മിലാന്‍: ഫുട്‌ബോളിന്റേയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടേയും അതിപ്രസരത്തില്‍ മുങ്ങിപ്പോയ ഇറ്റാലിയന്‍ ക്രിക്കറ്റ് സമീപ കാലത്താണ് മുഖ്യധാരയിലേക്ക് വരുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായി അരങ്ങേറുന്ന ടി20 ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി ഇറ്റലിയും കളിക്കുന്നു. പല രാജ്യങ്ങളില്‍ വംശ വേരുകളുള്ള ഒരുകൂട്ടം താരങ്ങളാണ് ഇറ്റലി ക്രിക്കറ്റ് ടീമിന്റെ നട്ടെല്ല്. അവരുടെ ടീമില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് വംശജരും അവിടെ ജനിച്ചവരുമൊക്കെയുണ്ട്. ഇത്തവണ ആദ്യമായി ലോകകപ്പ് കളിക്കുന്ന ടീമും അസൂറികളാണ്.
1893
കൃത്യം പറഞ്ഞാല്‍ 19ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇറ്റലിയില്‍ ക്രിക്കറ്റ് ഉണ്ട്. 1893ല്‍ ഇംഗ്ലീഷ് കോണ്‍സല്‍മാര്‍ ജെനോവ ക്രിക്കറ്റ് ആന്‍ഡ് അത്‌ലറ്റിക്ക് ക്ലബ് സ്ഥാപിക്കുന്നതില്‍ തുടങ്ങുന്നു അവരുടെ ക്രിക്കറ്റ് യാത്ര. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കു ശേഷം ജെനോവ ക്ലബിന്റെ ശ്രദ്ധ ക്രിക്കറ്റില്‍ നിന്നു ഫുട്‌ബോളിലേക്ക് മാറി. നിലവില്‍ ഇറ്റാലിയന്‍ സീരി എയില്‍ കളിക്കുന്ന ജനോവ ക്ലബിന്റെ പിറവി അങ്ങനെയാണ്.
1899
പിന്നീട് 1899ല്‍ വിദേശ മണ്ണില്‍ ആദ്യമായി ഫുട്‌ബോള്‍ കളിച്ച ഇംഗ്ലീഷുകാരന്‍ എന്നു പെരുമയുള്ള ഹെര്‍ബര്‍ട്ട് കില്‍പിന്‍ ഒരു ബാറില്‍ വച്ച് വ്യവസായിയായ ആല്‍ഫ്രഡ് എഡ്വേര്‍ഡ്‌സിനെ കണ്ടുമുട്ടുന്നു. ഒരു പുതിയ ക്ലബ് രൂപീകരിക്കാന്‍ കില്‍പിന്‍ ആല്‍ഫ്രഡിനോടു സഹായം ചോദിക്കുന്നു. മിലാന്‍ ക്രിക്കറ്റ് ആന്‍ഡ് ഫുട്‌ബോള്‍ ക്ലബ് എന്ന പേരില്‍ ഒരു ടീം അവര്‍ രൂപീകരിക്കുന്നു. ഈ ക്ലബും തുടക്കത്തില്‍ ക്രിക്കറ്റിനു പ്രാധാന്യം നല്‍കിയെങ്കിലും പിന്നീട് അവരുടെ കൂടുതല്‍ ശ്രദ്ധയും ഫുട്‌ബോളിലേക്കു തന്നെ മാറി. 1919ഓടെ ക്ലബ് ക്രിക്കറ്റ് പാടെ ഉപേക്ഷിച്ച് പൂര്‍ണ ശ്രദ്ധയും ഫുട്‌ബോളിലേക്ക് മാറ്റി. ഈ ക്ലബാണ് പില്‍ക്കാലത്ത് ചാംപ്യന്‍സ് ലീഗ് കിരീടമടക്കം നേടിയ വമ്പന്‍മാരായ ഇപ്പോഴത്തെ എസി മിലാന്‍.
1960
20ാം നൂറ്റാണ്ട് പകുതി പിന്നിട്ടപ്പോള്‍ റോമിലും ക്രിക്കറ്റ് പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും പ്രൊഫഷണല്‍ മത്സരങ്ങളായിരുന്നില്ല. ഇറ്റലിയിലെ രാഷ്ട്രീയ കാലാവസ്ഥയെ അതിജീവിക്കാനുള്ള കെല്‍പ്പ് അപ്പോഴും ക്രിക്കറ്റിനുണ്ടായിരുന്നില്ല. പിന്നീട് റോമിലെ അനൗപചാരിക ക്രിക്കറ്റ് പോരാട്ടങ്ങളും മെല്ലെ മെല്ലെ വിസ്മൃതിയിലേക്ക് മറഞ്ഞു. സമീപ കാലം വരെ ഇറ്റാലിക്കാര്‍ക്ക് ക്രിക്കറ്റ് ഒരു ചരിത്ര കൗതുകം മാത്രമായിരുന്നു.
2026
നൂറ്റാണ്ടുകളായി കാത്തിരുന്ന സ്വപ്‌നം ഇറ്റലി ഒടുവില്‍ സാധ്യമാക്കിയതാണ് ഇത്തവണത്തെ ടി20 ലോകകപ്പിലെ അവരുടെ പങ്കാളിത്തം. യൂറോപ്യന്‍ യോഗ്യതാ പോരാട്ടം കളിച്ച് ജയിച്ചാണ് അവര്‍ ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. പ്രൊഫഷണല്‍ കരാറുകള്‍ ഒന്നുമില്ലാതെയാണ് ഇറ്റാലിയന്‍ താരങ്ങള്‍ കളിക്കാനിറങ്ങുന്നത്. എങ്കിലും അതൊന്നും അവരുടെ ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെ ഇല്ലാതാക്കുന്നില്ല്. ആ ടീമിന്റെ കരുത്തും അതു തന്നെയാണ്.
42കാരനായ വെയ്ന്‍ മാഡ്‌സനാണ് അവരുടെ ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച, ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡ് ഹോക്കി താരമായിരുന്ന വെയ്ന്‍ മാഡ്‌സനെ കഴിഞ്ഞ വര്‍ഷമാണ് ഇറ്റലിയുടെ നായകനായി അവരോധിക്കുന്നത്. ഓസ്‌ട്രേലിയക്കാരാനായ ജോ ബേണ്‍സായിരുന്നു നേരത്തെ ക്യാപ്റ്റനായിരുന്നത്.
വെയ്ന്‍ മാഡ്‌സനെ കൂടാതെ ഹാരി മനെന്റി, ബെഞ്ചമിന്‍ മനെന്റി സഹോദരന്‍മാര്‍, ആന്റണി മൊസ്‌ക്ക, ജസ്റ്റിന്‍ മൊസ്‌ക്ക സഹോദരന്‍മാരും ടീമിലെ നിര്‍ണായക താരങ്ങളാണ്. ഇറ്റലിക്ക് ലോകകപ്പ് യോഗ്യത സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് ഹാരി മനെന്റിയുടെ ബാറ്റിങ് മികവാണ്. യൂറോപ്യന്‍ യോഗ്യതാ പോരാട്ടത്തില്‍ ടൂര്‍ണമെന്റിലെ താരമായത് ഹാരിയാണ്.
ടി20 ലോകകപ്പ്
ഗ്രൂപ്പ് സിയില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കൊപ്പമാണ് ഇറ്റലി കളിക്കുന്നത്. ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാള്‍, സ്‌കോട്‌ലന്‍ഡ്, വെസറ്റ് ഇന്‍ഡീസ് ടീമുകളാണ് ഗ്രൂപ്പ് സിയില്‍ മാറ്റുരയ്ക്കുന്നത്.
ഫെബ്രുവരി 9ന് സ്‌കോട്‌ലന്‍ഡുമായാണ് അവരുടെ ആദ്യ പോരാട്ടം. രണ്ടാം പോരാട്ടത്തില്‍ ഫെബ്രുവരി 12നു അവര്‍ നേപ്പാളിനെ നേരിടും. 16ന് ഇംഗ്ലണ്ടുമായും 19ന് വിന്‍ഡീസുമായും അവര്‍ ഏറ്റുമുട്ടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates