urvil patel x
Sports

1, 6, 6, 6, 6, 6, 4, 6, 1, 0... 23 പന്തിൽ 65 റൺസ്, 'അന്യായം അണ്ണ... അന്യായം'! അർധ സെഞ്ച്വറിക്ക് ശേഷം ഉർവിൽ ഉയർത്തിയ പേപ്പറിൽ എന്ത്...?

നേരിട്ട ആദ്യ 10 പന്തുകളിൽ നിന്ന് 42 റൺസ് നേടി റെക്കോർഡ്, വേ​ഗമേറിയ ഫിഫ്റ്റി റെക്കോർ‍ഡിൽ യശസ്വി ജയസ്വാളിനൊപ്പം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഒരു മയവുമില്ലാത്ത അടി എന്നൊക്കെ പറയില്ലേ. അക്ഷരാർഥത്തിൽ അതാണ് ചെപ്പോക്ക് കണ്ടത്. ഉർവിൽ പട്ടേൽ എന്ന 27കാരൻ ആദ്യ പത്ത് പന്തുകൾ നേരിട്ടത് ഇങ്ങനെ... 1, 6, 6, 6, 6, 6, 4, 6, 1, 0- പത്ത് പന്തിൽ 42 റൺസ്. 13 പന്തിൽ ഫിഫ്റ്റിയും തികച്ച് താരം ഐപിഎല്ലിലെ ഏറ്റവും വേ​ഗമേറിയ അർധ സെഞ്ച്വറിയെന്ന റെക്കോർഡിനൊപ്പവുമെത്തി.

ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് വിജയം തൊട്ടപ്പോൾ ഉർവിൽ അഴിഞ്ഞാടി നേടിയ റൺസ് നിർണായകമായി. താരം 8 കൂറ്റൻ സിക്സുകളും 2 ഫോറും അടിച്ച് വെറും 23 പന്തിൽ 65 റൺസ് വാരിയാണ് ക്രീസ് വിട്ടത്.

മത്സരത്തിൽ 204 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്കായി സഞ്ജു സാംസൺ മികച്ച തുടക്കം നൽകി പുറത്തായതിനു പിന്നാലെയാണ് ഉർവിൽ ക്രീസിലെത്തിയത്. ചെന്നൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലായിരുന്നു. ക്രീസിലെത്തിയ ഉർവിൽ പട്ടേൽ നേരിട്ട ആദ്യ പന്ത് തന്നെ സിം​ഗിൾ നേടി. അഞ്ച്, ആറ് ഓവറുകളിലാണ് താരം ടോപ് ​ഗിയറിലേക്ക് മാറുന്നത്.

ആവേശ് ഖാൻ എറിഞ്ഞ അഞ്ചാം ഓവറിൽ മൂന്ന് സിക്സുകൾ താരം പറത്തി. തൊട്ടടുത്ത ഓവർ എറിയാനെത്തിയ ദ്വി​ഗേഷ് റാഠിക്കും കിട്ടി കണക്കിന്. ഈ ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും ഉർവിൽ തൂക്കി.

13 പന്തിൽ അർധ സെഞ്ച്വറി നേടിയ ഉർവിൽ പട്ടേൽ ഐപിഎല്ലിലെ ഏറ്റവും വേ​ഗമേറിയ ഫിഫ്റ്റിയെന്ന റെക്കോർഡിനൊപ്പമാണ് എത്തിയത്. രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാളും 13 പന്തിൽ അർധ സെഞ്ച്വറി നേടിയിട്ടുണ്ട്.

ഐപിഎൽ ഇന്നിങ്സിൽ നേരിട്ട ആദ്യ എട്ട് പന്തിൽ ആറും സിക്സർ തൂക്കുന്ന ആദ്യ ബാറ്ററായി ഉർവിൽ മാറി. 8 പന്തിൽ താരം 41 റൺസ് അടിച്ചെടുത്തു. 8 പന്തിൽ 33 റൺസായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ആദ്യ പത്ത് പന്തിലെ ഉയർന്ന സ്കോറെന്ന റെക്കോർഡും താരത്തിനു തന്നെ. ആർസിബി താരം എബി ഡിവില്ല്യേഴ്സ് 2015ൽ നേടിയ 41 റൺസ് റെക്കോർഡാണ് ​ഗുജറാത്ത് താരം മറികടന്നത്.

റെക്കോർഡ് നേട്ടത്തിനു പിന്നാലെ ഉർവിലിന്റെ ആഘോഷവും ശ്രദ്ധേയമായി. താരം കൈകൂപ്പി പ്രാർഥിച്ച ശേഷം ഒരു ചെറിയ പേപ്പർ ഉയർത്തി കാണിച്ചാണ് ആഘോഷിച്ചത്. ആ പേപ്പറിൽ ഇത് അച്ഛനു വേണ്ടി എന്നു ഇം​ഗ്ലീഷിൽ എഴുതിയിരുന്നു. അതിനു താഴെ ​ഗുജറാത്തി ഭാഷയിലുള്ള വാചകങ്ങളുമുണ്ടായിരുന്നു.

ഉർവിൽ കത്തിക്കയറിയപ്പോൾ ചെന്നൈ സ്കോർ അതിവേ​ഗം കുതിച്ചു. പവർപ്ലേയിൽ അവർ 97 റൺസ് നേടി. ചെന്നൈയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പവർപ്ലേ സ്കോറാണ്. 2014ൽ ക്വാളിഫയർ പോരാട്ടത്തിൽ പഞ്ചാബിനെതിരെ നേടിയ 2 വിക്കറ്റ് നഷ്ടത്തിൽ 100 റൺസാണ് നേരത്തെയുള്ള ഉയർന്ന സ്കോർ. പത്താം ഓവറിൽ ഷഹബാസ് അഹമ്മദിന്റെ പന്തിൽ ആവേശ് ഖാന് ക്യാച്ച് നൽകിയാണ് ഉർവിൽ കൊടുങ്കാറ്റ് അവസാനിച്ചത്. ചെന്നൈ അപ്പോൾ 126 റൺസിലെത്തിയിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ ​ഗുജറാത്തിനായി കളിക്കുന്ന താരമാണ് ഉർവിൽ. ബറോഡയ്ക്കു കളിച്ചാണ് ഡൊമസ്റ്റിക് കരിയർ അദ്ദേഹം തുടങ്ങിയത്. പിന്നീട് ​ഗുജറാത്തിലേക്ക് മാറുകയായിരുന്നു.

പുരുഷ ടി20 ഫോർമാറ്റിലെ ഏറ്റവും വേ​ഗമേറിയ രണ്ടാമത്തെ സെഞ്ച്വറി നേടിയ താരമാണ് ഉർവിൽ. ത്രിപുരയ്ക്കെതിരായ പോരാട്ടത്തിൽ താരം 28 പന്തിൽ സെഞ്ച്വറി നേടിയാണ് റെക്കോർഡിട്ടത്. കഴിഞ്ഞ വർഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിലായിരുന്നു ഈ കണ്ണഞ്ചിക്കും ബാറ്റിങ്.

Sensational IPL Record: Chennai Super Kings batter urvil patel scripted history

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

INTERVIEW|കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിക്കട്ടെ: പി എം എ സലാം

Kerala CM Selection Live: പ്രഖ്യാപനം ഇന്നില്ല? അനിശ്ചിതത്വം തുടരുന്നു

അധികാരത്തിന്റെ കണ്ണൂർ കരുത്ത്: മാർത്താണ്ഡവർമ്മ മുതൽ പിണറായി വരെ; ചരിത്രം വഴിമാറുമോ അതോ ആവർത്തിക്കപ്പെടുമോ?

രാഹുല്‍ ഗാന്ധിക്ക് താത്പര്യം കെസി വേണുഗോപാലിനെ? വിജയ് സര്‍ക്കാര്‍ അധികാരമേറ്റു, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ചെപ്പോക്കിനെ ഇളക്കിമറിച്ച് ഉര്‍വില്‍ പട്ടേല്‍; അതിവേഗം ആകാശം തൊട്ട 8 സിക്‌സുകള്‍! ത്രില്ലറില്‍ സിഎസ്‌കെ

SCROLL FOR NEXT