കോഴിക്കോട്: മകന്റെ കായികസ്വപ്നത്തിനായി ഒന്നര ഏക്കര്‍ കൃഷിയിടം വിട്ടുനല്‍കിയ അച്ഛന്‍, യുട്യൂബ് വിഡിയോ കണ്ട് ഹാമര്‍ ത്രോ പഠിച്ച മകന്‍. സ്‌കൂള്‍ കായിക മേളയില്‍ ഹാമര്‍ ത്രോയില്‍ 56.32 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണ നേട്ടത്തിലെത്തിയ മോസസ് ബിനു വര്‍ഗീസിന്റെ നേട്ടത്തിന് ഇരട്ടിമധുരം. കൊല്ലം പതാരം എസ്.എം.എച്ച്. എസ്.എസിലെ പ്ലസ്ടു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് മോസസ്.
കൊറോണക്കാലത്താണ് മോസസ് ഹാമര്‍ ത്രോയില്‍ പരിശീലനം ആരംഭിച്ചത്. സ്‌കൂളില്‍ ആവശ്യമായ പരിശീലനസൗകര്യങ്ങളില്ലായിരുന്നു. നാട്ടില്‍ പരിശീലകനെയും കണ്ടെത്താനായില്ല. ഒളിംപിക് ഹാമര്‍ത്രോയില്‍ സ്വര്‍ണം നേടിയ താരങ്ങളുടെ യുട്യൂബ് വിഡിയോ കണ്ടാണ് മോസസ് പരിശീലനം തുടങ്ങിത്. പിതാവ് ബിനു വര്‍ഗീസും മാതാവ് ബിന്‍സി ബിനുവും നല്‍കുന്ന പ്രോത്സഹനമാണ് ഊര്‍ജം.
കൊല്ലം വെസ്റ്റ് കല്ലടയിലെ പെരുമ്പള്ളില്‍ തറയില്‍ വീട്ടില്‍ താമസിക്കുന്ന ബിനു മകന് പരിശീലനത്തിന് വേണ്ടി സമീപത്തെ കൃഷി ഭൂമിയാണ് മാറ്റിവച്ചത്. മകന്റെ കഴിവും കായികത്തോടുള്ള താല്‍പര്യവും തിരിച്ചറിഞ്ഞ ബിനു പരിശീലനത്തിനായി സ്വന്തം കൃഷിയിടം തന്നെ വിട്ടുനല്‍കി. 800 വാഴകള്‍ കൃഷി ചെയ്തിരുന്ന ഒന്നര ഏക്കര്‍ സ്ഥലമാണ് പരിശീലനമൈതാനമാക്കി മാറ്റിയത്.
സ്വന്തം പരിശീലനവീഡിയോകള്‍ മൊബൈലില്‍ പകര്‍ത്തി പിഴവുകള്‍ കണ്ടെത്തി തിരുത്തിയുള്ള മോസസിന്റെ കഠിനാധ്വാനം മേളയില്‍ ഹാമര്‍ ത്രോയില്‍ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണ് നേടിക്കൊടുത്തത്. കഴിഞ്ഞ തവണ ജൂനിയര്‍ വിഭാഗത്തിലും 50.94 മീറ്റര്‍ ദൂരം കണ്ടെത്തി സ്വര്‍ണം നേടിയിരുന്നു. സ്‌കൂള്‍ കായിക മേളയില്‍ മൂന്നാം തവണയാണ് മോസസ് സ്വര്‍ണം നേടിയത്.
മോസസില്‍നിന്നു പ്രേരണ ഉള്‍ക്കൊണ്ട നാല് താരങ്ങള്‍ ശിഷ്യന്‍മാരുമായി. ഹാമര്‍ ത്രോ, ഷോട്ട്പുട്ട് മത്സരങ്ങളില്‍ ശിഷ്യന്‍മാര്‍ പങ്കെടുക്കുന്നുണ്ട്. സീനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ മത്സരിക്കുന്ന പുത്തൂര്‍ ഗവ. എച്ച്.എസ്.എസിലെ ഹന ഫാത്തിമ്മ, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മത്സരിക്കുന്ന വെസ്റ്റ് കല്ലട ഗവണ്‍മെന്റ് എച്ച് എസ്.എസിലെ എസ്. ധരുണ്‍ എന്നിവവരുടെ കോച്ചാണ് മോസസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates