WTC Final 2025 x
Sports

വീഴാന്‍ 12 വിക്കറ്റുകള്‍, നീണ്ട 3 ദിവസം ബാക്കി; ലോര്‍ഡ്‌സില്‍ ഗംഭീര ത്രില്ലര്‍, ആര്‍ക്കും ജയിക്കാം!

ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ (WTC Final 2025) ആവേശകരമായി മാറുന്നു. മൂന്ന് ദിവസം ശേഷിക്കേ രണ്ട് ടീമുകള്‍ക്കും ജയിക്കാനുള്ള സാധ്യതയാണ് തുറന്നു കിടക്കുന്നത്. ഇന്ന് ഓസീസിനെ ആദ്യ സെഷനില്‍ തന്നെ പുറത്താക്കി കരുതലോടെ ബാറ്റ് വീശി വിജയം പിടിക്കാനുള്ള അവസരം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുണ്ട്. ഓസീസിനാകട്ടെ ബൗളര്‍മാരുടെ കത്തും ഫോമിലാണ് വിശ്വാസം.

ഐസിസി പോരാട്ടത്തില്‍ ഒരു ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ആ പോരായ്മ പരിഹരിക്കാനുള്ള കഠിന ശ്രമത്തിലാണ് ദക്ഷിണാഫ്രിക്ക. ഓസ്‌ട്രേലിയ ചരിത്ര നേട്ടത്തിന്റെ വക്കിലാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് തുടങ്ങിയ ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന തങ്ക ലിപികളില്‍ എഴുതപ്പെടാനുള്ള ചരിത്രമാണ് അവരെ കാത്തിരിക്കുന്നത്.

തങ്ങളിപ്പോഴും മത്സരത്തില്‍ തന്നെയുണ്ടെന്നു പറയുകയാണ് പ്രോട്ടീസ് പേസര്‍ ലുന്‍ഗി എന്‍ഗിഡി. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ക്ക് കടിഞ്ഞാണിടുന്നതില്‍ കഗിസോ റബാഡയ്‌ക്കൊപ്പം എന്‍ഗിഡിയും നിര്‍ണായകമായിരുന്നു. ഓസീസ് നന്നായി ബൗള്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ പക്ഷേ തങ്ങള്‍ക്കും അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ കഴിഞ്ഞെന്നു എന്‍ഗിഡി പറയുന്നു. ആദ്യ ഇന്നിങ്‌സില്‍ തിളങ്ങാന്‍ സാധിക്കാതെ പോയ എന്‍ഗിഡി പക്ഷേ ക്യാപ്റ്റന്‍ ടെംബ ബവുമയുടെ പിന്തുണയില്‍ കരുത്തോടെ തിരിച്ചടിക്കാന്‍ സാധിച്ചുവെന്നു പറയുന്നു.

'ആദ്യ ഇന്നിങ്‌സില്‍ എനിക്ക് റിഥം ഇല്ലായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് പന്തെറിയുന്നത് എന്നൊരു ഫീലായിരുന്നു. എന്നാല്‍ ബവുമ എന്നോടു ചില കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. റിഥം ശരിയായാല്‍ എല്ലാം ഓക്കെ ആക്കാമെന്നു ഞാന്‍ മറുപടി നല്‍കി. ഭാഗ്യത്തിനു അതെല്ലാം ക്ലിക്കായി.'

'രണ്ട് വിക്കറ്റുകളാണ് ഇനി വീഴ്ത്താനുള്ളത്. രണ്ട് പന്തിന്റെ കാര്യമേയുള്ളു. പരമാവധി 230 റണ്‍സിനുള്ളില്‍ അവരുടെ ലീഡ് ഒതുക്കുകയാണ് ലക്ഷ്യമിടുന്നത്. അവരുടെ ബൗളിങ് വച്ച് നോക്കിയാല്‍ ഈ പിച്ചില്‍ ഈ സ്‌കോര്‍ എളുപ്പമാകില്ല. എങ്കിലും ഏറ്റവും മികച്ചതു തന്നെ സംഭവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്'- എന്‍ഗിഡി വ്യക്തമാക്കി.

രണ്ട് ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ബൗളര്‍മാരുടെ വാഴ്ചയാണ് കണ്ടത്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 212 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പ്രോട്ടീസ് ബൗളര്‍മാര്‍ക്ക് സാധിച്ചു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് ആ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ സാധിച്ചില്ല. അവരുടെ ഒന്നാം ഇന്നിങ്‌സ് 138 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയ 74 റണ്‍സ് ലീഡ് പിടിച്ചെടുക്കുകയും ചെയ്തു.

മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ഓസീസിന് രണ്ടാം ഇന്നിങ്‌സില്‍ പക്ഷേ എട്ടിന്റെ പണിയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ നല്‍കിയത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് 8 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലാണ്. അവര്‍ക്ക് നിലവില്‍ 218 റണ്‍സിന്റെ മൊത്തം ലീഡുണ്ട്. ശേഷിക്കുന്ന ഓസീസ് വിക്കറ്റുകള്‍ ക്ഷണത്തില്‍ വീഴ്ത്താനായിരിക്കും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ നോക്കുക.

കളി നിര്‍ത്തുമ്പോള്‍ 47 പന്തുകള്‍ ചെറുത്ത് 16 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും, ഒരു റണ്ണുമായി നതാന്‍ ലിയോണുമാണ് ക്രീസില്‍.

74 റണ്‍സിന്റെ നിര്‍ണായക ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസീസ് 28 റണ്‍സ് വരെ വലിയ പ്രശ്നമില്ലാതെ പോയി. എന്നാല്‍ 28 റണ്‍സില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീണത് അവര്‍ക്ക് തിരിച്ചടിയായി. പിന്നീട് വിക്കറ്റുകള്‍ കൊഴിയുന്ന കാഴ്ചയായിരുന്നു. ഒരു ഘട്ടത്തില്‍ ഓസീസ് 100 കടക്കുമോ എന്നു പോലും സംശയിച്ചു. മുന്‍നിര ബാറ്റര്‍മാരെല്ലാം അതിവേഗം മടങ്ങിയപ്പോള്‍ അവര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തി.

എന്നാല്‍ എട്ടാം വിക്കറ്റിലെ വീരോചിത ചെറുത്തു നില്‍പ്പുമായി അലക്സ് കാരിയും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്നു പോരാട്ടം പ്രോട്ടീസ് പാളയത്തിലേക്ക് നയിച്ചതോടെ ഓസീസിനു അല്‍പ്പം ആശ്വാസമായി. സഖ്യം സ്‌കോര്‍ 100 കടത്തുകയും ലീഡ് 200 കടത്തിയുമാണ് പിരിഞ്ഞത്. ഇരുവരും ചേര്‍ന്നു ഉയര്‍ത്തിയത് 61 റണ്‍സിന്റെ വിലപ്പെട്ട റണ്‍സുകള്‍.

സ്‌കോര്‍ 134ല്‍ നില്‍ക്കെ അലക്സ് കാരി മടങ്ങി. താരം 43 റണ്‍സാണ് എടുത്തത്. നിലവില്‍ രണ്ടാം ഇന്നിങ്സില്‍ ഓസീസിന്റെ ടോപ് സ്‌കോററും കാരിയാണ്. അര്‍ഹിച്ച അര്‍ധ സെഞ്ച്വറി നേടാന്‍ കാരിക്കു സാധിച്ചില്ല. ഓപ്പണര്‍ മര്‍നസ് ലാബുഷെയ്നാണ് പിടിച്ചു നിന്ന മറ്റൊരാള്‍. താരം 22 റണ്‍സെടുത്തു മടങ്ങി.

ആദ്യ ഇന്നിങ്സില്‍ 5 ഓസീസ് വിക്കറ്റുകള്‍ പിഴുത കഗിസോ റബാഡ രണ്ടാം ഇന്നിങ്സില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി നേട്ടം എട്ടാക്കി ഉയര്‍ത്തി. റബാഡയ്ക്കൊപ്പം രണ്ടാം ഇന്നിങ്സില്‍ ലുന്‍ഗി എന്‍ഗിഡിയും ഓസീസിനെ വിറപ്പിച്ചു. താരവും 3 വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കോ യാന്‍സന്‍, വ്യാന്‍ മള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT