വാഷിങ്ടൻ സുന്ദർ, ആകാശ് ദീപ്, യശസ്വി ജയ്സ്വാൾ, രവീന്ദ്ര ജഡേജ (Washington Sundar) x, pti
Sports

ജയ്സ്വാളിന്റെ സെഞ്ച്വറി 'യശസ്', വാഷിങ്ടന്റെ 'തീപ്പൊരി' അര്‍ധ സെഞ്ച്വറി! ഇംഗ്ലണ്ടിന് ജയിക്കാന്‍ 374 റണ്‍സ്

രവീന്ദ്ര ജഡേജയ്ക്കും ആകാശ് ദീപിനും അര്‍ധ ശതകം

സമകാലിക മലയാളം ഡെസ്ക്

ഓവല്‍: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു മുന്നില്‍ 374 റണ്‍സെന്ന ഭേദപ്പെട്ട ലക്ഷ്യം വച്ച് ഇന്ത്യ. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 396 റണ്‍സില്‍ ഓള്‍ ഔട്ടായി. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 224 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 247 റണ്‍സാണ് കണ്ടെത്തിയത്. 23 റണ്‍സ് ലീഡ് വഴങ്ങിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്തത്.

അവസാന ഘട്ടത്തില്‍ വാഷിങ്ടന്‍ സുന്ദര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയെ പൊരുതാവുന്ന നിലയിലെത്തിച്ചത്. 357 റണ്‍സില്‍ ഒന്‍പതാം വിക്കറ്റ് വീണ ശേഷം പ്രസിദ്ധ് കൃഷ്ണയെ സാക്ഷിയാക്കി വാഷിങ്ടന്‍ നാല് വീതം സിക്‌സും ഫോറും സഹിതം താരം 39 പന്തിലാണ് അർധ സെഞ്ച്വറിയിലെത്തിയത്. ഒടുവിൽ 46 പന്തില്‍ 53 റണ്‍സെടുത്തു മടങ്ങി. പ്രസിദ്ധ് കൃഷ്ണ 2 പന്തുകള്‍ മാത്രമാണ് നേരിട്ടത്. റണ്ണൊന്നുമില്ല. വാഷിങ്ടനെ പുറത്താക്കി ജോഷ് ടോംഗ് ഇന്ത്യന്‍ ഇന്നിങ്‌സിനു തിരശ്ശീലയിട്ടു.

ഇന്ത്യക്കായി യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറി നേടി. ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി. ഇംഗ്ലണ്ടിനായി ജോഷ് ടോംഗ് 5 വിക്കറ്റുകള്‍ വീഴ്ത്തി. ഗസ് അറ്റ്കിന്‍സന്‍ 3 വിക്കറ്റുകളും ജാമി ഓവര്‍ടന്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

കിടിലന്‍ സെഞ്ച്വറിയുമായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ പോരാട്ടം നയിച്ചു. താരം 164 പന്തില്‍ 14 ഫോറും 2 സിക്‌സും സഹിതം 118 റണ്‍സെടുത്തു മടങ്ങി. 127 പന്തിലാണ് 100 റണ്‍സിലെത്തിയത്. താരത്തിന്റെ പരമ്പരയിലെ രണ്ടാം സെഞ്ച്വറിയാണിത്. കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറി.

മൂന്നാം ദിനത്തില്‍ ആകാശ് ദീപിനു പിന്നാലെ ഇന്ത്യക്ക് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനേയാണ് നഷ്ടമായത്. 11 റണ്‍സുമായി ഗില്‍ മടങ്ങി. ഗസ് അറ്റ്കിന്‍സന്‍ ഗില്ലിനെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. പിന്നാലെ വന്ന കരുണ്‍ നായര്‍ക്ക് ഒന്നാം ഇന്നിങ്‌സിലെ മികവ് രണ്ടാം ഇന്നിങ്‌സില്‍ തുടരാനായില്ല. താരം 32 പന്തില്‍ 17 റണ്‍സുമായി പുറത്തായി.

പിന്നീട് ജഡേജയും ധ്രുവ് ജുറേലും ചേര്‍ന്നുള്ള കൂട്ട് ഇന്ത്യയെ മുന്നോട്ടു നയിച്ചു. മികച്ച ബാറ്റിങുമായി കളം വാഴുന്നതിനിടെയാണ് ജുറേലിന്റെ പുറത്താകല്‍. താരം 46 പന്തില്‍ 34 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറിയുമായി രവീന്ദ്ര ജഡേജയാണ് എട്ടാമനായി ക്രീസ് വിട്ടത്. താരം 53 റണ്‍സെടുത്തു.

2 വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യക്കായി രാത്രി കാവല്‍ക്കാരന്‍ ആകാശ് ദീപും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ആകാശിന്റെ കന്നി ടെസ്റ്റ് അര്‍ധ സെഞ്ച്വറിയാണ് ഓവലില്‍ പിറന്നത്. നിര്‍ണായക ഘട്ടത്തിലാണ് താരത്തിന്റെ അര്‍ധ സെഞ്ച്വറി. ആകാശിന്റെ മികവ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകള്‍ അമ്പേ തെറ്റിക്കുന്നതായും മാറി.

പിന്നാലെ മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് ഇംഗ്ലണ്ട് വീഴ്ത്തുകയും ചെയ്തു. അര്‍ധ സെഞ്ച്വറിക്കു ശേഷവും മികവ് തുടര്‍ന്ന ആകാശ് ജാമി ഓവര്‍ടന്റെ പന്തില്‍ ഗസ് അറ്റ്കിന്‍സനു പിടി നല്‍കി അപ്രതീക്ഷിതമായി മടങ്ങി. താരം 94 പന്തുകള്‍ നേരിട്ട് 66 റണ്‍സ് സ്വന്തമാക്കി. 12 ഫോറുകള്‍ സഹിതമായിരുന്നു കന്നി അര്‍ധ ശതകം. ടെസ്റ്റില്‍ ഒരു രാത്രി കാവല്‍ക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറെന്ന നേട്ടവും അതിനിടെ ആകാശ് സ്വന്തമാക്കി. 84 റണ്‍സെടുത്ത അമിത് മിശ്രയാണ് ഒന്നാം സ്ഥാനത്ത്.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 224 റണ്‍സില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ടിനു അതേ നാണയത്തില്‍ തന്നെ തിരിച്ചടി കിട്ടി. അവരുടെ ഒന്നാം ഇന്നിങ്‌സ് 247 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചു. 23 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് ആതിഥേയര്‍ക്കു ലഭിച്ചത്. രണ്ടാം ദിനത്തില്‍ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ നഷ്ടമായി. 28 പന്തില്‍ ഏഴു റണ്‍സുമായി കെഎല്‍ രാഹുലും 11 റണ്‍സുമായി സായ് സുദര്‍ശനുമാണ് പുറത്തായത്.

നേരത്തെ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇന്ത്യക്കായി 4 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. ശേഷിച്ച ഒരു വിക്കറ്റ് ആകാശ് ദീപ് സ്വന്തമാക്കി. മഴ മാറി കളി പുനരാരംഭിച്ചതിനു പിന്നാലെയാണ് ഇന്ത്യ ഇംഗ്ലണ്ട് ഇന്നിങ്‌സിനു തിരശ്ശീലയിട്ടത്. പരിക്കേറ്റ് പുറത്തായ ക്രിസ് വോക്‌സ് ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തതിനാല്‍ ഇന്ത്യ ഇംഗ്ലണ്ടിന്റെ 9 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇന്ത്യക്ക് വെല്ലുവിളിയായി നിന്ന ഹാരി ബ്രൂക്കിനെ ബൗള്‍ഡാക്കി മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിനു വിരാമമിടുകയായിരുന്നു. ഹാരി ബ്രൂക്ക് 53 റണ്‍സെടുത്തു. താരം 5 ഫോറും ഒരു സിക്‌സും പറത്തി.

Washington Sundar, England vs India, Anderson-Tendulkar Trophy: Washington Sundar has hit a 39-ball half-century as India set England a daunting target of 374 to chase down at the Kennington Oval in London.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT