

വിദേശത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കായി കേന്ദ സർക്കാർ നൽകുന്ന നാഷണൽ ഓവർസീസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പട്ടികജാതി, നാടോടിഗോത്ര, ഭൂരഹിത കർഷകത്തൊഴിലാളി, പരമ്പരാഗത കരകൗശല കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് വിദേശത്ത് പിജി, പിഎച്ച്ഡി പഠനത്തിനുള്ള സ്കോളർഷിപ്പാണിത്. ഈ വർഷത്തെ ആദ്യ റൗണ്ട് അപേക്ഷ ജൂൺ 2 വരെ സമർപ്പിക്കാം.
വിദേശ സർവ്വകലാശാലകളിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ പിഎച്ച്.ഡി കോഴ്‌സുകൾക്ക് പ്രവേശനം ലഭിച്ചവർക്കോ അല്ലെങ്കിൽ അപേക്ഷിച്ചവർക്കോ മാത്രമേ ഈ സ്കോളർഷിപ്പ് ലഭിക്കൂ. ആഗോളതലത്തിൽ ആദ്യത്തെ 500 റാങ്കിനുള്ളിൽ (QS World University Rankings) വരുന്ന വിദേശ സർവ്വകലാശാലകളിൽ നിന്ന് അൺകണ്ടീഷണൽ ഓഫർ ലെറ്റർ ലഭിച്ചവർക്ക് സെലക്ഷനിൽ മുൻഗണന ലഭിക്കും.
അപേക്ഷകർക്ക് 2026 ഏപ്രിൽ 1നു നിലവിൽ 35 വയസ്സ് കവിയരുത്. കൂടാതെ കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ അധികമാകരുത്. അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ട വരുമാന സർട്ടിഫിക്കറ്റ് തഹസിൽദാർ അല്ലെങ്കിൽ അതിന് മുകളിലുള്ള റവന്യൂ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയതായിരിക്കണം.
ഒരു വർഷം 125 പേർക്കാണ് സർക്കാർ സ്കോളർഷിപ് നൽകുന്നത്. ഇതിൽ ഇതിൽ 30% പെൺകുട്ടികൾക്ക് വേണ്ടി സംവരണം ചെയ്തിരിക്കുന്നതാണ്. പിജിക്കു പരമാവധി മൂന്നു വർഷവും പിഎച്ച്ഡിക്കു നാലു വർഷവുമാണ് സ്കോളർഷിപ് ലഭിക്കുക. വിദേശത്ത് ഏത് വിഷയത്തിലും പഠനം നടത്താം.
എന്നാൽ ഇന്ത്യൻ സംസ്‌കാരം, പൈതൃകം, ചരിത്രം, ഇന്ത്യയുമായി ബന്ധപ്പെട്ട സോഷ്യൽ സ്റ്റഡീസ് എന്നിവയിലെ ഗവേഷണങ്ങൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കില്ല.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസ് മുഴുവനും,വിദേശത്ത് പഠനകാലത്തെ വാർഷിക താമസ അലവൻസ് (14.8 ലക്ഷം രൂപ), ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റ്, വിസ ഫീസ്, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം എന്നിവ ലഭിക്കും. കൂടാതെ പുസ്തകങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി പ്രത്യേക അലവൻസും അനുവദിക്കും.
അപേക്ഷകൾ സമർപ്പിക്കാൻ ആയി www.nosmsje.gov.in സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates