മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ബാറ്റർമാരിൽ ഒരാളാണ് സുനിൽ ഗാവസ്കർ. സച്ചിൻ ടെണ്ടുൽക്കർക്കും മുൻപ് ഇന്ത്യയുടെ ലിറ്റിൽ മാസ്റ്റർ എന്ന പദവി സ്വന്തമാക്കിയ താരം. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 10000 റൺസെന്ന മാന്ത്രിക സംഖ്യ ആദ്യമായി പിന്നിട്ട ബാറ്ററും സണ്ണി എന്നു ചെല്ലപ്പേരിൽ വിളിക്കപ്പെട്ട ഗാവസ്കർ തന്നെ. വലംകൈ ബാറ്റാറായ ഗാവസ്കർ ഒരു മത്സരത്തിൽ ഇടംകൈയനായും ബാറ്റ് വീശി ക്രിക്കറ്റ് ലോകത്ത് അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
1981-82 കാലത്തെ രഞ്ജി ട്രോഫി പോരാട്ടത്തിലാണ് ഈ അപൂർവ വിസ്മയ ബാറ്റിങ് അരങ്ങേറിയത്. അന്ന് ബോംബെ (മുംബൈ) ടീമിനായി രഞ്ജി കളിക്കുമ്പോഴാണ് കർണാടകക്കെതിരായ പോരാട്ടത്തിൽ ടീമിനെ രക്ഷിക്കാനായി ഗാവസ്കർ സാഹസിക ബാറ്റിങിനു മുതിർന്നത്. സെമി പോരാട്ടത്തിലാണ് സംഭവം.
ബംഗളൂരുവിൽ നടന്ന സെമി പോരാട്ടത്തിൽ കർണാടകയുടെ ഇടംകൈയൻ സ്പിന്നർ രഘുറാം ഭട്ട് പിച്ചിലെ മോശമായ ഭാഗം സമർഥമായി ഉപയോഗപ്പെടുത്തി ബൗളിങിൽ അത്ഭുതം തീർത്ത് മുന്നേറുന്നുണ്ടായിരുന്നു. ഒന്നാം ഇന്നിങ്സിൽ ബോംബെയുടെ 8 വിക്കറ്റുകളാണ് ഇത്തരത്തിൽ രഘുറാം വീഴ്ത്തിയത്.
രണ്ടാം ഇന്നിങ്സിലും രഘുറാമിന്റെ പന്തുകൾക്കും തന്ത്രങ്ങൾക്കും മുന്നിൽ ബോംബെ വിയർത്തു. 5 വിക്കറ്റുകളാണ് രഘുറാം രണ്ടാം ഇന്നിങ്സിൽ വീഴ്ത്തിയത്. ബോംബെ തോൽവിയുടെ വക്കിൽ എത്തുകയും കർണാടക ജയിച്ച് ഫൈനലുറപ്പിക്കാൻ ഒരുങ്ങി നിൽക്കുകയും ചെയ്ത ഘട്ടമായിരുന്നു അപ്പോൾ. വലം കൈ ബാറ്റർമാർക്ക് വലിയ ഭീഷണിയായി നിന്ന പിച്ചിൽ പിടിച്ചു നിൽക്കുക എന്നത് ഗാവസ്കർ അടക്കമുള്ള ബാറ്റർമാർക്ക് വലിയ വെല്ലുവിളിയായിരുന്നു.
രഘുറാം ഭട്ടിന്റെ പന്തുകൾ പുറത്തേക്ക് തിരിഞ്ഞ് വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാണ് ഗാവസ്കർ ഇടംകൈ ബാറ്റിങ് പരീക്ഷിക്കാൻ തീരുമാനിച്ചത്. ഇടംകൈയനായി മാറുമ്പോൾ പന്ത് ദേഹത്തോ, പാഡിലോ തട്ടി പോകുമെന്നു എൽബിഡബ്ല്യു ആകില്ലെന്നും അദ്ദേഹം കണക്കുകൂട്ടി.
രഘുറാം ഭട്ട് പന്തെറിയുമ്പോൾ ഇടംകൈ ബാറ്ററാകുന്ന ഗാവസ്കർ മറുഭാഗത്ത് വലംകൈ സ്പിന്നർ ബി വിജയകൃഷ്ണൻ പന്തെറിയാൻ എത്തുമ്പോൾ വലംകൈ ബാറ്ററായി തന്നെ ക്രീസിൽ നിൽക്കും. ഏതാണ് ഒരു മണിക്കൂറോളം ഗാവസ്കർ ഇടം കൈയനായി ബാറ്റ് ചെയ്ത് ഗാവസ്കർ വിലപ്പെട്ട 18 റൺസ് നേടി. ഗുലാം പാർക്കറുമൊത്ത് പൊരുതി നിന്ന അദ്ദേഹം ബോംബെ സ്കോർ 9 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെന്ന നിലയിലെത്തിച്ചു. മത്സരം തോൽക്കാതെ സമനിലയിൽ എത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates