റെയ്കാവിക്: ടി20 ലോകകപ്പിൽ നിന്നു പിൻമാറിയേക്കുമെന്ന അഭ്യൂഹങ്ങൾ നിൽക്കുന്നതിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ട്രോളി ഐസ്‍ലൻഡ് ക്രിക്കറ്റ് ടീം. ടി20 ലോകകപ്പിൽ നിന്നു ബംഗ്ലാദേശിനെ പുറത്താക്കിയതിനു പിന്നാലെ പാകിസ്ഥാൻ അവർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി പാകിസ്ഥാനും ലോകകപ്പ് ബഹിഷ്കരിക്കുമെന്ന വാർത്തകളും വന്നു. പിന്നീട് ഐസിസി കണ്ണുരുട്ടിയതോടെ അവർ ടീമിനെ പ്രഖ്യാപിച്ചെങ്കിലും ബഹിഷ്കരണ അഭ്യൂഹങ്ങൾക്ക് കുറവൊന്നും വന്നില്ല. ഇന്ത്യയുമായുള്ള മത്സരം ഒഴിവാക്കാൻ പാകിസ്ഥാൻ ആലോചിക്കുന്നതായും വാർത്തകളുണ്ടായിരുന്നു. അതിനിടെയാണ് പാക് ടീമിനെ കൊട്ടി ഐസ്‍ലൻഡിന്റെ വരവ്.
പാകിസ്ഥാൻ ലോകകപ്പ് കളിക്കുന്നില്ലെങ്കിൽ തങ്ങൾ അതിനു തയ്യാറാണെന്നു ഐസ്‍ലൻഡ് ക്രിക്കറ്റ് ടീം പറയുന്നു. ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച് ബംഗ്ലാദേശ് നിലപാടെടുത്തിരുന്നു. പിന്നാലെയാണ് ഐസിസി അവരെ പുറത്താക്കിയത്. പകരം കളിക്കാൻ സ്കോട്ലൻഡിനാണ് ഐസിസി അവസരം നൽകിയത്. ഇക്കാര്യം കൂടി മുൻനിർത്തിയാണ് ഐസ്‍ലൻഡിന്റെ പ്രതികരണം. തങ്ങൾ ഇന്ത്യയിലേക്ക് വിമാനം കയറാൻ ഒരുങ്ങി നിൽക്കുകയാണെന്നും അവർ എക്സിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു.
'ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ച് പാകിസ്ഥാൻ എത്രയും വേഗം തീരുമാനെടുക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ഫെബ്രുവരി 2നു അവർ പിൻമാറിയാൽ ഉടൻ പറക്കാൻ ഞങ്ങൾ ഒരുക്കമാണ്. എന്നാൽ ഫെബ്രുവരി ഏഴിനു കൊളംബോയിൽ എത്താനുള്ള വിമാന ഷെഡ്യൂളുകൾ കാരണം ഏകോപനം ഒരു പേടിസ്വപ്നമാണ്. ഞങ്ങളുടെ ഓപ്പണിങ് ബാറ്റ് ഉറങ്ങിയിട്ടില്ല!'.
ഞങ്ങളുടെ ക്യാപ്റ്റന് ബേക്കറിയിൽ ജോലിക്ക് പോകണം
സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ ഐസിസിക്ക് തുറന്ന കത്തെന്ന രീതിയിൽ പോസ്റ്റ് ചെയ്ത അവരുടെ മറ്റൊരു കുറിപ്പും ശ്രദ്ധേയമായി. പാകിസ്ഥാനു പകരം ടി20 ലോകകപ്പിൽ പങ്കെടുക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്നു ഖേദപൂർവം അറിയിക്കട്ടെ എന്നു തുടങ്ങുന്നതാണ് കുറിപ്പ്. ടീമിലുള്ള പല താരങ്ങളും പ്രൊഫഷണൽ ക്രിക്കറ്റർമാരല്ലെന്നും അവർ മറ്റ് പല ജോലികൾ ചെയ്യുന്നവരാണെന്നും കുറിപ്പിലുണ്ട്. അതുകൊണ്ടു തന്നെ ചുരുങ്ങിയ സമയത്തിനുള്ള പ്രൊഫഷണലായി തയ്യാറെടുക്കുന്നതിനു പരിമിതികളുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
'ജീവിതത്തിന്റെ നാനാതുറകളിലുള്ളവരാണ് തങ്ങളുടെ താരങ്ങൾ. ജോലി ഉപേക്ഷിച്ച് ലോകമെമ്പാടും പറക്കാൻ അവർക്ക് സാധിക്കില്ല. ബേക്കറി ജീവനക്കാരനായ ഐസ്‍ലൻഡ് ക്യാപ്റ്റനു ഓവൻ വൃത്തിയാക്കേണ്ടതുണ്ട്. ടീമിലെ കപ്പൽ ക്യാപ്റ്റനു കപ്പലോടിക്കാൻ പോകണം. ബാങ്കർമാർ പാപ്പരായാൽ മാത്രമേ അവർക്ക് ക്രിക്കറ്റിലേക്ക് പൂർണ ശ്രദ്ധ നൽകാൻ സാധിക്കു. അമച്വർ ക്രിക്കറ്റിലെ ചില കഠിനമായ യാഥാർഥ്യങ്ങളാണ് ഇതെല്ലാം.'
'ലോകത്തെ ഏറ്റവും സമാധാനുള്ള രാജ്യമാണ് ഞങ്ങളുടേത്. കാര്യം ശരിതന്നെ. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഞങ്ങള്‍ക്കൊരു സൈന്യം തന്നെയുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള 14ാം ക്രിക്കറ്റ് ബോര്‍ഡാണ് ഞങ്ങള്‍. ഞങ്ങള്‍ ലോകകപ്പ് കളിക്കുന്നില്ലെന്ന വാര്‍ത്ത ആരാധകരെ ശരിക്കും നിരാശലാക്കും. ഞങ്ങളുടെ നഷ്ടം ഉഗാണ്ടയ്ക്ക് നേട്ടമായിരിക്കും. അവര്‍ക്ക് ആശംസകള്‍ നേരുന്നു.'
ഐസ്‌ലന്‍ഡ് ക്രിക്കറ്റ് നേരിടുന്ന അവസ്ഥ കൂടി അവര്‍ പരോക്ഷമായി കുറിപ്പില്‍ പറയുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള പ്രത്യാശ പങ്കിട്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇന്ത്യൻ മണ്ണിൽ ലോകകപ്പ് കളിക്കില്ലെന്ന കർശന നിലപാടിൽ ബംഗ്ലാദേശ് ഉറച്ചു നിന്നതോടെയാണ് ഐസിസി നടപടിയെടുത്തത്. അവരെ പങ്കെടുപ്പിക്കാൻ ഐസിസി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ബംഗ്ലാദേശിനെ പുറത്താക്കിയത് പാകിസ്ഥാനെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെയാണ് അവരുടെ ബഹിഷ്കരണ ആലോചന വന്നത്. ബംഗ്ലാദേശിനു പിന്തുണ പ്രഖ്യാപിച്ച് ലോകകപ്പ് ബഹിഷ്കരിച്ചാൽ പാകിസ്ഥാൻ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നു ഐസിസി അവർക്ക് മുന്നറിയിപ്പ് നൽകി. ഇതും പാകിസ്ഥാനെ ചൊടിപ്പിച്ചു.
എന്നാൽ ഐസിസി മുന്നറിയിപ്പിനു പിന്നാലെ പാകിസ്ഥാൻ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. പാകിസ്ഥാൻ ലോകകപ്പ് കളിക്കുമെന്നും എന്നാൽ ഇന്ത്യയുമായുള്ള മത്സരം ഒഴിവാക്കാൻ ആലോചിക്കുന്നതായും റിപ്പോർട്ടുകൾ വന്നു. ഈ വർത്തകൾ പ്രചരിച്ചതിനു പിന്നാലെ ഐസിസി വീണ്ടും വടിയെടുത്തു. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചാൽ കോടികൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുടക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഐസിസി നൽകിയത്.
ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാൽ ബ്രോഡ്കാസ്റ്റർമാർക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം പിസിബി നൽകേണ്ടി വരും. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഇത്രയും ഭീമമായ തുക ചിന്തിക്കാവുന്നതിനും അപ്പുറമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates