ന്യൂഡല്ഹി: ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിനേക്കാള് പ്രധാനം മുംബൈ ഇന്ത്യന്സിന് വേണ്ടി കളിക്കുന്നതാണോ എന്ന് രോഹിത്തിനോട് ഇന്ത്യന് മുന് താരം ദിലീപ് വെങ്സര്ക്കാര്. ഹൈദരാബാദിന് എതിരായ മത്സരത്തില് മുംബൈ ഇന്ത്യന്സിന് വേണ്ടി കളിക്കാന് ഇറങ്ങിയ രോഹിത് ശര്മക്കെതിരെ ബിസിസിഐ നടപടി എടുക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.
ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിലും പ്രധാനപ്പെട്ടതാണോ ഐപിഎല് എന്നതാണ് ഇപ്പോഴത്തെ ചോദ്യം. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനേക്കാള് പ്രാധാന്യം ക്ലബിനാണോ രോഹിത് നല്കുന്നത്? ബിസിസിഐ ഇതിനെതിരെ നടപടി എടുക്കുമോ? അതല്ല, രോഹിത്തിന്റെ പരിക്ക് വിലയിരുത്തുന്നതില് ബിസിസിഐ ഫിസിയോയ്ക്ക് തെറ്റ് പറ്റിയോ? ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില് വെങ്സര്ക്കാര് ചോദിക്കുന്നു.
താന് പൂര്ണ ആരോഗ്യവാനാണ് എന്നാണ് ഹൈദരാബാദിനെതിരായ കളിയില് ടോസിന് മുന്പ് രോഹിത് പറഞ്ഞത്. എന്നാല് മുംബൈയുടെ കളിക്ക് മണിക്കൂറുകള് മാത്രം മുന്പ് രോഹിത്തിന്റെ പരിക്കിനെ കുറിച്ച് ഗാംഗുലി പ്രതികരിച്ചിരുന്നു. രോഹിത്തിന്റെ പരിക്ക് വഷളാവാന് ഇടയാക്കരുത് എന്നും, പരിക്കിന്റെ പിടിയില് നിന്ന് പുറത്തുകടന്നാല് ഓസ്ട്രേലിയക്കെതിരായ പരമ്പരയില് രോഹിത്തിനെ സെലക്ടര്മാര് പരിഗണിക്കും എന്നും ഗാംഗുലി പറഞ്ഞിരുന്നു.
എന്നാല് ഓസ്ട്രേലിയന് പര്യടനത്തില് നിന്ന് തന്റെ പേര് ഒഴിവാക്കിയതില് രോഹിത്തിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്ട്ടുകള്. ഏകദിന, ട്വന്റി20യില് വൈസ് ക്യാപ്റ്റന് സ്ഥാനം കെ എല് രാഹുലിന് നല്കിയതും രോഹിത്തിനെ പ്രകോപിപ്പിച്ചതായാണ് സൂചനകള്. പരിക്കിന്റെ കാര്യത്തില് ബിസിസിഐ നിലപാടിനെ എതിര്ത്ത് രോഹിത് കളിക്കാന് ഇറങ്ങിയത് ഇത് വ്യക്തമാക്കുന്നതായും വിലയിരുത്തപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates