

വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിക്കാനായി കേന്ദ്ര സർക്കാർ സമഗ്ര ഡാറ്റാബേസ് തയ്യാറാക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നടപടി. പ്രതിസന്ധിഘട്ടങ്ങളിൽ ഇന്ത്യൻ വിദ്യാർഥികളെ സഹായിക്കാൻ ഈ ഡാറ്റാബേസ് സഹായകരമാകും എന്നാണ് വിലയിരുത്തൽ. വിവിധ രാജ്യങ്ങളിലുള്ള വിദ്യാർഥികൾ അവരുടെ വിവരങ്ങൾ ഇന്ത്യൻ എംബസികളിലും ഹൈക്കമ്മീഷനുകളിലും രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പത്ത് ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ വിദേശത്ത് പഠിക്കുന്നതായാണ് കണക്കുകൾ പറയുന്നത്. ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നിലവിൽ സർക്കാരിന്റെ കയ്യിലില്ല. വിവിധ രാജ്യങ്ങൾ വർഷാവസാനം പുറത്തുവിടുന്ന സ്റ്റുഡന്റ് വിസ കണക്കുകളും ഇന്ത്യൻ മിഷനുകൾ ശേഖരിക്കുന്ന വിവരങ്ങളും ആശ്രയിച്ചാണ് നിലവിലെ കണക്ക് തയ്യാറാക്കുന്നത്. വിദേശ പഠനത്തിനായി കൂടുതൽ വിദ്യാർഥികൾ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത് വർധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ യുദ്ധമോ സംഘർഷമോ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും ഒഴിപ്പിക്കൽ നടപടികളും കൂടുതൽ കാര്യക്ഷമമാക്കാൻ വിശദമായ ഡാറ്റാബേസ് ആവശ്യമാണ്. അതിനാൽ ഡാറ്റാബേസ് തയ്യാറാക്കാൻ വിദ്യാർഥികൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വിദേശത്തേക്ക് പഠിക്കാനോ ജോലിക്കോ പോകുന്ന ഇന്ത്യൻ പൗരന്മാർക്കായി ഒരു നിർബന്ധിത രജിസ്ട്രേഷൻ സംവിധാനം നിലവിലില്ല. എന്നാൽ 2015-ൽ ആരംഭിച്ച 'മദദ് പോർട്ടൽ' (madad portal) എന്ന പോർട്ടലിൽ സ്വമേധയാ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്. എന്നാൽ ഇതുവരെ ഈ സംവിധാനത്തിൽ ഏകദേശം 41,000 വിദ്യാർഥികൾ മാത്രമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനെ തുടർന്നാണ് വിവരങ്ങൾ ശേഖരിക്കാൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്.
അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് പുറമെ വിദ്യാർഥികൾ നേരിടുന്ന ഭാഷാ പ്രശ്നങ്ങൾ, പ്രാദേശിക നിയമങ്ങൾ, രേഖാ പ്രശ്നങ്ങൾ എന്നിവയ്ക്ക് കൂടി സഹായം നൽകുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.
അമേരിക്ക, ചൈന, മലേഷ്യ, ജർമനി, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കൂടുതലായതിനാൽ ഈ രാജ്യങ്ങളിൽ ബോധവത്കരണ ക്യാമ്പെയ്ൻ കൂടുതൽ സംഘടിപ്പിക്കാനാണ് സർക്കാർ നീക്കം. സെപ്റ്റംബർ സെമസ്റ്റർ ആരംഭിക്കുന്നതിന് മുമ്പ് ഡാറ്റാബേസ് തയ്യാറാക്കാനാണ് നീക്കം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates