ജി കമാലിനി, സി ജോസഫ് വിജയ്‌ 
Sports

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണത്തിളക്കം; കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിജയ്

പ്രതിഭാധനരായ കായികതാരങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ തുടര്‍ന്നും പിന്തുണ നല്‍കുമെന്നും വിജയ്

Author : ബിജീഷ് ബാലകൃഷ്ണൻ

ചെന്നൈ: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വനിത ടി20 ക്രിക്കറ്റില്‍ ഇന്ത്യ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് പ്രഖ്യാപനം. മധുര സ്വദേശിനിയായ കമാലിനിയുടെ നേട്ടത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി, തമിഴ്‌നാട് സര്‍ക്കാരിന്റെ സമ്മാനമായാണ് പാരിതോഷികം നല്‍കുന്നതെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പില്‍ അറിയിച്ചു.

സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിനും, ടീമിലെ അംഗമായ കമാലിനിക്കും വിജയ് അഭിനന്ദനം അറിയിച്ചു. കമാലിനിയുടെ നേട്ടത്തെ ആദരിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ 75 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിഭാധനരായ കായികതാരങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ തുടര്‍ന്നും പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കമാലിനിയുടെ വിജയം തമിഴ്‌നാട്ടിലെ യുവാക്കള്‍ക്കും വനിതകള്‍ക്കും പുതിയ പ്രചോദനവും ആത്മവിശ്വാസവും നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കമാലിനിക്ക് ആശംസകളും അറിയിച്ചു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍-ബാറ്ററാണ് കമാലിനി. 2024ലെ വനിതാ അണ്ടര്‍-19 ഏഷ്യ കപ്പിലും 2025ലെ അണ്ടര്‍-19 വനിതാ ടി20 ലോകകപ്പിലും ഇന്ത്യയുടെ വിജയത്തില്‍ കമാലിനി പങ്കാളിയായിരുന്നു. വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച താരം, 2025 ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.

അതേസമയം, ഏഷ്യന്‍ ഗെയിംസിലെ വനിതാ ടി20 ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ 147 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണ നേട്ടമാണിത്. 2022ലെ ഹാങ്ചോ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണം നേടിയിരുന്നു.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. സ്മൃതി മന്ധാന 79 റണ്‍സും ഷെഫാലി വര്‍മ 48 റണ്‍സും റിച്ച ഘോഷ് പുറത്താകാതെ 49 റണ്‍സും നേടി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 69 റണ്‍സിന് പുറത്തായി. ദീപ്തി ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷെഫാലി, ശ്രീ ചരണി, ശ്രേയങ്ക പാട്ടീല്‍ എന്നിവരുടെ ബൗളിങ്ങും നിര്‍ണായകമായി.

Tamil Nadu CM Vijay announces Rs. 75 lakh cash reward for Kamalini after Asiad gold

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭിന്നാഭിപ്രായം സ്വാഭാവികം, എസ്‌ഐആറിലെ തീരുമാനങ്ങള്‍ ഏകകണ്ഠം; വാര്‍ത്തയില്‍ വന്നത് ഒരുവശം മാത്രം'

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

ടിഗോറിന്റെ അപ്‌ഡേറ്റഡ് പതിപ്പ്; ടാറ്റ ഏരിസിന്റെ കുടുതല്‍ ഫീച്ചറുകള്‍ അറിയാം, ടീസര്‍ പുറത്ത്

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: എസ്‌ഐടി രൂപികരിച്ചു; എച്ച് വെങ്കിടേഷ് നേതൃത്വം നല്‍കും; എസ്പി വിക്രമന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

പ്ലാസ്റ്റിക് കണ്ടെയ്നറിലാണോ പുളിയും പഞ്ചസാരയും സൂക്ഷിക്കുന്നത്?