Vaibhav Sooryavanshi x
Sports

'ആ പയ്യൻ എന്താണ് കാണിച്ചുകൂട്ടുന്നത്; വൈഭവിന്റെ ബാറ്റിൽ എഐ ചിപ്പുണ്ട്, ലാബിലയച്ച് പരിശോധിക്കണം'

വൈഭവ് മാനിയ അങ്ങ് പാകിസ്ഥാനിലും

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോർ: രാജസ്ഥാൻ റോയൽസ് വണ്ടർ കി‍ഡ് വൈഭവ് സൂര്യവംശിയ്ക്കു അങ്ങ് പാകിസ്ഥാനിൽ നിന്നു ഒരു അഭിനന്ദനം. പാക് ക്രിക്കറ്റ് നിരീക്ഷകനായ നൗമാൻ നിയാസാണ് താരത്തിന്റെ ബാറ്റിങ് കണ്ട് അത്ഭുതപ്പെട്ട് നിൽക്കുന്നത്. തമാശ രൂപത്തിൽ ആദ്ദേഹം ഒരു വിചിത്ര ആവശ്യവും ഉയർത്തുന്നു. വൈഭവിന്റെ ബാറ്റിൽ നിർമിത ബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അതു പരിശോധിക്കാൻ ലാബിലേക്ക് അയക്കണമെന്നും നൗമാൻ പറയുന്നു. സം​ഗതി പാക് നിരീക്ഷകൻ തമാശയായി പറഞ്ഞതാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഈ അഭിപ്രായം വലിയ ചർച്ചകൾക്കാണ് വഴി മരുന്നിട്ടിരിക്കുന്നത്.

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈ​ദരാബാദിനെതിരായ പോരാട്ടത്തിൽ വെറും 36 പന്തിൽ സെഞ്ച്വറി നേടി ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ അതിവേ​ഗ സെഞ്ച്വറി സ്വന്തം പേരിലാക്കി വൈഭവ് കഴിഞ്ഞ ദിവസം തിളങ്ങിയിരുന്നു. 12 സിക്‌സുകള്‍ സഹിതമായിരുന്നു ഈ കിടിലന്‍ ബാറ്റിങ്. ഐപിഎല്ലിലെ താരത്തിന്റെ രണ്ടാം സെഞ്ച്വറി കൂടിയാണിത്. പിന്നാലെയാണ് നൗമാൻ നിയാസിന്റെ കമന്റ്. സീസണിൽ കത്തും ഫോമിൽ ബാറ്റ് ചെയ്യുന്ന വൈഭവ് ഒരു സെഞ്ച്വറിയും 2 അർധ സെഞ്ച്വറിയുമായി 357 റൺസുമായി ഓറഞ്ച് കേപ് പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തുണ്ട്.

'എന്താണ് ആ കുട്ടി ചെയ്യുന്നത്. കായിക താരങ്ങൾക്ക് ഉത്തേജക മരുന്നു പരിശോധന നടത്താറുണ്ട്. അതുപോലെ ഒരു പരിശോധന അവനും നടത്തണം. അവൻ എഐ ചിപ്പ് ഘടിപ്പിച്ച ബാറ്റുമായാണ് കളിക്കുന്നത്. അവൻ അസാധാരണ മനുഷ്യ ജന്മമാണ്. എനിക്ക് അവന്റെ കാര്യത്തിൽ വലിയ പ്രതീക്ഷകളുണ്ട്. എന്തൊരു കളിക്കാരനാണ്.'

'സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അവൻ പതിയെയാണ് കളിച്ചത് എന്നാണ് എനിക്കു തോന്നിയത്. സ്ട്രൈക്ക് റേറ്റ് 300ൽ എത്തിക്കണമായിരുന്നു. വൈദ്യശാസ്ത്രപരമായി നോക്കിയാൽ 18 വയസാകുമ്പോൾ പേശികൾക്കു ബലം വയ്ക്കും. ​ഹോർമോൺ വ്യതിയാനത്തിലൂടെ നിങ്ങളുടെ കോർ ശക്തമാകു. എന്നാൽ അവന് പ്രായം വെറും 16നടുത്തേ ആയിട്ടുള്ളു. അവൻ ജനിക്കുമ്പോൾ വിരാട് കോഹ്‍ലി ലോക ചാംപ്യനായി കഴിഞ്ഞിരുന്നു.'

'എന്തുകൊണ്ട് ഈ പ്രായത്തിൽ ആ പയ്യൻ ഇങ്ങനെ കളിക്കുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്. അവന് സാങ്കേതിക മികവുണ്ട്. കൈത്തണ്ടയുടെ ഉപയോ​ഗവും വലിയ ഘടകമാണ്'- നൗമാൻ വ്യക്തമാക്കി.

കഴിഞ്ഞ സീസണിലാണ് 14കാരനായ വൈഭവിനെ രാജസ്ഥാൻ ഒരു കോടി മുടക്കി ടീമിലെത്തിച്ചത്. അന്ന് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ആയിരുന്നു. സഞ്ജുവിനു പരിക്കേറ്റതോടെ താരത്തിനു പ്ലെയിങ് ഇലവനിൽ കളിക്കാൻ അവസരം കിട്ടി. ഒരു സെഞ്ച്വറിയടക്കം നേടി തന്റെ വരവറിയിക്കാനും വൈഭവിനു സാധിച്ചു. ഇത്തവണ രാജസ്ഥാന്റെ വിശ്വസ്ത താരമായി 15കാരൻ മാറി. യശസ്വി ജയ്സ്വാളിനൊപ്പം രാജസ്ഥാന് മിന്നും തുടക്കമാണ് ഈ സീസണിൽ വൈഭവ് നൽകുന്നത്.

സീസണില്‍ ഇതുവരെയായി 357 റണ്‍സാണ് താരം 8 കളിയില്‍ നിന്നു അടിച്ചെടുത്തത്. ആവറേജ് 44.63, സ്‌ട്രൈക്ക് റേറ്റ് 234.87. ഇതുവരെയായി 32 സിക്‌സുകളും 31 ഫോറുകളും താരം തൂക്കി. ഓറഞ്ച് കേപ് പോരാട്ടത്തിൽ വിരാട് കോഹ്‍ലി, കെഎൽ രാഹുൽ, അഭിഷേക് ശർമ അടക്കമുള്ള സൂപ്പർ താരങ്ങൾക്കെതിരെയാണ് വൈഭവ് മത്സരിക്കുന്നത്.

AI chip bat: Vaibhav Sooryavanshi mania has even reached Pakistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകകപ്പിൽ ബ്രസീലിനെ വിറപ്പിച്ച് മൊറോക്കോ; കാനറികൾക്ക് നിറം മങ്ങിയ തുടക്കം

മലയിടംതുരുത്തില്‍ ഒടുവില്‍ പരിഹാരം, ദലിത് കുടുംബങ്ങളെ കുടിയിറക്കില്ല, ഫോര്‍മുല അംഗീകരിച്ച് ഇരു വിഭാഗവും

ഇന്‍ജുറി ടൈം ഗോളില്‍ സമനില പിടിച്ച് ഖത്തര്‍; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ചരിത്രനേട്ടം

ശക്തമായ മഴ തുടരും, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

രാത്രി യാത്ര ഒഴിവാക്കുക; സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി

SCROLL FOR NEXT