്പരയില്‍ തന്നെ ഗില്‍ മാറിയിരുന്നു. നായകനെന്ന നിലയില്‍ മുന്നില്‍ നിന്നു അദ്ദേഹം ഉജ്ജ്വലമായി ടീമിനെ നയിച്ചു. എന്നാല്‍ ഈ ബാറ്റിങ് മികവിനു മാത്രമല്ല, നായക മാറ്റം ഡ്രസിങ് റൂമിലുണ്ടാക്കിയ പ്രതികരണത്തിനു കൂടി ഫുള്‍ മാര്‍ക്കിട്ടാണ് ബിസിസിഐ ഗില്ലിനായി ഏകദിന ക്യാപ്റ്റന്‍ പദവിയും നീട്ടിയത്.
ബിസിസിഐ മുന്നില്‍ കാണുന്നത് 2027ലെ ഏകദിന ലോകകപ്പാണ്. അതിനുള്ള വഴിയാണ് അവര്‍ ഇപ്പോള്‍ വെട്ടിയിരിക്കുന്നത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ മാത്രമാണ് രോഹിത് നിലവില്‍ ഇന്ത്യക്കായി കളിക്കുന്നത്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകള്‍ താരം അവസാനിപ്പിച്ചിരുന്നു. ഏകദിന നായകനെന്ന നിലയല്‍ അപരാജിതരായി ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കി നില്‍ക്കെയാണ് രോഹിതിന്റെ ഏകദിന നായക സ്ഥാനം പോകുന്നത്.
2027ലെ ലോകകപ്പ് ടീമിലെ സ്ഥാനത്തിനു ഉറപ്പില്ലെന്ന വ്യക്തമായ സൂചന ഗില്ലിനു പദവി നല്‍കിയതിലൂടെ ബിസിസിഐ രോഹിതിനു നല്‍കുന്നു. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഏകദിനത്തില്‍ രോഹിതിന്റെ റെക്കോര്‍ഡ് അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയുടെ ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള നായകനെ ആ സ്ഥാനത്തു നിന്നു പെട്ടെന്നു മാറ്റുക എന്ന തീരുമാനം ബിസിസിഐയെ ഏറെ കുഴപ്പിച്ച പ്രശ്‌നം കൂടിയായി മാറിയത് അതുകൊണ്ടാണ്.
ഇതോടെ പലവിധ ചര്‍ച്ചകള്‍ക്ക് ബോര്‍ഡ് തുടക്കമിട്ടു. 2027ലെ ലോകകപ്പ് വരെ നിലവിലെ ഫോമില്‍ രോഹിത് കളിക്കുമോ എന്ന സംശയവും തലപ്പത്തെ ചിലര്‍ ഉന്നയിച്ചിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അവര്‍ ഗില്ലുമായി ചര്‍ച്ച നടത്തി. മറ്റ് താരങ്ങളുമായും സംസാരിച്ചു. അവസാനമാണ് രോഹിതിനെ ടീമില്‍ നിലനിര്‍ത്തി ഗില്ലിനെ ഏകദിന നായക പദവിയിലേക്ക് കൊണ്ടു വരിക എന്ന നിര്‍ണായക തീരുമാനം അവര്‍ കൈക്കൊണ്ടത്.
2027 ലോകകപ്പ് വരെ നീളുന്ന രണ്ട് വര്‍ഷം ഒറ്റ ഫോര്‍മാറ്റില്‍ കളിക്കുക എന്നത് രോഹിതിനെ സംബന്ധിച്ചു ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. സമാന ചിന്തയാണ് ബോര്‍ഡിലെ പലര്‍ക്കുമുണ്ടായത്. ഒരു കലണ്ടര്‍ വര്‍ഷം അരങ്ങേറുന്ന ഏകദിന പോരാട്ടങ്ങളുടെ കണക്ക് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീമിനെ പ്രഖ്യാപിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിതിന്റെ നായക സ്ഥാനത്തു നിന്നുള്ള പടിയിറക്കത്തെ ന്യായീകരിച്ചത്. ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍ അരങ്ങേറിയ ചാംപ്യന്‍സ് ട്രോഫിയ്ക്കു ശേഷം രോഹിത് ഇന്ത്യക്കായി കളിച്ചിട്ടില്ല. അതിനിടെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചാണ് അവസാനമായി അദ്ദേഹം കളത്തിലെത്തിയത്.
ഇംഗ്ലണ്ടില്‍ കത്തും ഫോമില്‍ കളിച്ചതിനു പിന്നാലെ ഗില്ലിനായി ഇന്ത്യയുടെ ടി20 വാതിലും തുറക്കപ്പെട്ടിരുന്നു. വൈസ് ക്യാപ്റ്റനെന്ന പദവിയോടെ ഓപ്പണറായി അദ്ദേഹം ടീമിലെത്തി. ഈയടുത്ത് സമാപിച്ച ഏഷ്യ കപ്പ് ടി20 പോരാട്ടത്തില്‍ അദ്ദേഹം വൈസ് ക്യാപ്റ്റന്‍ പദവിയോടെ ഇന്ത്യക്കായി വീണ്ടും കളിക്കാനിറങ്ങി. ഈ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഏകദിന നായക പദവിയിലേക്കുള്ള ബിസിസിഐ സൂചനയാണ്. ടി20 ലോകകപ്പോടെ സൂര്യകുമാര്‍ യാദവിനെ നായക സ്ഥാനത്തു നിന്നു മാറ്റി ടി20യില്‍ ഗില്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുമെന്ന സൂചനകളും ബിസിസിഐ നല്‍കുന്നു.
വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റനാണ് രോഹിത്. എന്നാല്‍ പ്രായം അദ്ദേഹത്തിനു വെല്ലുവിളി ഉയര്‍ത്തുന്നതാണ്.
സമാനമാണ് കോഹ്‌ലിയുടേയും നില. ഇരുവരേയും ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ പോലും ബിസിസിഐയില്‍ രണ്ടഭിപ്രായങ്ങളുയര്‍ന്നു. രോഹിതിനെന്ന പോലെ കോഹ്‌ലിയ്ക്കും ഓസ്‌ട്രേലിയന്‍ പര്യടനം നിര്‍ണായകം. ചുരുക്കത്തില്‍ ഇരു താരങ്ങളുടേയും 2027ലെ ലോകകപ്പ് കളിച്ച് വിരമിക്കുകയെന്ന സ്വപ്‌നം നിലവിലെ സാഹചര്യത്തില്‍ ചോദ്യ ചിഹ്നത്തിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates