കൊച്ചി: രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഹൈബ്രിഡ് ലേസര്‍ ആര്‍ക്ക് വെല്‍ഡിങ് (എച്ച്എല്‍എഡബ്ല്യു) സാങ്കേതികവിദ്യ പുറത്തിറക്കി. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും എസ്എഫ്ഒ ടെക്‌നോളജീസും സംയുക്തമായാണ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. കപ്പല്‍ നിര്‍മാണം, പ്രതിരോധം, എന്‍ജിനീയറിങ്, റെയില്‍വേ, ഊര്‍ജം തുടങ്ങിയ പ്രധാന നിര്‍മ്മാണ മേഖലകളില്‍ വെല്‍ഡിങ് പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കുന്നതിനും മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കും.
എസ്എഫ്ഒ ടെക്‌നോളജീസ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈ-പവര്‍ ഫൈബര്‍ ലേസര്‍ സോഴ്‌സിന്റെ കരുത്തോടെ പ്രവര്‍ത്തിക്കുകയും ലേസര്‍ വെല്‍ഡിങ്, പരമ്പരാഗത ആര്‍ക്ക് വെല്‍ഡിങ്, റോബോട്ടിക്‌സ്, നൂതന ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ എന്നിവയെ സംയോജിപ്പിക്കുകയും ചെയ്യുന്നു.
ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള വ്യാവസായിക സാങ്കേതികവിദ്യകളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഈ മുന്നേറ്റത്തെ വിലയിരുത്തുന്നത്. കപ്പല്‍ നിര്‍മാണരംഗത്ത് ഉത്പാദനക്ഷമതയും ഘടനാപരമായ നിലവാരവും വര്‍ധിപ്പിക്കാന്‍ ഈ സംവിധാനത്തിന് സാധിക്കും. കപ്പല്‍ നിര്‍മാണം, പ്രതിരോധം, ഹെവി എഞ്ചിനീയറിങ്, റെയില്‍വേ, ഊര്‍ജം, വലിയ ടാങ്കുകള്‍, വാഗണുകള്‍ തുടങ്ങിയ മറ്റ് തന്ത്രപ്രധാന നിര്‍മാണ മേഖലകളില്‍ ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനായി വേഗതയേറിയ വെല്‍ഡിങ്, ആഴത്തിലുള്ള പെനിട്രേഷന്‍, കുറഞ്ഞ ഡിസ്റ്റോര്‍ഷന്‍, മെച്ചപ്പെട്ട വെല്‍ഡിങ് സ്ഥിരത എന്നിവ ഈ സാങ്കേതികവിദ്യ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
നെസ്റ്റ് ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ എസ്എഫ്ഒ ടെക്‌നോളജീസും കൊച്ചി കപ്പല്‍ശാലയും (സിഎസ്എല്‍) ചേര്‍ന്നാണ് പുതിയ സാങ്കേതികവിദ്യ പുറത്തിറക്കിയത്. കളമശ്ശേരി നെസ്റ്റ് ഹൈടെക് പാര്‍ക്കില്‍ നടന്ന അഡ്വാന്‍സ്ഡ് ലേസര്‍ എഞ്ചിനീയറിങ് സെന്ററിന്റെയും എച്ച്എല്‍എഡബ്ല്യു ആര്‍ ആന്‍ഡ് ഡി ഫെസിലിറ്റിയുടെയും ഉദ്ഘാടനച്ചടങ്ങിലാണ് ഈ പ്രഖ്യാപനമുണ്ടായത്. സിഎസ്എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വി. ജെ ജോസ് , എസ്എഫ്ഒ ടെക്‌നോളജീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എന്‍. ജഹാംഗീര്‍ എന്നിവര്‍ ചേര്‍ന്ന് പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates