ഫോട്ടോ: ട്വിറ്റർ 
Sports

മൂന്ന് വർഷത്തെ ഇടവേള അവസാനിപ്പിച്ച് കോഹ്‌ലി; ടെസ്റ്റിൽ സെഞ്ച്വറി; 400 താണ്ടി ഇന്ത്യ

മൂന്ന് വര്‍ഷത്തെ ടെസ്റ്റ് സെഞ്ച്വറി വരള്‍ച്ചയ്ക്കാണ് കോഹ്‌ലി വിരാമമിട്ടത്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ നാലാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ശതകം പിന്നിട്ട് മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലി. കരിയറിലെ 28ാം ടെസ്റ്റ് സെഞ്ച്വറിയാണ് കോഹ്‌ലി അഹമ്മദാബാദില്‍ സ്വന്തമാക്കിയത്. 241 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകള്‍ സഹിതമായിരുന്നു താരത്തിന്റെ നിര്‍ണായക സെഞ്ച്വറി. മൂന്ന് വര്‍ഷത്തെ ടെസ്റ്റ് സെഞ്ച്വറി വരള്‍ച്ചയ്ക്കാണ് കോഹ്‌ലി വിരാമമിട്ടത്. 

ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സെന്ന നിലയില്‍. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ മുന്നില്‍ വച്ച 480 റണ്‍സിലേക്ക് എത്താന്‍ ഇന്ത്യക്ക് ഇനി വേണ്ടത് 80 റണ്‍സ്. ശേഷിക്കുന്നത് അഞ്ച് വിക്കറ്റുകള്‍. കോഹ്‌ലിക്കൊപ്പം 5 റണ്‍സുമായി അക്ഷര്‍ പട്ടേലാണ് ക്രീസില്‍.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിങ് തുടങ്ങിയത്. സ്‌കോര്‍ 300 കടന്നതിന് പിന്നാലെ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി. രവീന്ദ്ര ജഡേജയാണ് നാലാം ദിനം ആദ്യം മടങ്ങിയത്. മൂന്നാം ദിനത്തില്‍ കോഹ്ലിക്കൊപ്പം പ്രതിരോധം തീര്‍ത്ത ജഡേജയെ ടോഡ് മര്‍ഫി ഖവാജയുടെ കൈകളിലെത്തിച്ചു. താരം 28 റണ്‍സാണ് എടുത്തത്. 

പിന്നാലെ എത്തിയ ശ്രീകര്‍ ഭരതും മികച്ച രീതിയില്‍ ബാറ്റ് വീശി. കാമറൂണ്‍ ഗ്രീനിനെ തുടരെ രണ്ട് സിക്‌സറുകള്‍ തൂക്കാനും ഭരതിനായി. താരം കന്നി അര്‍ധ സെഞ്ച്വറി കുറിക്കുമെന്ന് തോന്നിച്ചെങ്കിലും 44 റണ്‍സില്‍ പുറത്തായി. മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതമാണ് ഇത്രയും റണ്‍സ് താരം ബോര്‍ഡില്‍ ചേര്‍ത്തത്. നതാന്‍ ലിയോണിന്റെ പന്തില്‍ ഹാന്‍ഡ്‌സ്‌കോംപിന് പിടികൊടുത്താണ് ഭരത് മടങ്ങിയത്. 

ഓസ്ട്രേലിയക്കായി ടോഡ് മര്‍ഫി, ലിയോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മാത്യു കുനെമന്‍ ഒരു വിക്കറ്റെടുത്തു.

നേരത്തെ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയായിരുന്നു മൂന്നാം ദിനത്തിലെ സവിശേഷത. കരിയറിലെ രണ്ടാം സെഞ്ച്വറി കുറിച്ച ശുഭ്മാന്‍ ഗില്‍ 128 റണ്‍സെടുത്ത് മടങ്ങി. 235 പന്തുകള്‍ നേരിട്ട് 12 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു താരത്തിന്റെ മികവാര്‍ന്ന ബാറ്റിങ്. ഗില്ലിന് പുറമെ ചേതേശ്വര്‍ പൂജാര (121 പന്തില്‍ 42), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (58 പന്തില്‍ 35) എന്നിവരാണ് മൂന്നാം ദിനത്തില്‍ പുറത്തായ താരങ്ങള്‍.   

ഗില്‍ സെഞ്ച്വറി തികച്ചതിന് പിന്നാലെ പൂജാര പുറത്തായി. 121 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറുകള്‍ സഹിതം 42 റണ്‍സെടുത്താണ് പൂജാര മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ ഗില്‍- പൂജാര സഖ്യം 113 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി പ്രതിരോധം തീര്‍ത്തു. പൂജാരയെ ടോഡ് മര്‍ഫി വിക്കറ്റിന് മുന്നില്‍ കുടുക്കി. 

മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് മുന്നോട്ടു പോകവേയാണ് രോഹിത് ശര്‍മ വീണത്. നായകന്‍ 58 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സെടുത്ത് മടങ്ങി. രോഹിതിനെ മാത്യു കുനെമാന്‍ ലബുഷെയ്‌നിന്റെ കൈയിലെത്തിച്ചു. 

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 480ല്‍ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ദിനത്തിലെ അവസാന സെഷനില്‍ ബാറ്റിങ് തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ഇന്ത്യ അവസാനിപ്പിച്ചിരുന്നു. 

മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ മികച്ച രീതിയില്‍ മുന്നേറവെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. സ്‌കോര്‍ 74ല്‍ നില്‍ക്കെയാണ് രോഹിതിന്റെ മടക്കം. 
 
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഉസ്മാന്‍ ഖവാജ (180), കാമറൂണ്‍ ഗ്രീന്‍ (114) എന്നിവരുടെ സെഞ്ച്വറിയാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വാലറ്റത്ത് നതാന്‍ ലിയോണ്‍ (34), ടോഡ് മര്‍ഫി (41) എന്നിവര്‍ ചേര്‍ന്ന സഖ്യം സ്‌കോര്‍ 450 കടത്തി. 

ഇന്ത്യക്കായി ആര്‍ അശ്വിന്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT