പകലുറക്കവും കിഴക്കന്‍ കാറ്റും നന്നല്ല, വിരേചനാദികള്‍ ചെയ്ത് ശരീരത്തെ ശുദ്ധമാക്കണം

വാരഫലം: സെപ്റ്റംബര്‍ 8 മുതല്‍ 14 വരെ
weekly horoscope
വാരഫലം: സെപ്റ്റംബര്‍ 8 മുതല്‍ 14 വരെ weekly horoscopeAI Image
Published on: 

ഇപ്പോഴും ശനിയുടെ വക്രാവസ്ഥ മാറിയിട്ടില്ലാത്തതിനാല്‍ ഭൂകമ്പസാധ്യതകള്‍ മാറിയിട്ടില്ല. സെപ്റ്റംബര്‍ 13-ാം തീയതി ഉച്ചതിരിഞ്ഞ് 3:41 വരെയാണ് പൂരം ഞാറ്റുവേല ഉള്ളത്. അതിനുശേഷം ഉത്രം ഞാറ്റുവേല തുടങ്ങും. മകം പിറന്ന മങ്കയും പൂരം പിറന്ന പുരുഷനും എന്ന പ്രകൃതി പുരുഷസങ്കല്പം ഇക്കാലം കൃഷിയുടെ ആരംഭത്തിന് വിശേഷമെന്ന അര്‍ത്ഥം കൂടി നല്‍കുന്നുണ്ട്. മുതിരക്കൃഷി, കുരുമുളക് കൃഷി, വാഴക്കൃഷി എന്നിവയ്ക്ക് ഇക്കാലം ഉത്തമമത്രെ. സെപ്റ്റംബര്‍ 14-ന് ശുക്രന്‍ ചിങ്ങത്തിലേക്ക് കടക്കും. പിറ്റേന്ന് ബുധന്‍ കന്നിയിലേക്കും പ്രവേശിക്കും. തന്മൂലം ബുധശുക്രയോഗങ്ങള്‍ കുറയുന്നതിനാല്‍ മഴ കുറവായിരിക്കും. വര്‍ഷഋതു കഴിഞ്ഞ് ശരത്ഋതു സെപ്റ്റംബര്‍ 23-ന് ആരംഭിക്കുമെന്നതിനാല്‍ അതിനു മുന്‍പുള്ള ഒരാഴ്ച ദിനചര്യാക്രമം മാറ്റാനുള്ളതാണ്. സൂര്യതാപം മൂലം മുന്‍പ് വര്‍ഷഋതുവില്‍ സംഭരിക്കപ്പെട്ട പിത്തം ശരത്കാലമായാല്‍ കോപിക്കുകയും അതുകൊണ്ട് ശാരീരിക ബുദ്ധിമുട്ടുകള്‍ വരുകയും ചെയ്യുന്നതിനാലാണ് വിരേചനാദികള്‍ ചെയ്ത് കയ്പ്, മധുരം, ചവര്‍പ്പ് എന്നീ രസപ്രധാനമായവ ശീലിക്കേണ്ടതുണ്ടെന്ന് പറയുന്നു. നെല്ലിക്ക, പടവലം, ചെറുപയര്‍, തേന്‍, നല്ലരിച്ചോറ് എന്നിവ ഈ സമയത്ത് നല്ലതത്രെ. പകലുറക്കവും കിഴക്കന്‍ കാറ്റും അധികം നന്നല്ല എന്നു പറയുന്നു. ആറ് രസവും നിത്യവും ഉപയോഗിക്കണമെന്നും അതാത് ഋതുവില്‍ അതിനു യോജിച്ചത് കൂടുതല്‍ കഴിക്കണമെന്നുമാണത്രെ ശാസ്ത്രവിധി.

സെപ്റ്റംബര്‍ 14-നാണ് അഷ്ടമിരോഹിണി. അഷ്ടമി അര്‍ദ്ധരാത്രി വരുന്ന ദിവസമാണ് അഷ്ടമിരോഹിണിക്ക് സ്വീകരിക്കുന്നത്. കൃഷ്ണപക്ഷത്തില്‍ വരുന്ന അഷ്ടമി കൂടിയാണിത്. വിവാഹമുഹൂര്‍ത്തത്തിന് കൃഷ്ണാഷ്ടമി വിശേഷമായി പറയുന്നുണ്ട്. മുഹൂര്‍ത്തമാസങ്ങളിലെ കൃഷ്ണാഷ്ടമി എല്ലാം വിവാഹത്തിന് ഉത്തമമെന്നര്‍ത്ഥം. ശ്രീകൃഷ്ണക്ഷേത്രങ്ങളിലും മഹാവിഷ്ണുക്ഷേത്രങ്ങളിലും ഈ ദിവസം വളരെ വിശേഷമാണ്.

അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം

ഇവര്‍ക്ക് സഹായികളുടെ വര്‍ദ്ധനവ്, പലകാര്യങ്ങളിലും തീരുമാനമെടുക്കുന്നതിന് കാലതാമസം, തന്മൂലം അനാവശ്യമായ ചെലവുകള്‍, സന്താനങ്ങള്‍ക്ക് അഭിവൃദ്ധി, മനഃസന്തോഷം, സാഹിത്യാദിരചനകളിലും സംഗീതാദികലകളിലും ശോഭിക്കാനവസരം, നൂതനഗൃഹനിര്‍മ്മാണം എന്നിവയ്‌ക്കെല്ലാം സാധ്യത ഏറെയുണ്ട്.

കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് വളരെ ഗുണകരമായ സമയമാണ്. ആരോഗ്യം, സുഭഗത്വം, ഐശ്വര്യം, ധനാഗമനം, പ്രശസ്തി, സ്ഥാനമാനാദികള്‍, കൃഷിയില്‍ ഗുണാനുഭവങ്ങള്‍ എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്.

മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രത്തില്‍പെട്ടവര്‍ക്ക് പൊതുവെ ഗുണദോഷമിശ്രമായ സമയമാണ്. വേദാന്താദിരംഗങ്ങളില്‍ ശോഭിക്കാന്‍ പറ്റിയ സമയമാണ്. ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറ്റവും നല്ല സമയമാണ്. വിദേശവാസത്തിനു ശ്രമിക്കുന്നവര്‍ക്കും ഗുണകരമാണ് ഈ സമയം. അനാവശ്യ കലഹസാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് നല്ലതായിരിക്കും.

പുണര്‍തം 4-ാം പാദം, പൂയം, ആയില്യം നക്ഷത്രങ്ങള്‍

പുണ്യതീര്‍ത്ഥ സഞ്ചാരാദികള്‍ക്ക് യോഗമുള്ള സമയമാണ്. സല്‍പ്രവൃത്തികള്‍ക്കായി ധനച്ചെലവ് പ്രതീക്ഷിക്കേണ്ട സമയമാണിത്. ഏര്‍പ്പെടുന്ന മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാവുന്ന ഘട്ടം കൂടിയാണിത്. പ്രസംഗകലയില്‍ ശോഭിക്കാവുന്ന സമയംകൂടിയാണിത്.

weekly horoscope
മരണാനന്തരം ശിവലോകത്ത്, കഴിഞ്ഞ ജന്മങ്ങളിലെ കര്‍മ്മങ്ങളുടെ ഫലം; ഇത് പുനര്‍ജന്മം

മകം, പൂരം, ഉത്രം 1-ാം പാദം

സ്ഥാനമാനങ്ങള്‍ക്കും പ്രശസ്തിക്കും യോഗമുള്ള സമയമാണിത്. എന്നിരുന്നാലും പല കാര്യങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും വൈകലിനും സാധ്യതയുണ്ട്. ഗവേഷണരംഗത്തുള്ളവര്‍ക്കും എന്‍ജിനീയറിങ്ങ് മേഖലയിലുള്ളവര്‍ക്കും ശില്പകലയിലും ചിത്രകലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇക്കാലം ഗുണകരമാണ്.

ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍

മാര്‍ഗതടസ്സങ്ങള്‍, നാല്‍ക്കാലികളില്‍നിന്ന് ഉപദ്രവം, വീഴ്ച, മുറിവേല്‍ക്കാനിടവരിക, ധൂര്‍ത്ത് മൂലം പലതരം പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം യോഗമുണ്ടെന്നറിഞ്ഞ് ശ്രദ്ധിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഈശ്വരാധീനമുള്ളതിനാല്‍ കാര്യങ്ങള്‍ക്ക് വിഘ്നമുണ്ടായാലും അവസാനനിമിഷം ഗുണാനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്.

ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍

ഇവര്‍ക്ക് ഏറ്റവും നല്ല സമയമാണിത്. ഭാഗ്യം, കര്‍മ്മഗുണാനുഭവങ്ങള്‍, സിനിമ, സാഹിത്യാദി കാര്യങ്ങളില്‍ ശോഭിക്കാനവസരം, നൃത്തസംഗീതരംഗത്തുള്ളവര്‍ക്ക് പ്രശസ്തി, അധ്യാപനരംഗത്തുള്ളവര്‍ക്ക് ശോഭിക്കാന്‍ അവസരം എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്.

വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട

ഈശ്വരാധീനക്കുറവുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിച്ച് പ്രവര്‍ത്തിക്കേണ്ട കാലമാണിത്. അന്യരുടെ വാക്കുകളില്‍ മയങ്ങിവീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. നിശ്ചയദാര്‍ഢ്യവും മനോധൈര്യവും വഴി ഉദ്ദിഷ്ടകാര്യസിദ്ധിക്ക് യോഗമുണ്ട്.

മൂലം, പൂരാടം, ഉത്രാടം 1-ാം പാദം

ഈ നക്ഷത്രക്കാര്‍ക്ക് കണ്ടകശ്ശനി തടസ്സങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ഈശ്വരാധീനമുള്ളതിനാല്‍ പൊതുവെ നല്ല കാലമാണ്. വിവാഹാദിമംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കാനും നൂതനസംരംഭങ്ങള്‍ക്ക് ആരംഭം കുറിക്കാനും ഈ സമയത്ത് സാധ്യതയുണ്ട്. അദ്ധ്യാപന ഗവേഷണ മേഖലയിലുള്ളവര്‍ക്ക് ഗുണകരമാണ്.

ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍

ഇവര്‍ക്ക് ഗുണദോഷമിശ്രഫലമാണെങ്കിലും ശനി 3-ല്‍ നില്‍ക്കുന്നതുകൊണ്ട് സ്ഥാനമാനപ്രാപ്തിക്ക് യോഗം കാണിക്കുന്നുണ്ട്. ആലോചിച്ച് പ്രവര്‍ത്തിച്ചാല്‍ എല്ലാം എത്തിപ്പിടിക്കാവുന്ന സമയമാണിത്. അനാവശ്യ ചെലവുകള്‍ ശ്രദ്ധിക്കണം എന്നുമാത്രം.

weekly horoscope
രോഗങ്ങളെയും ചികിത്സാ ഫലത്തെയും മുന്‍കൂട്ടി അറിയാം; ആരോഗ്യവും ജ്യോതിഷവും

അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍

ഏറ്റവും നല്ല സമയമാണിത്. വിചാരിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം വിജയകരമായ പരിസമാപ്തിയുണ്ടാവുന്ന സമയമാണിത്. അദ്ധ്യാപക, വിദ്യാര്‍ത്ഥി, ഗവേഷണ, സാഹിത്യാദി മേഖലകളിലുള്ളവര്‍ക്കെല്ലാം ഇക്കാലം ഗുണപ്രദമാണ്. നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലുണ്ട്.

പൂരോരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി

ഏഴരശ്ശനിയുടെ ദോഷങ്ങള്‍ അലസത കൂട്ടുമെങ്കിലും ഈശ്വരാധീനം ഉള്ളതിനാല്‍ പൊതുവെ നല്ല കാലമാണ്. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിക്കും മനഃസന്തോഷത്തിനും സാധ്യതയുണ്ട്. കൃഷി കാര്യങ്ങളില്‍ ഗുണഫലമനുഭവിക്കാന്‍ സാധ്യതയുള്ള കാലമാണ്.

Summary

Weekly horoscope and Astrology prediction for sept 8 to 14

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com