

സംസ്ഥാനത്തെ പട്ടികവർഗ ഭൂരിപക്ഷ മേഖലകളിലെ സർക്കാർ, എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ നടപ്പാക്കുന്ന ‘ഗോത്ര ബന്ധു’ പദ്ധതിയുടെ ഭാഗമായി 2026-27 അധ്യയന വർഷത്തേക്ക് മെന്റർ ടീച്ചർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വയനാട് ജില്ലയിൽ 241, പാലക്കാട് അട്ടപ്പാടി ബ്ലോക്കിൽ 26, പാലക്കാട് (അട്ടപ്പാടി ഒഴികെ) 30, മലപ്പുറം 29 എന്നിങ്ങനെ ആകെ 326 ഒഴിവുകളാണുള്ളത്.
ഉദ്യോഗാർഥികൾ സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുഖ്യ പിന്നോക്ക പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പണിയ, അടിയ, ഊരാളി, ഇരുളർ, മുഡുഗർ വിഭാഗങ്ങൾക്കും പ്രത്യേക ദുർബല പട്ടികവർഗ വിഭാഗങ്ങൾക്കും (PVTG) മുൻഗണന ലഭിക്കും. യോഗ്യരായവർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രമേ മറ്റ് പട്ടികവർഗ വിഭാഗങ്ങളെ പരിഗണിക്കൂ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദ്യാർഥികളുടെ ഭാഷ, ജീവിതരീതി, സംസ്കാരം എന്നിവയെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം.
ടിടിസി അല്ലെങ്കിൽ ഡി.ഇഡ് യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും. അത്തരം ഉദ്യോഗാർഥികൾ ലഭ്യമല്ലെങ്കിൽ ഡി.ഇഡ് കോഴ്സ് പൂർത്തിയാക്കിയവർ, ബി.ഇഡ്. യോഗ്യതയുള്ളവർ, MGLC-കളിൽ അധ്യാപന പരിചയമുള്ളവർ, പ്ലസ് ടു പാസായവർ എന്നിവരെയും പരിഗണിക്കും. തനത് ഭാഷ, സംസ്കാരം, കലാരൂപങ്ങൾ എന്നിവയിലുള്ള പ്രാവീണ്യവും സാക്ഷരതാ പരിപാടികളിലോ സർവേകളിലോ ഉള്ള പരിചയവും അധിക യോഗ്യതയായി കണക്കാക്കും.
ഉദ്യോഗാർഥികൾ സ്കൂൾ സ്ഥിതി ചെയ്യുന്ന ഊരിലോ സമീപ പ്രദേശങ്ങളിലോ താമസിക്കുന്നവരായിരിക്കണം. പ്രായം, സമുദായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂൺ 23 വൈകുന്നേരം 5 മണിക്കകം ബന്ധപ്പെട്ട പ്രോജക്ട് ഓഫീസറുടെയോ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസറുടെയോ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2304594, 2303229 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates