Valverde Tchouameni x
Sports

തമ്മില്‍ത്തല്ലി റയല്‍ മാഡ്രിഡ് താരങ്ങള്‍; ചൗമേനിയുമായി കൈയാങ്കളി, വാല്‍വര്‍ഡെ ആശുപത്രിയില്‍; എംബാപ്പെ പുറത്തു പോകണമെന്ന് ആരാധകര്‍!

കളത്തിനകത്തും പുറത്തും റയല്‍ മാഡ്രിഡ് ടീമില്‍ വന്‍ പ്രതിസന്ധി

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: വിഖ്യാത സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് ടീമിനുള്ളില്‍ നിന്നു പുറത്തു വരുന്നത് സുഖകരമായ കാര്യങ്ങളല്ല. സീസണില്‍ ഒരു കിരീടവുമില്ലാത്ത സ്ഥിതിയില്‍ കാര്യങ്ങള്‍ നില്‍ക്കവേ താരങ്ങള്‍ തമ്മിലുള്ള വാക്കു തര്‍ക്കങ്ങള്‍ കൈയാങ്കളിയിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഫെഡറിക്കോ വാല്‍വര്‍ഡെയും ചൗമേനിയും തമ്മിലുള്ള വാക്കുതര്‍ക്ക കൈയാങ്കളിയിലേക്ക് നീങ്ങിയെന്നും ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയതായും വാല്‍വര്‍ഡയെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തില്‍ റയല്‍ മാഡ്രിഡ് ടീം ഇരു താരങ്ങള്‍ക്കെതിരേയും കടുത്ത നടപടികള്‍ എടുക്കാനുള്ള സാധ്യതകള്‍ ശക്തമായിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ നടന്ന പരിശീലനത്തിനിടെയാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. ബുധനാഴ്ച മുതല്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. പിന്നാലെയാണ് വ്യാഴാഴ്ച, സംഭവം ഏറ്റുമുട്ടലില്‍ എത്തിയത്. സംഭവത്തില്‍ വാല്‍വര്‍ഡേയ്ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ ടീം പുറത്തു വിട്ടിട്ടില്ല.

പ്രശ്‌നങ്ങള്‍ കൈവിട്ടതോടെ ടീം അടിയന്തര യോഗം ചേര്‍ന്നത് സ്ഥിതിഗതികള്‍ കൈവിട്ട അവസ്ഥയിലാണെന്നതിന്റെ സൂചനകളാണ്. കഴിഞ്ഞ ദിവസം അന്റോണിയോ റൂഡിഗറും ആല്‍വരോ കരേരസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് പുതിയ സംഭവം. കാര്യങ്ങള്‍ കൈയാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് ക്ലബ് താരങ്ങളേയും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകളേയും അടിയന്തരമായി വിളിച്ചു കൂട്ടിയത്. ടീമിലെ മുതിര്‍ന്ന താരങ്ങള്‍ ഇടപെട്ട് സംഘര്‍ഷാന്തരീക്ഷം ഒഴിവാക്കണമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ടീമിന്റെ ഐക്യം നിലനിര്‍ത്തണമെന്നും യോഗം തീരുമാനമെടുത്തിട്ടുണ്ട്.

അതിനിടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡ് ടീമില്‍ നിന്നു പുറത്തു പോകണമെന്നു ആവശ്യപ്പെട്ട് റയലിന്റെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തു വന്നതും ടീമിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ താരത്തിനെതിരെ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തുന്നത്.

അടുത്ത സീസണിലേക്കായി മുന്‍ പരിശീലകന്‍ ഹോസെ മൗറീഞ്ഞോയെ ടീം തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങിയതായി വിവരങ്ങളുമുണ്ട്. സൂപ്പര്‍ താരങ്ങളെ ഒന്നിച്ച് കൊണ്ടു പോകാന്‍ കെല്‍പ്പുള്ള പരിശീലകനാണ് മൗറീഞ്ഞോ. മാഡ്രിഡില്‍ അദ്ദേഹം അതു തെളിയിച്ചിട്ടുമുണ്ട്.

സീസണില്‍ ഒരു കിരീടവും കിട്ടില്ലെന്ന പരിതാപകരമായ നിലയിലാണ് റയല്‍. പരിശീലകനായി എത്തിച്ച ഷാബി അലോണ്‍സോയെ പുറത്താക്കി പകരം ആല്‍വരോ ആര്‍ബലോവയെ പരിശീലകനാക്കിയെങ്കിലും ടീമിനു പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. നിര്‍ണായക താരങ്ങളുടെ പരിക്കും ടീമിനെ പിന്നോട്ടടിച്ചു. ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനോടു ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കനത്ത പരാജയം ഏറ്റുവാങ്ങി റയല്‍ പുറത്തായിരുന്നു. സ്പാനിഷ് ലാ ലിഗയിലും ഇത്തവണ റയലിനു കിരീട യോഗമില്ല. ബദ്ധ വൈരികളായ ബാഴ്‌സലോണ കിരീടമുറപ്പിച്ച് ബഹുദൂരം മുന്നിലാണ്. സ്പാനിഷ് കപ്പ്, സൂപ്പര്‍ കപ്പ് പോരാട്ടങ്ങളിലും ടീമിനു കിരീടം കിട്ടില്ലെന്നു ഉറപ്പായിട്ടുണ്ട്.

അതിനിടെയാണ് ടീമിലെ താരങ്ങള്‍ തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ ഈ നിലയ്‌ക്കെത്തിയത്. ബാഴ്‌സയുമായി സീസണിലെ സുപ്രധാന എല്‍ ക്ലാസിക്കോ കളിക്കാനിരിക്കെയാണ് പ്രതിസന്ധി എന്നതും അവര്‍ക്ക് വലിയ തലവേദനയാണ്.

Spanish reports said Federico Valverde was taken to hospital after a training-ground altercation with Aurelien Tchouameni at Real Madrid

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമത രാജിവച്ചില്ല; പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു

Kerala CM Selection Live: 'പടനായകൻ നയിക്കട്ടെ'; സതീശനായി ഫ്ലെക്സും പ്രകടനങ്ങളും

'മുസ്ലീം ലീഗ്' അല്ല, കോണ്‍ഗ്രസ് 'ഹിന്ദു പാര്‍ട്ടി'; ബിജെപി ആരോപണങ്ങള്‍ക്ക് കണക്ക് സഹിതം മറുപടി

കണ്ണൂർ, കോയിലോട് കനത്ത മഴയിൽ കൂറ്റൻ ചെങ്കൽ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം (വിഡിയോ)

'ഓരോ നിമിഷവും നിലപാട് മാറ്റുന്ന പാര്‍ട്ടിയല്ല; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ജനാഭിപ്രായം മാനിക്കണം'

SCROLL FOR NEXT