ദുബായ്: വെറും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് മാത്രമല്ല ജീവിതത്തില്‍ മറ്റ് ചില വൈകാരികതകള്‍ കൂടിയുണ്ടെന്നു ഓര്‍മപ്പെടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിനു പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് നായകന്റെ മറുപടി വന്നത്. പാക് മാധ്യമ പ്രവര്‍ത്തകനാണ് സൂര്യകുമാറിനോടു ഹസ്തദാന വിവാദത്തെക്കുറിച്ച് ചോദിച്ചത്.
'ജീവിതത്തില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് വളരെ കുറച്ചു കാര്യങ്ങള്‍ക്കു മാത്രമേ ആവശ്യമുള്ളു. പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളോടും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പമാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. നേരത്തെ പറഞ്ഞതു പോലെ ഓപ്പറേഷന്‍ സിന്ദൂരില്‍ പങ്കെടുത്ത ധീരരായ സൈനികര്‍ക്കു ഞങ്ങള്‍ ജയം സമര്‍പ്പിക്കുന്നു.'
'നോക്കു, ഞങ്ങള്‍ ഇവിടെ കളിക്കാനാണ് വന്നത്. സര്‍ക്കാരും ബിസിസിഐയുമാണ് ഞങ്ങളെ നിയോഗിച്ചത്. ഞങ്ങള്‍ ചില തീരുമാനങ്ങള്‍ എടുത്തു അതു നടപ്പാക്കി. പാകിസ്ഥാനു കളിച്ചു ജയിച്ച് ഉചിതമായ മറുപടി നല്‍കിയെന്നാണ് എന്റെ വിശ്വാസം.'
ഇന്ത്യ- പാക് പോരാട്ടം ബഹിഷ്‌കരിക്കണമെന്ന മുറവിളി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. ഇതിനെക്കുറിച്ചും ക്യാപ്റ്റന്‍ കാര്യങ്ങള്‍ വ്യക്തമാക്കി.
'സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകളെ കാര്യമായി ശ്രദ്ധിക്കാന്‍ മിനക്കടേണ്ടതില്ലെന്നു ഞാനും ടീം അംഗങ്ങളും ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. അപ്പോഴാണ് കളിയില്‍ ഫോക്കസ് സാധ്യമായത്. പുറത്തു നടക്കുന്നതിനെക്കുറിച്ചു ഞാനടക്കം ആരും കാര്യമായി അന്വേഷിച്ചില്ല. അതിനാല്‍ തന്നെ വേവലാതികളൊട്ടുമില്ലാതെയാണ് കളിയെ സമീപിച്ചത്'-സൂര്യകുമാർ വ്യക്തമാക്കി.
ഇന്ത്യ- പാകിസ്ഥാൻ ടീമുകൾ ഫൈനലിൽ നേർക്കുനേർ വരികയും ഇന്ത്യ ചാംപ്യൻമാരാകുകയും ചെയ്താൽ നിലവിലെ പാക് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് മൊഹ്സിൻ നഖ്‍വിയായിരിക്കും കിരീടം സമ്മാനിക്കുക. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവൻ കൂടിയാണ് നഖ്‍വി. അങ്ങനെ സംഭവിച്ചാൽ ഇന്ത്യ അദ്ദേഹത്തിന്റെ കൈയിൽ നിന്നു കിരീടം വാങ്ങിയേക്കില്ലെന്നു തീരുമാനിച്ചതായി ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. സൂര്യകുമാർ യാദവ് അതിനു തയ്യാറാകില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ മാസം 28നാണ് ഫൈനൽ.
എതിര്‍പ്പ് ശക്തമായ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കേണ്ടെന്ന് നിര്‍ദേശം നല്‍കിയത് പരിശീലകന്‍ ഗൗതം ഗംഭീറാണെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൈകൊടുക്കരുതെന്ന ഗംഭീറിന്റെ നിര്‍ദേശം താരങ്ങള്‍ ഇത് അതേപടി അനുസരിക്കുകയും ചെയ്തു. പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തുനിന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. കൈകൊടുക്കരുതെന്ന് നിര്‍ദേശത്തിന് പുറമേ മറ്റുചില നിര്‍ദേശങ്ങളും ഗംഭീര്‍ നല്‍കിയിരുന്നു. താരങ്ങളുമായി വാക്‌പോരില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും ഗംഭീര്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന് കൈകൊടുത്തിരുന്നില്ല. പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates