ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ദൗത്യരംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കമാകുന്നു. പൂര്‍ണമായും സ്വകാര്യ വ്യവസായ മേഖലയുടെ പങ്കാളിത്തത്തോടെ നിര്‍മിച്ച ആദ്യ പിഎസ്എല്‍വി (പിഎസ്എല്‍വി-എന്‍1) റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു. 2027ന്റെ ആദ്യ പാദത്തില്‍ റോക്കറ്റിന്റെ ആദ്യ വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ അറിയിച്ചു. നേരത്തെ ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ വ്യവസായ മേഖലയുടെ സഹായത്തോടെയായിരുന്നു പിഎസ്എല്‍വി റോക്കറ്റുകളുടെ നിര്‍മാണം. എന്നാല്‍ ഇത്തവണ റോക്കറ്റിന്റെ നിര്‍മാണച്ചുമതല പൂര്‍ണമായും സ്വകാര്യ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിനാണ് നല്‍കിയിരിക്കുന്നത്.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്നീ കമ്പനികള്‍ ചേര്‍ന്നാണ് റോക്കറ്റ് നിര്‍മിക്കുന്നത്. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് 2022 സെപ്റ്റംബറിലാണ് അഞ്ച് പിഎസ്എല്‍വി റോക്കറ്റുകളുടെ നിര്‍മാണത്തിനായി ഈ കണ്‍സോര്‍ഷ്യവുമായി കരാറിലേര്‍പ്പെട്ടത്. 860 കോടി രൂപയുടേതാണ് കരാര്‍. ഡല്‍ഹിയില്‍ നടന്ന അഞ്ചാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌പേസ് കോണ്‍ക്ലേവിനിടെ സംസാരിക്കവെയാണ് വി. നാരായണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് റോക്കറ്റുകളുടെ നിര്‍മാണച്ചുമതല എച്ച്.എ.എല്‍-എല്‍ ആന്‍ഡ് ടി കണ്‍സോര്‍ഷ്യത്തിന് നല്‍കിയിട്ടുണ്ടെന്നും ആദ്യ റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ റോക്കറ്റുകളുടെ വിവിധ ഭാഗങ്ങള്‍ നിര്‍മിച്ച് ഐഎസ്ആര്‍ഒയ്ക്ക് കൈമാറുകയായിരുന്നു സ്വകാര്യ കമ്പനികള്‍ ചെയ്തിരുന്നത്. എന്നാല്‍ ആദ്യമായാണ് ഒരു സ്വകാര്യ കമ്പനികളുടെ കൂട്ടായ്മയ്ക്ക് പൂര്‍ണ റോക്കറ്റ് നിര്‍മാണത്തിന്റെ ഉത്തരവാദിത്തം ലഭിക്കുന്നത്. ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാനും ഇന്ത്യയുടെ വാണിജ്യ ബഹിരാകാശ ശേഷി ശക്തിപ്പെടുത്താനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ ഏറ്റവും വിശ്വസനീയ വിക്ഷേപണ വാഹനങ്ങളിലൊന്നാണ് പിഎസ്എല്‍വി. ഭൗമനിരീക്ഷണം, ആശയവിനിമയം, ഗതിനിര്‍ണയം തുടങ്ങിയ മേഖലകളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതില്‍ പിഎസ്എല്‍വി നിര്‍ണായകമാണ്.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം അവസാനഘട്ടത്തിലാണ്. കൂടുതല്‍ ഉപഗ്രഹങ്ങള്‍ നിര്‍മിക്കാനും വിക്ഷേപിക്കാനും സര്‍ക്കാര്‍ മേഖലയ്ക്ക് മാത്രം സാധിക്കില്ലെന്നും സ്വകാര്യ കമ്പനികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും പങ്കാളിത്തം അനിവാര്യമാണെന്നും വി നാരായണന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ബഹിരാകാശ മേഖലയില്‍ നിലവില്‍ 440ലധികം സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates