ദുബായ്: ഒടുവിൽ നീണ്ട കാലത്തെ നിശബ്ദതയ്ക്ക് വിരാമമിട്ട് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് സെഞ്ച്വറി പിറന്നു. കൃത്യം പറഞ്ഞാൽ 1020 ദിവസങ്ങൾക്ക് ശേഷം. കോഹ്‌ലിയുടെ കന്നി ടി20 അന്താരാഷ്ട്ര സെഞ്ച്വറിയുടെ കരുത്തിൽ അഫ്ഗാനിസ്ഥാനെതിരെ കൂറ്റൻ ജയത്തോടെ ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യ വിജയത്തോടെ മടങ്ങി. ഇരു ടീമുകളും ടൂർണമെന്റിൽ നിന്ന് നേരത്തെ പുറത്തായിരുന്നു. അപ്രസക്തമായ പോരാട്ടമാണെങ്കിലും ലോകകപ്പിന് തൊട്ടുമുൻപ് പഴയ പ്രതാപത്തിലേക്ക് കോഹ്‌ലി തിരിച്ചെത്തിയതാണ് ഇന്ത്യക്ക് ടൂർണമെന്റിൽ നിന്ന് കിട്ടിയ പ്ലസ് പോയിന്റ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 212 റണ്‍സെടുത്തു. മറുപടി പറയാനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ 101 റണ്‍സിന്റെ വിജയമാണ് ആഘോഷിച്ചത്.
ബാറ്റിങിൽ കോഹ്‌ലിയും ബൗളിങിൽ അഞ്ച് വിക്കറ്റുകൾ പിഴുത് ഭുവനേശ്വർ കുമാറും തിളങ്ങിയപ്പോൾ ഇന്ത്യക്ക് കാര്യങ്ങൾ അനായാസമായി. ഭുവനേശ്വറിന്റെ ടി20 കരിയറിലെ മികച്ച നേട്ടാണ് അഫ്ഗാനെതിരെ സ്വന്തമാക്കിയത്. താരം നാലോവറിൽ ഒരു മെയ്‍ഡനടക്കം വെറും നാല് റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റുകൾ കൊയ്തത്. ആദ്യ ഏഴ് ഓവറുകള്‍ക്കുള്ളില്‍ ഭുവി തന്റെ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയപ്പോഴേക്കും അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന ദയനീയ സ്ഥിതിയിലേക്ക് വീണിരുന്നു.
ഹസ്‌റത്തുള്ള സസായ് (0), റഹ്‌മാനുള്ള ഗുര്‍ബാസ് (0), കരീം ജനത് (2), നജീബുള്ള സദ്രാന്‍ (0), അസ്മത്തുള്ള ഒമര്‍സായ് (1) എന്നിവരെയാണ് ഭുവി പുറത്താക്കിയത്. 59 പന്തില്‍ നിന്ന് 64 റണ്‍സോടെ പുറത്താകാതെ നിന്ന ഇബ്രാഹിം സാദ്രാനാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.
ക്യാപ്റ്റന്‍ മുഹമ്മദ് നബി (7), റാഷിദ് ഖാന്‍ (15), മുജീബ് ഉര്‍ റഹ്‌മാന്‍ (18) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
രണ്ടര വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം വിരാട് കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് ശതകം പിറന്നതായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പ്രത്യേകത. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കോഹ്‌ലിയുടെ സെഞ്ച്വറിയുടെയും രോഹിത് ശർമയ്ക്ക് പകരം ടീമിനെ നയിച്ച ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറിയുടെയും മികവില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു.
ടി20യില്‍ കോഹ്‌ലിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയായിരുന്നു ഇത്. രാജ്യാന്തര ക്രിക്കറ്റിലെ 71മത്തേതും. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ 71 രാജ്യാന്തര സെഞ്ച്വറികളെന്ന നേട്ടത്തിനൊപ്പമെത്താനും കോഹ്‌ലിക്കായി. 61 പന്തുകള്‍ നേരിട്ട കോഹ്‌ലി ആറ് സിക്സും 12 ഫോറുമടക്കം 122 റണ്‍സോടെ പുറത്താകാതെ നിന്നു. സെഞ്ച്വറി തന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്കും മകള്‍ വാമികയ്ക്കുമാണ് കോലി സമര്‍പ്പിച്ചത്.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കെഎല്‍ രാഹുല്‍ - വിരാട് കോഹ്‌ലി ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 12.4 ഓവറില്‍ 119 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 41 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 62 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി ഫരീദ് അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്. ഋഷഭ് പന്ത് 20 റണ്‍സോടെ പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവാണ് (6) പുറത്തായ മറ്റൊരു താരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates