

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് റണ്‍വെ. ജോഷി സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയെഴുതിയത് ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്നാണ്. 2004 ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് ഇന്നും വലിയൊരു ആരാധകവൃന്ദമുണ്ട്. അതേസമയം ഈ ചിത്രം ആദ്യം ചെയ്യാനിരുന്നത് മമ്മൂട്ടിയെ വച്ചായിരുന്നു.
ഇന്ന് പലരും മമ്മൂട്ടി നോ പറഞ്ഞ ചിത്രമായിട്ടാണ് റണ്‍വെയെ കണക്കാക്കുന്നത്. എന്നാല്‍ മമ്മൂട്ടി നോ പറഞ്ഞതായിരുന്നില്ല. മറിച്ച് നിര്‍മാതാവിന്റെ പിന്മാറ്റം അടക്കമുള്ള അണിയറയിലെ മാറ്റങ്ങളാണ് ചിത്രത്തിലേക്ക് ദിലീപിനെ എത്തിച്ചതെന്നാണ് ഉദയകൃഷ്ണ പറയുന്നത്. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരു്‌നു അദ്ദേഹം.
''ആ സിനിമ ആദ്യം ചെയ്യാനിരുന്നത് വാളയാര്‍ ചെക്‌പോസ്റ്റ് എന്ന പേരിലായിരുന്നു. ബാലു കിരിയത്തിന്റെ പ്രൊഡക്ഷനില്‍ മമ്മൂക്കയെ നായകനാക്കി ജോസ് തോമസ് സംവിധാനം ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നു. അത് നടക്കാതെ പോയി. ഈ സിനിമയുടെ കഥ പല സംവിധായകരോടും പറഞ്ഞിരുന്നു. അവര്‍ക്കൊന്നും താല്‍പര്യമുണ്ടായിരുന്നില്ല'' ഉദയകൃഷ്ണ പറയുന്നു.
''മമ്മൂക്കയെ കണ്ട് കഥ പറഞ്ഞിരുന്നു. അദ്ദേഹം ആ സമയത്ത് തമിഴ്‌നാട്ടിലായിരുന്നു. മലയാളത്തില്‍ ഞാനിപ്പോള്‍ സിനിമ ചെയ്യുന്നില്ല. സിദ്ധീഖിന്റെ ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണെന്ന് പറഞ്ഞു. മമ്മൂക്കയ്ക്ക് ഇത്തിരി മോശം സമയമായിരുന്നു. ഞാനൊന്ന് സിദ്ധീഖുമായി സംസാരിക്കട്ടെ എന്ന് പറഞ്ഞു. സിദ്ധീഖാക്കയുടെ മറുപടി ഫോണിലൂടെ ഞങ്ങള്‍ക്ക് കേള്‍ക്കാം. അവരോട് തന്നെ ചെയ്യാന്‍ പറ, അവര്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ മമ്മൂക്ക അത് തുടങ്ങിക്കോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്''.
''അതിന്റെ പിറ്റേന്ന് രാവിലെ ലൊക്കേഷനില്‍ ചെന്നിറങ്ങിയപ്പോള്‍ എങ്ങനെയാ, സംവിധാനം ചെയ്യാനൊക്കെ അറിയുമോ? എന്ന് ചോദിച്ചു. നിങ്ങള്‍ ചെയ്‌തോളാന്‍ പറഞ്ഞു. പക്ഷെ ആ സമയത്ത് നിര്‍മാതാവ് പിന്മാറി. നിരാശയായി. അങ്ങനെ അത് ഡ്രോപ്പ് ചെയ്തു. പിന്നെ ജോഷിയേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ഈ കഥ ദിലീപ് ചെയ്താല്‍ നന്നാകുമെന്ന് പറയുന്നത്. ദിലീപും ഇന്ദ്രജിത്തും അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ആയിരുന്നു. ദിലീപിന് വേണ്ടി കുറച്ച് മാറ്റിയെഴുതി. ആ മാറ്റിയെഴുതിയ സിനിമയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കാണുന്ന റണ്‍വെ'' എന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates