Sports

അഭിമാനമായി ​ഗോകുലം കേരള എഫ്സി; ചരിത്ര നേട്ടം; ​ദേശീയ ലീ​ഗ് കിരീടം ആദ്യമായി മലയാള മണ്ണിലേക്ക്

ഇന്ത്യൻ വനിതാ ലീ​ഗ് ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി ചേർത്ത് ​ഗോകുലം കേരള എഫ്സി

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ഇന്ത്യൻ വനിതാ ലീ​ഗ് ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി ചേർത്ത് ​ഗോകുലം കേരള എഫ്സി. ഇന്ത്യൻ വനിതാ ലീഗ് കിരീടം ഗോകുലം കേരള എഫ് സി സ്വന്തമാക്കി. കഴിഞ്ഞ തവണ സെമിയിൽ അവസാനിച്ച കിരീടമെന്ന സ്വപ്നം ​ഗോകുലം ഇത്തവണ ബം​ഗളൂരുവിൽ വച്ച് നേടി. ഇന്ന് നടന്ന ഫൈനലിൽ മണിപ്പുരി ക്ലബ് ക്രിപ്സയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ​ഗോകുലത്തിന്റെ അഭിമാന നേട്ടം.

ആദ്യ മിനുട്ടില്‍ പരമേശ്വരി ദേവി, 25ാം മിനുട്ടില്‍ കമലാ ദേവി, 86ാം മിനുട്ടില്‍ സബിത്ര ഭണ്ഡാരി എന്നിവരാണ് ​ഗോകുലത്തിനായി സ്‌കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ ദങ്മെയ് ഗ്രെയ്സ്, രത്തന്‍ബാല ദേവി എന്നിവരുടെ വകയായിരുന്നു ക്രിപ്സയുടെ ഗോളുകള്‍. 

ദേശീയ ലീഗ് കിരീടം ആദ്യമായാണ് കേരളത്തിലെത്തുന്നത്. നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമായി ഇതോടെ ​ഗോകുലം മാറുകയും ചെയ്തു. ഇതുവരെ ഒരു കേരള ക്ലബിന്റെയും പുരുഷ സീനിയർ ടീമിനോ വനിതാ സീനിയർ ടീമിനോ ദേശീയ ലീഗ് കിരീടം നേടാൻ സാധിച്ചിരുന്നില്ല. ആ നീണ്ട കാത്തിരിപ്പിന് ആണ് ഗോകുലം വനിതകൾ അവസാനം കുറിച്ചത്. 

ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് എത്തിയ ക്രിപ്സയ്ക്ക് ഗോകുലത്തിന്റെ മുന്നിൽ എത്തിയപ്പോൾ എല്ലാം പിഴക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ ക്രിപ്സയുടെ പേരുകേട്ട ഡിഫൻസിന്റെ തന്ത്രങ്ങൾ പാളി. ഒന്നാം മിനുട്ടിൽ പരമേശ്വരിയിലൂടെ ഗോകുലം ലീഡ് എടുത്തു. തുടരെ ആക്രമണം നടത്തിയ ഗോകുലം 25ാം മിനുട്ടിൽ രണ്ടാം ഗോൾ നേടി. കമലാദേവിയുടെ ഫ്രീ കിക്കിലൂടെ ആയിരുന്നു ഈ ​ഗോളിന്റെ പിറവി. 

എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു ഗോൾ മടക്കാൻ ക്രിപ്സയ്ക്ക് ആയി. രണ്ടാം പകുതിയിൽ സമനില ഗോളിനായി ക്രിപ്സ പൊരുതി. കളിയുടെ 70ാം മിനുട്ടിൽ മൂന്നാം ഗോൾ നേടാൻ ഗോകുലത്തിന് മികച്ച അവസരം ലഭിച്ചു എങ്കിലും സബിത്രയുടെ ഷോട്ട് മികച്ച സേവിലൂടെ ലിങ്തംഗാമ്പി ദേവി തട്ടിയകറ്റി‌. പിന്നാലെ രത്തൻബാല ദേവിയിലൂടെ ക്രിപ്സ രണ്ടാം ഗോൾ നേടി സമനില പിടിച്ചു. 

പക്ഷെ ക്രിപ്സയുടെ തിരിച്ചുവരവിൽ ഗോകുലം പേടിച്ചില്ല. കളിയുടെ 86ആം മിനുട്ടിൽ ക്രിപ്സയുടെ ഹൃദയം തകർത്ത് സബിത്രയിലൂടെ ഗോകുലം കേരള എഫ്സി വിജയ ഗോൾ നേടി. സമനില നേടാൻ ആയി ക്രിപ്സ ശ്രമിച്ചു എങ്കിലും ഗോകുലം ഡിഫൻസ് ശക്തമായി ഇത്തവണ ലീഡിനെ പ്രതിരോധിച്ചു. 

സെമി ഫൈനലിൽ മുൻ ചാമ്പ്യന്മാരായ സേതു എഫ് സിയെ തോൽപ്പിച്ച് ആയിരുന്നു ഗോകുലം കേരള ഫൈനലിലേക്ക് എത്തിയത്. ടൂർണമെന്റിൽ ഉടനീളം ആധിപത്യം പുലർത്തിയാണ് ഗോകുലം ഫൈനൽ വരെ എത്തിയത്. കളിച്ച എല്ലാ മത്സരവും ഗോകുലം വിജയിച്ചു. ഇന്നത്തെ വിജയ ഗോൾ ഉള്ളപ്പടെ 18 ഗോളുകൾ അടിച്ച് ടൂർണമെന്റിൽ ടോപ്പ് സ്കോറർ ആയ നേപ്പാൾ താരം സബിത്രയാണ് ടൂർണമെന്റിൽ ഗോകുലത്തിന്റെ അഭിമാന താരമായി മാറിയത്. മലയാളി ആയ പ്രിയ പിവി ആണ് ഗോകുലം കേരളയുടെ ഹെഡ് കോച്ച്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT