ലോര്‍ഡ്സ്: ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലായിരുന്നു ഇത്തവണത്തേത്. മത്സരം ടൈ ആയതിനെ തുടർന്ന് സൂപ്പർ ഓവർ വേണ്ടി വന്നു. എന്നാൽ സൂപ്പർ ഓവറും ടൈ ആയതോടെ ബൗണ്ടറികളുടെ എണ്ണം നോക്കിയാണ് ലോക ചാമ്പ്യനെ നിശ്ചയിച്ചത്. ഫൈനലിലെ അമ്പയറിങ് പിഴവുകൾ പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ ഫൈനലിലെ അമ്പയറിങ് പിഴവുകള്‍ക്കെതിരേ മുന്‍ അന്താരാഷ്ട്ര അമ്പയര്‍ സൈമണ്‍ ടോഫല്‍ രംഗത്തെത്തി.
ഫൈനലില്‍ ഇംഗ്ലണ്ടിന് ഓവര്‍ ത്രോയിലൂടെ ബൗണ്ടറിയടക്കം ആറ് റണ്‍സ് അനുവദിച്ച ഫീല്‍ഡ് അമ്പയര്‍മാരുടെ നടപടി വലിയ പിഴവായിരുന്നുവെന്നും ടോഫല്‍ പറഞ്ഞു. ക്രിക്കറ്റ് നിയമങ്ങളുണ്ടാക്കുന്ന എംസിസിയുടെ ഉപ സമിതി അംഗം കൂടിയാണ് ടോഫല്‍.
മത്സരത്തിന്റെ അവസാന ഓവറിലാണ് വിവാദമായ സംഭവം. ഇംഗ്ലണ്ടിന് മൂന്ന് പന്തില്‍ നിന്ന് ജയിക്കാന്‍ ഒൻപത് റണ്‍സ് വേണമെന്നിരിക്കെ ഗുപ്റ്റിലിന്റെ ത്രോ സ്റ്റോക്സിന്റെ ബാറ്റില്‍ കൊണ്ട് പന്ത് ബൗണ്ടറിലെത്തുകയായിരുന്നു. ഇതോടെ ബൗണ്ടറിയും ഓടിയെടുത്ത രണ്ട് റണ്‍സുമടക്കം ഇംഗ്ലണ്ടിന് അമ്പയര്‍ കുമാര്‍ ധര്‍മസേന ആറ് റണ്‍സ് അനുവദിച്ചു.
ആറ് റണ്‍സ് അനുവദിച്ചത് പിഴവായിരുന്നുവെന്ന് ടോഫല്‍ പറയുന്നു. ഐസിസി നിയമപ്രകാരം അഞ്ച് റണ്‍സ് അനവദിക്കേണ്ടിടത്താണ് അമ്പയര്‍ ഒരു റണ്‍സ് അധികം നല്‍കിയത്. ഇത്തരം സാഹചര്യങ്ങളില്‍ ബൗളര്‍ പന്തെറിഞ്ഞു കൊടുക്കുന്ന സമയത്ത് ബാറ്റ്‌സ്മാൻമാർ രണ്ടാം റണ്ണിനായി പരസ്പരം ക്രോസ് ചെയ്തിട്ടുണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ അഞ്ച് റണ്‍സായിരുന്നു അനുവദിക്കേണ്ടിയിരുന്നത്, ടോഫല്‍ പറഞ്ഞു. മത്സരത്തിന്റെ അന്തിമ ഫലം ഈ സംഭവത്തില്‍ നിശ്ചയിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും ടോഫല്‍ അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates