t20 world cup x
Sports

ബെന്നറ്റ് ഞെട്ടിച്ചു, അത്രമാത്രം! ജയിച്ചു കയറി ഇന്ത്യ, സെമിയുറപ്പിക്കാന്‍ ഇനി വിന്‍ഡീസിനെ വീഴ്ത്തണം

ഇന്ത്യക്ക് 72 റണ്‍സ് ജയം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8ലെ നിര്‍ണായക പോരാട്ടത്തില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം. സിംബാബ്‌വെയെ അതിവേഗം പുറത്താക്കി നെറ്റ് റണ്‍റേറ്റ് സുരക്ഷിതമാക്കി രണ്ടാം സ്ഥാനത്തേക്ക് കയറാനുള്ള ഇന്ത്യന്‍ മോഹം നടന്നില്ലെങ്കിലും ഭേദപ്പെട്ട വിജയം തന്നെ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ 72 റണ്‍സിനു പോരാട്ടം ജയിച്ചു കയറി. അടുത്ത മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാം.

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി. മറുപടി ബാറ്റിങില്‍ ഇന്ത്യയെ വിറപ്പിച്ചാണ് സിംബാബ്‌വെ തോല്‍വി സമ്മതിച്ചത്. അവരുടെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു.

ഓപ്പണറായി എത്തി പുറത്താകാതെ നിന്ന ബ്രയാന്‍ ബെന്നറ്റിന്റെ ഒറ്റയാള്‍ പോരാട്ടം വിഫലമായി. താരം 60 പന്തില്‍ 97 റണ്‍സെടുത്തു. 8 ഫോറും 6 സിക്‌സും അടങ്ങുന്ന ഉജ്ജ്വല ഇന്നിങ്‌സാണ് താരം കളിച്ചത്. അര്‍ഹിച്ച സെഞ്ച്വറിയിലേക്ക് താരത്തിനു എത്താനായില്ല.

21 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും പൊരുതി നോക്കി. എന്നാല്‍ അതും മതിയായില്ല. 2 സിക്‌സുകള്‍ സഹിതം 20 റണ്‍സെടുത്ത മറുമാനിയാണ് തിളങ്ങിയ മറ്റൊരാള്‍.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ശിവം ദുബെയുടെ ബൗളിങ് പക്ഷേ ദയനീയമായിരുന്നു. താരത്തിന്റെ രണ്ടോവറില്‍ പിറന്നത് 46 റണ്‍സ്!

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് പടുത്തുയര്‍ത്തിയത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടീം ടോട്ടല്‍ റെക്കോര്‍ഡും ഇന്ത്യ സ്വന്തം പേരിലാക്കി. സഞ്ജു സാംസണ്‍ മുതല്‍ തിലക് വര്‍മ വരെ എല്ലാവരും മിന്നും ഫോമില്‍ ബാറ്റ് വീശി. അഭിഷേക് ശര്‍മയും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടി. ഇറങ്ങിയ എല്ലാവരും സിക്‌സുമടിച്ചു. 17 സിക്‌സുകളാണ് ഇന്ത്യ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അടിച്ചു കൂട്ടിയത്.

അഭിഷേക് ശര്‍മ മിന്നും അര്‍ധ സെഞ്ച്വറിയുമായി ഫോമിലേക്ക് വന്നു. തിലക് വര്‍മ തണുപ്പന്‍ ബാറ്റിങ് മാറ്റി കത്തിക്കയറി. കിടിലന്‍ കാമിയോ ഇന്നിങ്‌സുമായി ഹര്‍ദിക് പാണ്ഡ്യയും തിളങ്ങി. ഒപ്പം മൂന്നാമനായി ഇറങ്ങി ഇഷാന്‍ കിഷനും തന്റേതായ സംഭവാന നല്‍കി. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ഓപ്പണിങ് വീണ്ടും വന്നതോടെ ഇന്ത്യയുടെ കളി അടിമുടി മാറുന്ന കാഴ്ചയായിരുന്നു. മികച്ച തുടക്കമിട്ടാണ് സഞ്ജു മടങ്ങിയത്.

ടോസ് നേടി സിംബാബ്‌വെ ബൗളിങെടുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് നിര്‍ത്തിയ ഇടത്തു നിന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ തുടക്കം. സഞ്ജുവും അഭിഷേകും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. അതിവേഗമാണ് ഇരുവരും സ്‌കോര്‍ ചെയ്തത്. 3.4 ഓവറില്‍ ടീം സ്‌കോര്‍ 48ല്‍ എത്തിയപ്പോഴാണ് സഞ്ജുവിനെ മടക്കി സിംബാബ്‌വെ കൂട്ടുകെട്ട് പൊളിച്ചത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യന്‍ ഓപ്പണിങ് ക്ലച്ച് പിടിച്ച ദിവസം കൂടിയാണിന്ന്. പിന്നീടെത്തിയ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനുമെല്ലാം മിന്നും തുടക്കം ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാനുള്ള കരുത്തു പകര്‍ന്നു.

മുസര്‍ബാനിയുടെ പന്തില്‍ സഞ്ജുവിനെ റയാന്‍ ബുല്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സഞ്ജു 15 പന്തില്‍ 24 റണ്‍സുമായി മടങ്ങി. ഇത്തവണയും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരം വീണത്. 2 സിക്‌സും ഒരു ഫോറും അടിച്ചാണ് മലയാളി താരത്തിന്റെ മടക്കം.

മൂന്നാമനായി ഇഷാന്‍ ക്രീസിലെത്തി. താരവും മികച്ച ഷോട്ടുകളുമായി കളം വാണു. സ്‌കോര്‍ 120ല്‍ നില്‍ക്കെ ഇഷാന്‍ പുറത്ത്. താരം 24 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്തു.

അര്‍ധ സെഞ്ച്വറിയടിച്ച് ഓപ്പണര്‍ അഭിഷേക് ശര്‍മ നിര്‍ണായക ഘട്ടത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തി. 3 പൂജ്യങ്ങള്‍ക്കും ഒരു 14 റണ്‍സിനും ശേഷമാണ് അഭിഷേക് അര്‍ധ സെഞ്ച്വറി നേടി മികവിലേക്ക് മടങ്ങിയെത്തിയത്.

4 സിക്‌സും 3 ഫോറും സഹിതം താരം 26 പന്തില്‍ 50 റണ്‍സിലെത്തി. സ്‌കോര്‍ 13 ഓവറില്‍ 150ല്‍ എത്തിയപ്പോള്‍ അഭിഷേക് പുറത്തായി. താരം 30 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 55 റണ്‍സെടുത്തു മടങ്ങി.

സൂര്യകുമാര്‍ യാദവാണ് നാലാമനായി മടങ്ങിയത്. താരം 13 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 33 റണ്‍സെടുത്തു. അതിനു ശേഷം ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്നതോടെ തിരക്കഥ പാടെ മാറി.

അവസാന 31 പന്തില്‍ ഹര്‍ദികും തിലകും ചേര്‍ന്നു ബോര്‍ഡില്‍ ചേര്‍ത്തത് 84 റണ്‍സ്. ഹര്‍ദിക് 23 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 50 റണ്‍സടിച്ച് പുറത്താകാതെ നിന്നു.

ക്രീസിലെത്തിയ ഉടനെ രണ്ട് തുടര്‍ ഫോമുകളുമായി കളിച്ചു തുടങ്ങിയ തിലക് ഇതാദ്യമായി തന്റെ പ്രതിഭയോട് നീതി പുലര്‍ത്തി. താരം വെറും 16 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 44 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ ഹര്‍ദികിനൊപ്പം ക്രീസില്‍ തുടര്‍ന്നു.

t20 world cup india vs Zimbabwe: Brian Bennett continues to play the lone warrior knock for his team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരള സ്‌റ്റോറി 2: റിലീസ് തടഞ്ഞതിനെതിരെയുള്ള അപ്പീല്‍ വിധി പറയാന്‍ മാറ്റി

പീഡനക്കേസ് ഇരകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി, ആര്‍ ശ്രീലേഖയ്ക്ക് എതിരെ പോക്‌സോ കേസ്

ഒടുവിൽ സ്റ്റേഡിയം വാടകയിൽ സമവായം; ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ല

ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ അപകടം; അതിഥിതൊഴിലാളി മരിച്ചു

ഇന്ത്യ 256 അടിച്ചു, ഇനി സിംബാബ്‌വെയെ എത്ര റണ്‍സിന് തോല്‍പ്പിക്കണം? 'നെറ്റ് റണ്‍റേറ്റ് കടമ്പ' ഇങ്ങനെ

SCROLL FOR NEXT