Microsoft Global Outage: Why Outlook and Teams Went Down (AI Generated Image)
Technology

സൈബര്‍ ആക്രമണമല്ല, സെര്‍വറുകളിലെ അമിതഭാരം; മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, ടീംസ് തകരാറിലായത് ഇങ്ങനെ

വ്യാഴാഴ്ച ആരംഭിച്ച തകരാര്‍ ഇന്ത്യയുള്‍പ്പെടെ 74 രാജ്യങ്ങളിലെ ഉപയോക്താക്കളെ ബാധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റിന്റെ ഔട്ട്ലുക്ക്, ടീംസ്, മൈക്രോസോഫ്റ്റ് 365 ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആഗോളതലത്തില്‍ തകരാറിലായതിന് പിന്നില്‍ സൈബര്‍ ആക്രമണമല്ലെന്ന് കമ്പനി. സെര്‍വറുകളിലെ കോണ്‍ഫിഗറേഷന്‍ മാറ്റങ്ങളും തുടര്‍ന്നുണ്ടായ അമിതഭാരവുമാണ് പ്രവര്‍ത്തന തടസ്സത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. വ്യാഴാഴ്ച ആരംഭിച്ച തകരാര്‍ വെള്ളിയാഴ്ചയും തുടര്‍ന്നതോടെ ഇന്ത്യയുള്‍പ്പെടെ 74 രാജ്യങ്ങളിലെ ഉപയോക്താക്കളെ ബാധിച്ചു.

വ്യാഴാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച തകരാറിനെ തുടര്‍ന്ന് നിരവധി ഉപയോക്താക്കള്‍ക്ക് ഔട്ട്ലുക്ക് ഇന്‍ബോക്‌സ് തുറക്കാനോ ഇമെയിലുകള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിഞ്ഞില്ല. ഡൗണ്‍ഡിറ്റക്ടര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒരു ഘട്ടത്തില്‍ ഏകദേശം 1.30 ലക്ഷം പേരാണ് ഔട്ട്ലുക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൈക്രോസോഫ്റ്റ് ടീംസ്, കോപൈലറ്റ്, വേഡ്, എക്‌സല്‍, പവര്‍പോയിന്റ്, വണ്‍ഡ്രൈവ്, ഷെയര്‍പോയിന്റ് തുടങ്ങിയ സേവനങ്ങളെയും തകരാര്‍ ബാധിച്ചു.

എന്താണ് സംഭവിച്ചത്?

മൈക്രോസോഫ്റ്റിന്റെ പ്രാഥമിക വിശദീകരണമനുസരിച്ച് സെര്‍വറുകളിലെ കോണ്‍ഫിഗറേഷന്‍ മാറ്റങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തകരാറിലേക്ക് നയിച്ചത്. ചില സെര്‍വറുകള്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തനരഹിതമായതോടെ ശേഷിക്കുന്ന സെര്‍വറുകളിലേക്ക് കൂടുതല്‍ ഡേറ്റാ ട്രാഫിക് എത്തി. ഇത് അവയ്ക്ക് അമിതഭാരം സൃഷ്ടിക്കുകയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തു. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത ഇമെയില്‍ സംവിധാനമായ എക്‌സ്‌ചേഞ്ച് ഓണ്‍ലൈനിനെ ആണ് പ്രധാനമായും ബാധിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഔട്ട്ലുക്ക് ഉള്‍പ്പെടെയുള്ള മറ്റ് സേവനങ്ങളിലേക്കും വ്യാപിച്ചു.

സെര്‍വറുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിക്കുന്ന ഓട്ടോമാറ്റിക് സംവിധാനങ്ങളിലെ പ്രശ്‌നങ്ങളും സ്ഥിതി സങ്കീര്‍ണമാക്കി. പരിശോധനയില്‍ പരാജയപ്പെട്ട ചില സെര്‍വറുകള്‍ ലഭ്യമല്ലാതായതോടെ അവ കൈകാര്യം ചെയ്യേണ്ടിയിരുന്ന ട്രാഫിക് മറ്റ് സെര്‍വറുകളിലേക്ക് മാറി. ഇതോടെ അവിടെയും അമിതഭാരം അനുഭവപ്പെട്ടു.

ആദ്യഘട്ടത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രതീക്ഷിച്ച ഫലം നല്‍കിയില്ലെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു

പരിഹരിക്കാന്‍ വൈകുന്നതെന്തുകൊണ്ട്?

തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും മൈക്രോസോഫ്റ്റിന് ചില തിരിച്ചടികള്‍ നേരിട്ടു. പ്രവര്‍ത്തനരഹിതമായ സെര്‍വറുകള്‍ വീണ്ടും ഓണ്‍ലൈനിലെത്തിച്ചെങ്കിലും അവയിലേക്ക് ഡേറ്റാ ട്രാഫിക് തിരിച്ചെത്തിയതോടെ ചിലത് വീണ്ടും പ്രതികരിക്കാതെയായി. ഇതോടെ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്ന നടപടി പ്രതീക്ഷിച്ചതിലും സങ്കീര്‍ണമായി. പ്രശ്‌നബാധിത സെര്‍വറുകളിലേക്കുള്ള ട്രാഫിക് നിയന്ത്രിക്കുക, ചില സോഫ്റ്റ്വെയര്‍ കോണ്‍ഫിഗറേഷനുകള്‍ പഴയപടിയാക്കുക, സെര്‍വറുകളുടെ ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികളാണ് എന്‍ജിനീയര്‍മാര്‍ സ്വീകരിച്ചത്.

എന്നാല്‍ ആദ്യഘട്ടത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രതീക്ഷിച്ച ഫലം നല്‍കിയില്ലെന്ന് മൈക്രോസോഫ്റ്റ് പിന്നീട് അറിയിച്ചു. ഇതോടെ സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടിവന്നു. തകരാര്‍ പൂര്‍ണമായി പരിഹരിക്കാന്‍ കൃത്യമായ സമയപരിധിയും കമ്പനി പ്രഖ്യാപിച്ചിരുന്നില്ല.

വിമാനക്കമ്പനികളെയും ബാധിച്ചു

മൈക്രോസോഫ്റ്റ് സേവനങ്ങളിലെ തകരാര്‍ ഇന്ത്യയിലെ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. ഡല്‍ഹിയില്‍നിന്ന് പുണെ, ലേ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് സര്‍വീസുകള്‍ സ്‌പൈസ്ജെറ്റ് റദ്ദാക്കി. ദര്‍ഭംഗ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സര്‍വീസുകള്‍ വൈകുകയും ചെയ്തു. ഇന്‍ഡിഗോയും ആകാശ എയറും യാത്രക്കാര്‍ക്ക് വിമാനങ്ങളുടെ സമയവിവരങ്ങള്‍ പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കി. അതേസമയം, എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകളെ തകരാര്‍ ബാധിച്ചില്ല. യാത്രക്കാരുടെ അന്വേഷണങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നതിനായി ഇമെയില്‍ സേവനങ്ങള്‍ താല്‍ക്കാലികമായി മറ്റൊരു സംവിധാനത്തിലേക്ക് മാറ്റിയതായി കമ്പനി അറിയിച്ചു.

ഓപ്പണ്‍എഐ, ആന്ത്രോപിക് സേവനങ്ങളിലും പ്രശ്‌നം

മൈക്രോസോഫ്റ്റിന്റെ തകരാര്‍ കമ്പനിയുടെ സ്വന്തം സേവനങ്ങളില്‍ മാത്രം ഒതുങ്ങിയില്ല. ഓപ്പണ്‍എഐ, ആന്ത്രോപിക് തുടങ്ങിയ എഐ കമ്പനികള്‍ക്കും മൈക്രോസോഫ്റ്റ് 365 ടൂളുകളുമായി ബന്ധിപ്പിക്കുന്ന സംവിധാനങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിട്ടു. ക്ലൗഡ് സേവനങ്ങളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് പ്ലാറ്റ്ഫോമുകളെയും ഇത്തരം തകരാറുകള്‍ എങ്ങനെ ബാധിക്കുമെന്നതിന്റെ ഉദാഹരണമായി ഇത് മാറി. സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങളിലും ഇമെയില്‍ സേവനങ്ങള്‍ തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഹോങ്കോങ്ങിലെ ചില ബാങ്കിങ് പ്രവര്‍ത്തനങ്ങളെയും ബിസിനസ് ആശയവിനിമയങ്ങളെയും തകരാര്‍ ബാധിച്ചു.

Microsoft Global Outage Hits 74 Countries; Why Outlook and Teams Took So Long to Recover

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിങ്ങളാരെങ്കിലും സഭയില്‍ ഉണ്ടായിരുന്നെങ്കില്‍ പിണറായിയെ അടിച്ചേനെ; വിവാദ പരാമര്‍ശവുമായി എംഎല്‍എ

ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ മോഷണം; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

'യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരുമിച്ച് നില്‍ക്കണം'; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി

‘സൂപ്പർ ഡീലക്സിന്’ ശേഷം വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന്

'ഇരട്ടത്താപ്പ് കാണിക്കാൻ പാടുണ്ടോ ? ഡൽഹിയിൽ കണ്ട അതേ കാഴ്ചകൾ ഇവിടെയും; എല്ലാവരും ഇതിനെതിരെ ശബ്ദമുയർത്തണം'