ബര്‍ലിന്‍: ബയേൺ മ്യൂണിക്കിന്റെ 16 തുടര്‍ ജയങ്ങളെന്ന ചരിത്ര മുന്നേറ്റത്തിനു ഒടുവില്‍ വിരാമം. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണിനെ ഉനിയോന്‍ ബെര്‍ലിന്‍ സമനിലയില്‍ കുരുക്കി. സീസണില്‍ ചാംപ്യന്‍സ് ലീഗിലടക്കം യൂറോപ്പില്‍ അപരാജിത മുന്നേറ്റം നടത്തുകയായിരുന്നു ജര്‍മന്‍ ചാംപ്യന്‍മാര്‍. പരാജയപ്പെട്ടില്ല എന്ന ആശ്വാസത്തിലാണ് അവര്‍ കളം വിട്ടത്.
മത്സരത്തിലുടനീളം ബയേണിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഉനിയോനു സാധിച്ചു. കടുത്ത പ്രതിരോധവും ഒപ്പം പ്രത്യാക്രമണവും സംഘടിപ്പിച്ച് അവര്‍ ബയേണിന്റെ മാന്‍ മാര്‍ക്കിങ് തന്ത്രത്തെ സമര്‍ഥമായി ഉലച്ചു. കളിയുടെ 27ാം മിനിറ്റില്‍ ഉനിയോന്‍ മുന്നിലെത്തി. ഡാനിലോ ഡോഖിയാണ് അവരെ മുന്നിലെത്തിച്ചത്.
ബയേണ്‍ നിരന്തരം ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 38ാം മിനിറ്റില്‍ ലൂയീസ് ഡിയാസിന്റെ മാജിക് ഗോള്‍ പിറന്നതോടെയാണ് ബയേണ്‍ സമ്മര്‍ദ്ദത്തില്‍ നിന്നു വിടുതല്‍ നേടിയത്. കോര്‍ണര്‍ വരയ്ക്ക് തൊട്ടരികില്‍ വച്ച് ഫൗള്‍ ചെയ്യപ്പെട്ട് വീണെങ്കിലും ഡിയസ് പന്ത് സമര്‍ഥമായി കാലില്‍ ഒതുക്കി വീണ സ്ഥലത്തു നിന്നു എഴുന്നേറ്റ് പന്ത് വലയിലേക്ക് ചെത്തിയിട്ട് അമ്പരപ്പിച്ചു. ടൈറ്റ് ആംഗിളില്‍ നിന്നുള്ള ആ സോളോ ഗോൾ വേള്‍ഡ് ക്ലാസായിരുന്നു.
രണ്ടാം പകുതിയിലും ബയേണിനെ അലോസരപ്പെടുത്താന്‍ ഉനിയോനു സാധിച്ചു. ഗോള്‍ ശ്രമങ്ങളെല്ലാം അവര്‍ സമര്‍ഥമായി തടുത്തു. മാത്രമല്ല കടുത്ത പ്രത്യാക്രമണങ്ങളും നിരന്തരം നടത്തി. പന്ത് കൈവശം വച്ചത് ബയേണായിരുന്നു. ഇരു ടീമുകളും 9 വീതം ഷോട്ടുകള്‍ ഉതിര്‍ത്തു. ലക്ഷ്യത്തിലേക്ക് ഉനിയോന്‍ നാലും ബയേണ്‍ മൂന്നും ഷോട്ടുകളാണ് അടിച്ചത്.
83ാം മിനിറ്റില്‍ ബയേണിനെ ഉനിയോന്‍ വീണ്ടും ഞെട്ടിച്ചു. ഇത്തവണയും ഡോഖിയുടെ മികവാണ് അവര്‍ക്ക് ലീഡൊരുക്കിയത്. ഈ സീസണില്‍ ആദ്യമായി ബയേണ്‍ തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍ ജര്‍മന്‍ തലസ്ഥാനത്ത് തിരക്കഥ മറ്റൊന്നാക്കി ബയേണ്‍ സൂപ്പര്‍ താരം ഹാരി കെയ്ന്‍ തിരുത്തി.
90ാം മിനിറ്റും പിന്നിട്ട് ഇഞ്ച്വറി ടൈമില്‍ ഹാരി കെയ്ന്‍ നേടിയ ഹെഡ്ഡര്‍ ബയേണിനെ തോല്‍വിയില്‍ നിന്നു രക്ഷിച്ചെടുത്തു. 93ാം മിനിറ്റിലാണ് ഈ ഗോളിന്റെ പിറവി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates