അയർലൻ‍ഡിനെ വീഴ്ത്തി അഫ്​ഗാൻ ലോകകപ്പിന്; വിൻഡീസ് വീണ്ടും വെട്ടിൽ!

മുൻ ചാംപ്യൻമാരായ വെസ്റ്റ് ഇൻ‌ഡീസ് യോ​ഗ്യതാ പോരാട്ടം കളിക്കണം
Afghanistan
Afghanistan x
Updated on
2 min read

ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ മൂന്നാം ഏകദിന പോരാട്ടം വിജയിച്ച് അഫ്​ഗാനിസ്ഥാൻ 2027ലെ ഏകദിന ലോകകപ്പ് പോരാട്ടത്തിനു നേരിട്ട് യോ​ഗ്യത ഉറപ്പാക്കി. രണ്ട് തവണ ലോക ചാംപ്യൻമാരായ വെസ്റ്റ് ഇൻഡീസ് വീണ്ടുമൊരിക്കൽ കൂടി വെട്ടിലാവുകയും ചെയ്തു. കഴി‍ഞ്ഞ രണ്ട് ഏകദിന ലോകകപ്പ് പോരാട്ടങ്ങൾക്ക് യോ​ഗ്യത പോലും നേടാൻ സാധിക്കാതെ പോയ വിൻഡീസ് ഇത്തവണയും യോ​ഗ്യാതാ പോരാട്ടം ജയിച്ച് സ്ഥാനം ഉറപ്പിക്കേണ്ട ​ഗതികേടിലായി. അഫ്​ഗാന്റെ മുന്നേറ്റമാണ് അവരുടെ സാധ്യത ത്രിശങ്കുവിലാക്കിയത്.

അയർലൻഡിനെതിരായ മൂന്നാം പോരിൽ 3 വിക്കറ്റിന്റെ ആവേശ വിജയമാണ് അഫ്​ഗാനിസ്ഥാൻ സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ അഫ്​ഗാൻ 2-0ത്തിനു മുന്നിലെത്തുകയും ചെയ്തു.

റാഷിദ് ഖാന്റെ ഓൾ റൗണ്ട് മികവാണ് അഫ്​ഗാൻ ജയം എളുപ്പമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡിനെ 46.3 ഓവറിൽ 206 റൺസിൽ പുറത്താക്കാൻ അഫ്​ഗാന് സാധിച്ചു. മറുപടി പറയാനിറങ്ങിയ അഫ്​ഗാനിസ്ഥാൻ 44.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് കണ്ടെത്തി.

Afghanistan
എല്ലാവരേയും കൊല്ലും! സൗരവ് ഗാം​ഗുലിക്കും ഭാര്യയ്ക്കും വധഭീഷണി

അനായാസ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്നതിനിടെ അഫ്​ഗാനിസ്ഥാൻ ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയിലായിരുന്നു. എന്നാൽ പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായി അവർ 7 വിക്കറ്റിന് 176 റൺസെന്ന നിലയിലേക്ക് വീണു. എട്ടാം വിക്കറ്റിൽ ഒന്നിച്ച റാഷിദ് ഖാൻ- യമീൻ അഹമ്മദ്സായി സഖ്യം കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു.

റാഷിദ് ഖാൻ 37 റൺസുമായി പുറത്താകാതെ നിന്നു. യമീൻ അഹമ്മദ്സായി 4 റൺസ് മാത്രമാണ് എടുത്തതെങ്കിലും 26 പന്തുകൾ ചെറുത്ത് റാഷിദിനു സ്ട്രൈക്ക് കൈമാറുന്നതിൽ നിർണായകമായി. നേരത്തെ ബൗളിങിലും റാഷിദ് തിളങ്ങിയിരുന്നു. താരം 10 ഓവറിൽ 44 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു.

നിലവിൽ ഐസിസി റാങ്കിങിൽ 8ാം സ്ഥാനത്തുള്ള അഫ്​ഗാൻ ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് പോരിലേക്ക് നേരിട്ട് യോ​ഗ്യത ഉറപ്പിക്കുകയായിരുന്നു. അവരുടെ നാലാം ലോകകപ്പ് പ്രവേശമാണിത്.

വിൻഡീസിന് സംഭവിച്ചത്

അഫ്​ഗാൻ ജയത്തോടെ 8ാം റാങ്ക് ഉറപ്പിച്ചപ്പോൾ വെസ്റ്റ് ഇൻഡീസിന്റെ നേരിട്ട് യോ​ഗ്യതയെന്ന സാധ്യതയാണ് അടഞ്ഞത്. റാങ്കിങിലെ തിരിച്ചടിയാണ് മുൻ ചാംപ്യൻമാർക്ക് വിനയായത്. അവർക്ക് ഇനി യോ​ഗ്യതാ പോരാട്ടം ജയിച്ചാൽ മാത്രമേ ലോകകപ്പ് യോ​ഗ്യത കിട്ടു. കഴിഞ്ഞ രണ്ട് തവണയും സമാന അവസ്ഥ നേരിട്ട് യോ​ഗ്യതാ പോര് കളിച്ചിട്ടും കരീബിയൻ സംഘം ലോകകപ്പ് കളിച്ചിരുന്നില്ല.

സെപ്റ്റംബർ 30 വരെയുള്ള ഐസിസി ഏകദിന റാങ്കിങ് അടിസ്ഥാനത്തിലാണ് ടീമുകൾ നേരിട്ട് ലോകകപ്പ് യോ​ഗ്യത ഉറപ്പിക്കുന്നത്. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക, ഇം​ഗ്ലണ്ട്, ബം​ഗ്ലാദേശ്, അഫ്​ഗാനിസ്ഥാൻ എന്നിവരാണ് നേരിട്ട് യോ​ഗ്യത ഉറപ്പിച്ചത്. ആതിഥേയരെന്ന നിലയിൽ ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ ടീമുകളും യോ​ഗ്യത നേടി.

നിലവിലെ ഏകദിന റാങ്കിങിൽ വിൻഡീസ് 10ാം സ്ഥാനത്താണ്. ഇന്ത്യക്കെതിരെ 2 ഏകദിന മത്സരങ്ങൾ വിൻഡീസ് കളിക്കുന്നുണ്ട്. എന്നാൽ ഇത് രണ്ടും ജയിച്ചാൽ പോലും റാങ്കിങിൽ വലിയ മാറ്റം സംഭവിക്കില്ല. അതിനാൽ ലോകകപ്പ് സീറ്റിന് അവർ യോ​ഗ്യതാ പോരാട്ടം കളിക്കേണ്ടി വരുമെന്നത് നിർബന്ധമാണ്.

വിൻഡീസ്, അയർലൻഡ് ടീമുകളാണ് യോ​ഗ്യതാ പോര് കളിക്കുന്ന ഐസിസിയുടെ ഫുൾ മെമ്പർ ടീമുകൾ. ലോകകപ്പ് ലീ​ഗ് 2ൽ നിന്നു നാല് ടീമുകളും വേൾഡ് കപ്പ് ക്വാളിഫയർ പ്ലേ ഓഫിൽ നിന്നുള്ള നാല് ടീമുകളുമാണ് വിൻഡീസ്, അയർലൻ‍ഡ് ടീമുകൾക്ക് പുറമെ മത്സര രം​ഗത്തുള്ളത്. ഇതിൽ നാല് ടീമുകൾക്കാണ് ലോകകപ്പ് യോ​ഗ്യത കിട്ടുക.

Afghanistan
'വൈഭവിന് ശരിക്കും 15 വയസ് തന്നെയാണോ'? ഇന്ത്യയ്ക്ക് പുറത്ത് ഇപ്പോഴും സംശയമെന്ന് ഓസീസ് ഇതിഹാസം
Afghanistan
കാമുകിയുടെ കൈ പിടിച്ച് നിൽക്കുന്നതിനിടെ തൊട്ടരികിൽ ബിക്കിനി ധരിച്ച യുവതി; 'റോ‍ഡ്രി' തിരിഞ്ഞു നോക്കി!
Summary

Afghanistan secured direct qualification for the 2027 ODI World Cup after beating Ireland by three wickets in the third ODI at the Civil Service Cricket Club in Belfast on Monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com