ഷാജി പാപ്പനും സംഘവും ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. നൂറ് കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. ചിത്രം കയ്യടി നേടുന്നതിനൊപ്പം ചിത്രത്തിലെ സുല്‍ത്താന്‍ പാട്ടും കയ്യടി നേടുന്നുണ്ട്. തെന്നിന്ത്യന്‍ താരം വേദികയാണ് നൃത്ത രംഗത്തിലെത്തുന്നത്. വേദികയുടെ ഡാന്‍സ് തിയേറ്ററുകളില്‍ ഓളം സൃഷ്ടിക്കുകയാണ്.
അതേസമയം ആവേശകരമായ നൃത്തം ചെയ്യുമ്പോഴും തനിക്ക് 102 ഡിഗ്രി പനി ഉണ്ടായിരുന്നുവെന്നാണ് വേദിക പറയുന്നത്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് വേദിക ആട് ത്രീയിലേക്ക് എത്തിയതിനെക്കുറിച്ചും തന്റെ നൃത്തത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത്.
''അടുത്തിടെ ഞാന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം ഗൗരവ്വമുള്ളതാണ്. യക്ഷിണി, ഫിയര്‍ തുടങ്ങിയ ചിത്രങ്ങള്‍ അത്തരത്തിലുള്ളതാണ്. അതുകൊണ്ട് തന്നെ ശരിയായ സമയത്താണ് സുല്‍ത്താന്‍ എന്നെ തേടി വന്നതെന്നാണ് കരുതുന്നത്. കുറച്ച് ഫണ്‍ ആയ, ഊര്‍ജ്ജസ്വലമായ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച സമയത്താണ് ഇത് വന്നത്. ഷോബി മാസ്റ്ററാണ് നൃത്ത സംവിധാനം. ഞാന്‍ ആസ്വദിച്ച് ചെയ്ത ഗാന രംഗമാണ്'' താരം പറയുന്നു.
''എന്റെ ജോലി ആത്മാര്‍ത്ഥമായി ചെയ്യാന്‍ മാത്രമാണ് ശ്രദ്ധിച്ചത്. അതിന്റെ ഫലം എന്താകുമെന്ന് ചിന്തിച്ചിരുന്നില്ല. പക്ഷെ സുല്‍ത്താന്‍ ഒരു പ്രതിഭാസമായി മാറി. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വളരെ നല്ല പ്രതികരണങ്ങള്‍ ലഭിച്ചു. എല്ലാവരോടും നന്ദി മാത്രമാണ് ഈ അവസരത്തില്‍ പറയാനുള്ളത്. പാട്ട് ചിത്രീകരിക്കുന്ന സമയത്ത് എനിക്ക് 102 ഡിഗ്രി പനിയുണ്ടായിരുന്നു. പക്ഷെ സെറ്റിലെ എനര്‍ജിയാണ് എന്നെ മുന്നോട്ട് കൊണ്ടുപോയത്.'' വേദിക പറയുന്നു.
ക്ലാസിക്കലും വെസ്‌റ്റേണും പഠിച്ചിട്ടുള്ളതിനാല്‍ സുല്‍ത്താന്‍ നൃത്തം ബുദ്ധിമുട്ടുള്ളതായിരുന്നില്ല. പക്ഷെ ഭയങ്കരമായ എനര്‍ജി വേണ്ടതായിരുന്നുവെന്നും വേദിക പറയുന്നു. ഗ്ലാമറസ് ഡാന്‍സ് മാത്രമല്ല, പ്രകടനമൂല്യമുള്ള ഡാന്‍സാണ് എന്നാണ് തോന്നിയതെന്നും വേദിക പറയുന്നു. അതേസമയം, പലരും വസ്ത്രത്തെക്കുറിച്ച് പറഞ്ഞു. എന്റെ കോസ്റ്റ്യൂം ഡിസൈനര്‍ തന്നെയാണ് സിനിമയ്ക്കായി വസ്ത്രം ഡിസൈന്‍ ചെയ്തത്. മാന്യമായ രീതിയില്‍ എനിക്ക് ചേരുന്ന, പാട്ടിന് ചേരുന്ന വസ്ത്രം വളരെ ശ്രദ്ധിച്ച് ഒരുപാട് സമയമെടുത്താണ് തയ്യാറാക്കിയതെന്നും താരം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates