റാഞ്ചി: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടി20യിൽ ആകെ പിറന്നത് 500ന് മുകളിൽ റൺസ്. ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തപ്പോൾ വിൻഡീസ് 4 വിക്കറ്റ് നഷ്ടത്തിൽ 252 റൺസെടുത്ത് മത്സരത്തിൽ റെക്കോർഡ് വിജയമാണ് പിടിച്ചത്. അന്താരാഷ്ട്ര ടി20യിൽ വിൻഡീസിന്റെ റെക്കോർഡ് റൺ ചേസ് വിജയം കൂടിയാണിത്.
അതേസമയം മത്സരത്തിൽ രണ്ട് ടീമിലേയും ബൗളർമാർ ശരിക്കും തല്ല് വാങ്ങി. ഇന്ത്യൻ ബാറ്റർമാർ 13 സിക്സും വിൻഡീസ് ബാറ്റർമാർ 20 സിക്സുമാണ് മത്സരത്തിൽ പറത്തിയത്. ഇതോടെ ടി20യിൽ ബൗളർമാർക്ക് ഒരു പ്രാധാന്യവും ഇല്ലാതായി തീരുകയാണെന്ന ആശങ്കയാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചർച്ച.
ടി20യിൽ ഇപ്പോൾ ബൗളർമാർ വലിയ വെല്ലുവിളികൾ നേരിടുകയാണെന്നു പറയുകയാണ് മുൻ ഇന്ത്യൻ താരം യുസ്‍വേന്ദ്ര ചഹൽ.
'ഇത്തരം പിച്ചുകളിൽ ബൗളർമാർക്ക് ഒരു സഹായവും കിട്ടില്ല. പന്ത് പഴകുമ്പോൾ അതിൽ ഈർപ്പം (മഞ്ഞുവീഴ്ച) ഉണ്ടാകുന്നു. കൂടാതെ ഗ്രൗണ്ടുകളുടെ വലിപ്പം ചെറുതാകുകയും ചെയ്യുന്നു. അങ്ങനെ വന്നാൽ ബൗളർമാർ എന്തു ചെയ്യണം. അവരുടെ കഴിവിനെക്കൊണ്ട് എന്ത് പ്രയോജനമാണുള്ളത്.'
'ബൗളർമാരോട് സത്യത്തിൽ എനിക്ക് സഹതാപം തോന്നുന്നു. കാരണം ഞാനും ഒരു ബൗളറാണ്. ഐപിഎല്ലിൽ ചെറിയ ഗ്രൗണ്ടുകളിലും ഫ്ലാറ്റ് പിച്ചുകളിലും പന്ത് എറിയുമ്പോൾ ഒപ്പം ഒരു ഇംപാക്റ്റ് പ്ലെയറും കൂടിയുണ്ട്. മുൻപ് ഇംപാക്റ്റ് പ്ലെയർ ഇല്ലാതിരുന്ന സമയത്ത് ആദ്യ ആറ് ഓവറുകളിൽ 50 റൺസ് മാത്രമാണ് വന്നത്. എന്നാൽ ഇപ്പോൾ 70, 80 റൺസ് വരെ പിറക്കുന്നു. അവിടെ തന്നെ മത്സരം ഏതാണ്ട് അവസാനിക്കും.'
'അതിനാൽ ഒന്നുകിൽ പിച്ചിൽ ബൗളർമാർക്ക് എന്തെങ്കിലും സഹായം കിട്ടണം. അല്ലെങ്കിൽ പിന്നെ അവിടെ ഒരു ബൗളിങ് മെഷീൻ സ്ഥാപിച്ചാൽ മതിയാകും'- ചഹൽ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു.
റാഞ്ചിയിൽ നടന്ന രണ്ടാം ടി20യിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് അടിച്ചു. എന്നാൽ വിൻഡീസ് 18.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് സ്വന്തമാക്കിയാണ് ഉജ്ജ്വല വിജയം പിടിച്ചത്. ഇതോടെ 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ അവർ 1-1ന് ഒപ്പമെത്തുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates