തൃശൂർ: സഞ്ജു സാംസണിന്റെ ഐപിഎല്ലിലെ പ്രകടനം കാണുമ്പോൾ വളരെയധികം സന്തോഷമുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം താരം കേരളത്തിൽ എത്തിയിരുന്നു. ചടങ്ങിൽ സംസാരിക്കുമ്പോഴാണ് സഞ്ജുവിനെ പ്രകടനത്തെക്കുറിച്ച് താരം എടുത്ത് പറഞ്ഞത്. കൊച്ചിയിൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചതിന്റെ ഓർമകളും താരം ആരാധകരുമായി പങ്ക് വെച്ചു.
ചടങ്ങിൽ സംസാരിക്കാനായി യുവരാജ് എഴുന്നേറ്റപ്പോൾ ആരാധകർ വലിയ കയ്യടികളോടെയാണ് താരത്തെ സ്വീകരിച്ചത്.
‘‘രണ്ട് തവണയാണ് ഞാൻ കൊച്ചിയിൽ കളിക്കാൻ എത്തിയത്. ഭാഗ്യവശാൽ ആ രണ്ടു കളികളും ജയിച്ചു. നിങ്ങൾ ടീം ജയിച്ചാലും തോറ്റാലും ഞങ്ങളെ പിന്തുണയ്ക്കാറുണ്ട്. നിങ്ങൾ എപ്പോഴും വലിയ പിന്തുണയാണ് നൽകുന്നത്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് കേരളം രണ്ട് താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. എസ്. ശ്രീശാന്തും സഞ്ജു സാംസണും. പ്രത്യേകിച്ച് ലോകകപ്പിൽ സഞ്ജുവിന്റെ തിരിച്ചു വരവും, ഐപിഎല്ലിൽ അദ്ദേഹം കളിക്കുന്ന രീതിയും കാണുന്നതിൽ വലിയ സന്തോഷം''യുവരാജ് പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്ത നടി നവ്യ നായരും യുവരാജ് സിങ് അടിച്ച സിക്സറുകളെക്കുറിച്ച് പുകഴ്ത്തി പറഞ്ഞു. ‘'ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഞാൻ മകനുമായി സംസാരിക്കാറുണ്ട്. ആ സമയത് ഞാൻ എന്റെ മകനോട് പറയാറുണ്ട്, ആര് എങ്ങനെ കളിച്ചാലും ശരി, യുവരാജ് ഒരു ഓവറിൽ അടിച്ചുകൂട്ടിയ ആ സിക്സറുകൾ, അത് ഇനി ആരും ആവർത്തിക്കാൻ പോകുന്നില്ല'' നവ്യ പറഞ്ഞു.
നവ്യയുടെ ഈ വാക്കുകൾക്ക് കൂപ്പുകൈകളോടെയാണ് യുവി നന്ദി പറഞ്ഞത്. ഇതിൽ കൂടുതൽ വിവരം ക്രിക്കറ്റിനെക്കുറിച്ച് തനിക്കില്ലെന്നും നവ്യ തമാശരൂപേണ ചടങ്ങിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates