ഇന്ദോര്‍: പുരുഷ ടി20 ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി കൗമാര താരം വൈഭവ് സൂര്യവംശി. 15-ാം വയസിലാണ് ബിഹാര്‍ ടീമിനെ നയിച്ചുകൊണ്ട് താരം ചരിത്രനേട്ടം കുറിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി 2026 മത്സരങ്ങള്‍ക്കായാണ് വൈഭവിനെ ബിഹാര്‍ ടീമിന്റെ നായകനായി നിയമിച്ചത്. ശനിയാഴ്ച ഇന്ദോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ സൗരാഷ്ട്രയ്‌ക്കെതിരായ എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിലാണ് സൂര്യവംശി ബിഹാറിനെ നയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ബിഹാര്‍ നായകന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍, നായകനായി അരങ്ങേറിയ മത്സരത്തില്‍ വൈഭവ് 18 റണ്‍സിന് പുറത്തായത് നിരാശയായി.
പുരുഷ ടി20 ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന്മാരുടെ പട്ടികയില്‍ വലിയ വ്യത്യാസത്തിലാണ് സൂര്യവംശി ഒന്നാമതെത്തിയത്. ക്രൊയേഷ്യന്‍ താരം സാക്ക് വുകുസിച്ചായിരുന്നു നേരത്തെ ഈ പട്ടികയിലെ ഒന്നാമന്‍. 2025 ഓഗസ്റ്റ് ഏഴിന് സൈപ്രസിനെതിരെ ക്രൊയേഷ്യയെ നയിക്കുമ്പോള്‍ 17 വയസും 311 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. 2009ല്‍ പാകിസ്ഥാനിലെ ആഭ്യന്തര ടി20 ടൂര്‍ണമെന്റില്‍ ക്വറ്റ ബിയേഴ്‌സിന്റെ നായകനായ തൈമൂര്‍ അലിയാണ് പട്ടികയില്‍ മൂന്നാമതുള്ള താരം. അന്ന് 17 വയസും 358 ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. 38 റണ്‍സ് നേടിയ പൃഥ്വി രാജാണ് ടോപ് സ്‌കോറര്‍. വൈഭവിന് പുറമെ അല്‍തമിഷ് അഷ്‌റഫ് (24), രഘുവേന്ദ്ര പ്രതാപ് സിങ് (14) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. സൗരാഷ്ട്രയ്ക്കായി ചേതന്‍ സകാരിയ, പ്രേരക് മങ്കാദ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള 17 അംഗ ബിഹാര്‍ ടീമിനെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. വൈഭവ് സൂര്യവംശിയെ നായകനായും സൂരജ് കശ്യപിനെ ഉപനായകനായും തെരഞ്ഞെടുത്തു. ബിഹാറിന്റെ സീനിയര്‍ ടീമിനെ വൈഭവ് ആദ്യമായാണ് നയിക്കുന്നത്.
ഐപിഎല്‍ 2026 സീസണിലും വൈഭവ് റെക്കോര്‍ഡുകളുടെ പെരുമഴ സൃഷ്ടിച്ചിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മൂല്യമേറിയ താരം, എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍, ഓറഞ്ച് ക്യാപ്, സൂപ്പര്‍ സിക്‌സസ് ഓഫ് ദി സീസണ്‍ എന്നീ നേട്ടങ്ങള്‍ താരം സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സിനായി മിന്നും പ്രകടനം നടത്തിയ 15കാരന്‍ 776 റണ്‍സാണ് ടൂര്‍ണമെന്റില്‍ അടിച്ചുകൂട്ടിയത്. 237.30 എന്ന അസാധാരണ സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഈ നേട്ടം. 72 സിക്‌സറുകള്‍ പറത്തിയ വൈഭവ് ഐപിഎല്ലിലെ നിരവധി റെക്കോര്‍ഡുകളും മറികടന്നു.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ് ജേതാവെന്ന റെക്കോര്‍ഡും വൈഭവിന്റെ പേരിലാണ്. 2025ല്‍ 23 വയസും 231 ദിവസവും പ്രായമുള്ളപ്പോള്‍ ഓറഞ്ച് ക്യാപ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശനായിരുന്നു നേരത്തെ ഈ റെക്കോര്‍ഡിന് ഉടമ. 2023ല്‍ 23 വയസും 263 ദിവസവും പ്രായമുള്ളപ്പോള്‍ ഓറഞ്ച് ക്യാപ് നേടിയ ശുഭ്മന്‍ ഗില്ലിന്റെ റെക്കോര്‍ഡാണ് അതിനു മുമ്പ് നിലനിന്നിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates