ചണ്ഡീഗഢ്: 2019ല്‍ അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ ഇതിഹാസ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്തുകൊണ്ടാണ് അന്ന് അപ്രതീക്ഷിതമായി ക്രിക്കറ്റ് മതിയാക്കിയതെന്ന ചോദ്യത്തിനു ഉത്തരവുമായി എത്തിയിരിക്കുകയാണ് യുവി. 2019ല്‍ ഇംഗ്ലണ്ടില്‍ അരങ്ങേറിയ ലോകകപ്പ് ടീമിലേക്ക് യുവരാജിനെ പരിഗണിച്ചിരുന്നില്ല. പിന്നാലെയായിരുന്നു വിരമിക്കല്‍. ഇന്ത്യന്‍ ടീമിന്റെ പടിയിറങ്ങിയതിനൊപ്പം തന്നെ താരം ഐപിഎല്‍ പോരാട്ടങ്ങളോടും വിട പറഞ്ഞിരുന്നു. ലോകകപ്പ് ടീമില്‍ ഇടം നല്‍കാത്തത് മാത്രമായിരുന്നില്ല തന്റെ അന്നത്തെ വിരമിക്കല്‍ തീരുമാനത്തിനു പിന്നിലെന്നു ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നു പറയുകയാണ് 44കാരന്‍. സെർവിങ് ഇറ്റ് അപ്പ് സാനിയ എന്ന ഇന്ത്യയുടെ ഇതിഹാസ വനിതാ ടെന്നീസ് താരം സാനിയ മർസയുമായുള്ള പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് യുവരാജിന്റെ തുറന്നു പറച്ചിൽ.
'എനിക്ക് ആസ്വദിച്ച് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കാതെ വന്നു. ആസ്വദിച്ച് കളിക്കാന്‍ കഴിയുന്നെങ്കില്‍ പിന്നെ ഇത് തുടരുന്നതില്‍ അര്‍ഥമില്ലെന്നു ഞാന്‍ ചിന്തിച്ചു. മാത്രമല്ല എന്നെ ആരും പിന്തുണച്ചില്ല. അര്‍ഹിച്ച ബഹുമാനവും എനിക്കു കിട്ടുന്നില്ലെന്നു തോന്നി. ഇതൊന്നുമില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാണ് ക്രിക്കറ്റ് കളിക്കുന്നത്. എനിക്ക് ആസ്വദിക്കാന്‍ സാധിക്കാത്ത ഒരു സംഗതിയില്‍ ഇങ്ങനെ കെട്ടിക്കിടക്കേണ്ട കാര്യമുണ്ടെന്നു തോന്നിയില്ല. ഞാന്‍ എന്താണ് ഇനി തെളിയിക്കേണ്ടിയിരുന്നത്. മാനസികമായും ശാരീരികമായും അത്ര കാലം ചെയ്തതില്‍ കൂടുതല്‍ ഒന്നും എനിക്കിനി ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അതെന്നെ സംബന്ധിച്ച് അങ്ങേയറ്റം വേദനിപ്പിക്കുന്ന കാര്യമായിരുന്നു. ഒടുവില്‍ വിരമിക്കാന്‍ തീരുമാനിച്ചു. ആ പ്രഖ്യാപന ദിവസം ഞാന്‍ എന്റെ യഥാര്‍ഥ മാനസികാവസ്ഥയിലേക്ക് തിരിച്ചെത്തിയ ദിവസം കൂടിയാണ്.'
'സൗഹൃദങ്ങളും ബന്ധങ്ങളും കായിക മേഖലയില്‍ ധാരാളമുണ്ട്. അന്നും അങ്ങനെ തന്നെയായിരുന്നു. എന്നിട്ടും എനിക്ക് എവിടെയോ എന്നെ നഷ്ടപ്പെട്ടു. എന്റെ അതൃപ്തിക്ക് ഒട്ടും ശമനം വന്നില്ല. അതിന്റെ പിന്നിലെ യുക്തിയാണ് ഞാന്‍ സ്വയം തേടിയത്. പിന്നാലെയാണ് ക്രിക്കറ്റിനോടു വിട പറയാന്‍ തീരുമാനിച്ചത്'- യുവരാജ് വ്യക്തമാക്കി.
ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന യുവരാജ് 2007ല്‍ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ അതിന്റെ അമരക്കാരന്‍ കൂടിയായിരുന്നു. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് രണ്ടാം തവണ സ്വന്തമാക്കുമ്പോഴും നിര്‍ണായക റോളില്‍ യുവരാജുണ്ടായിരുന്നു. 2007ലെ ലോകകപ്പിലാണ് ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെ യുവി ഒരോവറിലെ ആറ് പന്തും സിക്‌സര്‍ തൂക്കി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. മാത്രമല്ല 12 പന്തില്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് നേട്ടവും താരം അന്ന് സ്വന്തമാക്കിയിരുന്നു.
2011ല്‍ കാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ട് ക്രിക്കറ്റില്‍ നിന്നു വിട്ടു നിന്ന യുവരാജ് പിന്നീട് അതിനെതിരെ പോരാടി വിജയിച്ച് ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ചെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും പ്രതീകമായാണ് ഇന്നും ആ തിരിച്ചു വരവിനെ ക്രിക്കറ്റ് ലോകം മാനിക്കുന്നത്. 2012ല്‍ താരം വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചു.
എന്നാല്‍ പിന്നീടുള്ള അദ്ദേഹത്തിന്റെ ഇന്ത്യന്‍ ടീമിലെ നിലനില്‍പ്പ് പലപ്പോഴും ചോദ്യ ചിഹ്നത്തിലായി. മാത്രമല്ല അദ്ദേഹത്തിന്റെ പിതാവും മുന്‍ ഇന്ത്യന്‍ താരവുമായ യോഗ്‌രാജ് സിങ് മഹേന്ദ്ര സിങ് ധോനി കാരണമാണ് മകന്റെ കരിയര്‍ അസ്ഥിരമായി നില്‍ക്കുന്നതെന്ന ആരോപണമടക്കം ഉന്നയിച്ചതും അന്ന് വിവാദമുണ്ടാക്കിയിരുന്നു. അതിനിടെയാണ് 2019ലെ ലോകകപ്പ് ടീമിലേക്ക് യുവിയെ പരിഗണിക്കാതിരുന്നതും. ഇതും വിവാദത്തിന് ആക്കം കൂട്ടി.
2000ത്തിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട താരങ്ങളില്‍ ഒരാള്‍ യുവിയാണ്. പക്ഷേ അദ്ദേഹം അര്‍ഹിച്ച രീതിയിലുള്ള വിരമിക്കലാണോ ലഭിച്ചതെന്ന ചോദ്യം അന്നും ഇന്നും ആരാധകര്‍ക്കുള്ളിലുണ്ട്. അപമാനിക്കപ്പെട്ടാണ് താരത്തിനു ഇറങ്ങിപ്പോകേണ്ടി വന്നതെന്ന ആരാധകരുടെ അന്നത്തെ ചിന്തയെ ശരിവയ്ക്കുന്ന ഉത്തരങ്ങളാണ് ഇപ്പോള്‍ യുവിയുടെ മനസില്‍ നിന്നു തന്നെ പുറത്തു വന്നത്.
ഇന്ത്യക്കായി 304 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും 40 ടെസ്റ്റും കളിച്ച താരമാണ് യുവി. ഏകദിനത്തില്‍ 14 സെഞ്ച്വറി, ടെസ്റ്റില്‍ 3 സെഞ്ച്വറി. ഏകദിനത്തില്‍ 52, ടെസ്റ്റില്‍ 11, ടി20യില്‍ 8 അര്‍ധ സെഞ്ച്വറികളും കരിയറില്‍ നേടി. ഏകദിനത്തില്‍ 8701 റണ്‍സും ടെസ്റ്റില്‍ 1900 റണ്‍സും ടി20യില്‍ 1177 റണ്‍സും അടിച്ചെടുത്തു.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്), മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് (ഡല്‍ഹി ഡയര്‍ഡെവിള്‍സ്), റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബ്, പുനെ വാരിയേഴ്‌സ് ടീമുകള്‍ക്കായി കളിച്ചു. ഇംഗ്ലീഷ് കൗണ്ടിയില്‍ യോര്‍ക്ക്‌ഷെയറിനായും ഗ്ലോബല്‍ ടി20 കാനഡയില്‍ ടൊറന്റോ നാഷണല്‍സ് ക്രിക്കറ്റ് ടീമിനായും താരം വിദേശത്തും കളിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates